
28ാമത് ഐ.എഫ്.എഫ്.കെയിലെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് വിഖ്യാത പോളിഷ് സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ ക്രിസ്റ്റോഫ് സനൂസിക്ക് സമ്മാനിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പത്തുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. യൂറോപ്യന്‍ സിനിമയിലെ അതികായനായ സനൂസിയുടെ ആറ് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. പെര്‍ഫക്റ്റ് നമ്പര്‍, ദ ഇല്യുമിനേഷന്‍, ദ കോണ്‍ട്രാക്റ്റ്, ദ സ്പൈറല്‍, ഫോറിന്‍ ബോഡി, എ ഇയര്‍ ഓഫ് ദ ക്വയറ്റ് സണ്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 15ന് നിശാഗന്ധിയില്‍ നടക്കുന്ന മേളയുടെ സമാപനച്ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും
ജീവിതം, മരണം, വിശ്വാസം, ധാര്‍മ്മികത, സ്വാതന്ത്ര്യം, അസ്തിത്വം, വാര്‍ധക്യം എന്നിവയെ സംബന്ധിച്ച ആകുലതകളും ഉത്കണ്ഠകളും പങ്കുവെക്കുന്നവയാണ് സനൂസിയുടെ ചിത്രങ്ങള്‍. 1939ല്‍ വാഴ്സയില്‍ ജനിച്ച സനൂസി പോളണ്ടിലെ ലോഡ്സിലെ നാഷണല്‍ ഫിലിം സ്‌കൂളില്‍ നിന്ന് ബിരുദം നേടി. 1966ല്‍ സംവിധാനം ചെയ്ത ഡെത്ത് ഓഫ് എ പ്രോവിന്‍ഷ്യല്‍ അദ്ദേഹത്തിന്റെ ഡിപ്ളോമ ഫിലിം ആയിരുന്നു. വിശുദ്ധി, അശുദ്ധി, യൗവനം, വാര്‍ധക്യം, ജീവിതം, മരണം എന്നീ പ്രമേയങ്ങളിലൂടെ കടന്നുപോവുന്ന ഈ ഹ്രസ്വചിത്രം അദ്ദേഹത്തിന്റെ പില്‍ക്കാല ചലച്ചിത്രജീവിതത്തിന്റെ ദിശാസൂചിയായി. ആദ്യമായി സംവിധാനം ചെയ്ത ഫീച്ചര്‍ ഫിലിം 'ദ സ്ട്രക്ചര്‍ ഓഫ് ക്രിസ്റ്റല്‍' പോളിഷ് സിനിമയിലെ മൂന്നാംതരംഗത്തിലെ സുപ്രധാന ചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. എഴുപതുകളിലാണ് സനൂസിയുടെ ചലച്ചിത്രജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങള്‍ പിറവി കൊണ്ടത്. ദ ഇല്യുമിനിഷേന്‍ (1973), കമോഫ്ളാഷ് (1976), ഫാമിലി ലൈഫ് (1970), സ്പൈറല്‍ (1978) എന്നിവ ഇതില്‍പ്പെടുന്നു. 'ലൈഫ് ഈസ് എ ഫാറ്റല്‍ സെക്ഷ്വലി ട്രാന്‍സ്മിറ്റഡ് ഡിസീസ് (1999), ഫോറിന്‍ ബോഡി (2014), എഥര്‍ (2018), ദ പെര്‍ഫക്റ്റ് നമ്പര്‍ (2022) എന്നിവയാണ് അദ്ദേഹത്തിന്റെ സമീപകാല ചിത്രങ്ങള്‍.
1984ലെ വെനീസ് മേളയില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം നേടിയ ചിത്രമാണ് 'എ ഇയര്‍ ഓഫ് ദ ക്വയറ്റ് സണ്‍'. 'ദ കോണ്‍സ്റ്റന്റ് ഫാക്ടര്‍' കാന്‍ ചലച്ചിത്രമേളയില്‍ പ്രത്യേകജൂറി പുരസ്‌കാരം നേടിയിട്ടുണ്ട്. തന്റെ സുഹൃത്തായ വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് കീസ്ലോവ്സ്‌കിയുടെ 'ക്യാമറ ബഫ്' എന്ന സിനിമയില്‍ താനായി തന്നെ സനൂസി വേഷമിട്ടിരുന്നു. 1980കളുടെ ഒടുവില്‍ സ്വീഡിഷ് സംവിധായകന്‍ ഇംഗ്മര്‍ ബെര്‍ഗ്മാനുമായി ചേര്‍ന്ന് സനൂസി യൂറോപ്യന്‍ ഫിലിം അക്കാദമി സ്ഥാപിച്ചു. ചലച്ചിത്രാധ്യാപകന്‍ കൂടിയായ സനൂസി ഇപ്പോള്‍ സ്വിറ്റ്സര്‍ലന്റിലെ യൂറോപ്യന്‍ ഗ്രാജ്വേറ്റ് സ്‌കൂള്‍, പോളണ്ടിലെ ക്രിസ്റ്റോഫ് കീസ്ലോവ്സ്‌കി ഫിലിം സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രൊഫസറാണ്. 1998ല്‍ നടന്ന ഐ.എഫ്.എഫ്.കെയില്‍ സനൂസി പങ്കെടുത്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ