തമിഴില്‍ ഈ വര്‍ഷം ഏറ്റവും വലിയ ഹൈപ്പുമായി വന്ന ചിത്രം

കേരളത്തില്‍ ആരാധകരുള്ള ഒട്ടേറെ തമിഴ് താരങ്ങളുണ്ട്. എന്നാല്‍ അവരില്‍ ഏറ്റവും ആരാധകരുള്ളത് ആര്‍ക്ക് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ. ദളപതി വിജയ് എന്നാണ് ആ ഉത്തരം. റിലീസ് ദിനത്തില്‍ ഒരു വിജയ് ചിത്രത്തിന് ലഭിക്കുന്ന വരവേല്‍പ്പ് മലയാളത്തില്‍ നിന്നുള്ള സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പോലും ലഭിക്കാറില്ല എന്നതാണ് സത്യം. വിജയ്‍യുടെ കരിയറിലെ ഏറ്റവും വലിയ ഹൈപ്പുമായി എത്തിയ ലിയോ കേരളത്തില്‍ സൃഷ്ടിച്ച ഓളം ചില്ലറയായിരുന്നില്ല.

റിലീസ് തലേന്ന് തിയറ്ററുകളിലെ ഡിജെ പാര്‍ട്ടികളും പുലര്‍ച്ചെയുള്ള റിലീസുമൊന്നും തമിഴ്നാട്ടില്‍ സാധ്യമല്ലാതെയിരുന്നപ്പോള്‍ കേരളത്തില്‍ അതെല്ലാം ഉണ്ടായിരുന്നു. പുലര്‍ച്ചെ നാലിനാണ് ലിയോയുടെ റിലീസ് നടന്നത്. കേരളത്തിലെ ഇതുവരെയുള്ള എല്ലാ ഓപണിംഗ് റെക്കോര്‍ഡുകളും തകര്‍ക്കുന്നതായിരുന്നു ലിയോയുടെ ഇവിടുത്ത ആദ്യദിന കളക്ഷന്‍. മലയാള സിനിമകള്‍ക്ക് പോലും ലഭിക്കാത്ത തരത്തിലുള്ള കളക്ഷന്‍, 12 കോടിയാണ് കേരളത്തില്‍ റിലീസ് ദിനത്തില്‍ ലിയോ സ്വന്തമാക്കിയത്. കേരളത്തിലെ ഏറ്റവും വലിയ തമിഴ് ഹിറ്റ് എന്ന റെക്കോര്‍ഡ് നവംബര്‍ 4 ന് ജയിലറിനെ പിന്നിലാക്കി ലിയോ നേടിയിരുന്നു. ഇപ്പോഴിതാ കേരളത്തിലെ കളക്ഷനില്‍ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് ചിത്രം.

34 ദിവസം കൊണ്ട് സംസ്ഥാനത്തുനിന്ന് ചിത്രം നേടിയത് 60 കോടിയാണ്! ആദ്യമായാണ് ഒരു തമിഴ് ചിത്രം കേരളത്തില്‍ നിന്ന് 60 കോടി കളക്ഷന്‍ നേടുന്നത്. 41 ലക്ഷത്തോളം ടിക്കറ്റുകള്‍ ചിത്രത്തിന്‍റേതായി കേരളത്തില്‍ വിറ്റുപോയതായാണ് കണക്കുകള്‍. അതേസമയം ചിത്രത്തിന്‍റെ ഒടിടി റിലീസ് നെറ്റ്ഫ്ലിക്സിലൂടെ 24 ന് ആണ്. ഇന്ത്യയൊഴികെ മറ്റിടങ്ങളില്‍ 28 നും ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. നിലവില്‍ കേരളത്തിലെ പ്രധാന സെന്‍ററുകളില്‍ ലിമിറ്റഡ് ഷോസ് മാത്രമാണ് ലിയോയ്ക്ക് ഉള്ളത്. അതിനാല്‍ 60 കോടിയില്‍ നിന്ന് കളക്ഷന്‍ മുകളിലേക്ക് പോവാനുള്ള സാധ്യത തൂരെ കുറവാണ്. തമിഴില്‍ നിന്ന് വരാനിരിക്കുന്ന വലിയ ചിത്രങ്ങള്‍ക്കൊക്കെ കേരളത്തില്‍ നിന്ന് ലക്ഷ്യമാക്കേണ്ട കളക്ഷന്‍ മാറ്റിനിര്‍വചിച്ചിരിക്കുകയാണ് വിജയ് ചിത്രം.

ALSO READ : 'വിനായകനെ ഞാന്‍ അങ്ങനെയല്ല കണ്ടത്'; 'ജയിലറി'ലെ കഥാപാത്രവുമായുള്ള വ്യത്യാസമെന്തെന്ന് ഗൗതം വസുദേവ് മേനോന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം