
സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ വാസന്തിക്കെതിര പ്രമുഖ തമിഴ് സാഹിത്യകാരൻ ഇന്ദിര പാർത്ഥസാരഥി. തന്റെ നാടകത്തിന്റെ പ്രമേയമുൾക്കൊണ്ട് സിനിമ ഒരുക്കിയപ്പോൾ അനുവാദം തേടിയിരുന്നില്ലെന്ന് ഇന്ദിര പാർത്ഥസാരഥി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. നാടകവുമായി സാമ്യമുള്ള ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള പുരസ്‍കാരം നൽകിയതിനെതിരയെും വിമർശനങ്ങൾ ഉയരുന്നുണ്ട്.
ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പട്ടിക പുറത്തുവന്നപ്പോൾ ഏറെ ശ്രദ്ധനേടിയ ചിത്രമായിരുന്നു റഹ്മാൻ സഹോദരങ്ങൾ ഒരുക്കിയ വാസന്തി. അതുവരെ ഫ്രെയിമില്ലാതിരുന്ന ചിത്രം മികച്ച ചിത്രത്തിനും തിരക്കഥയ്ക്കും സ്വഭാവ നടിക്കുമൊക്കെ അവാർഡ് നേടി. പ്രമുഖ തമിഴ് നാടകമായ പോർവൈ ചാർത്തിയ ഉടൽകളിന്റെ പ്രമേയവുമായി ചിത്രത്തിന് ഏറെ സാമ്യമുണ്ടെന്ന് അവാർഡ് പ്രഖ്യാപന സമയത്ത് തന്നെ വിവാദമുയർന്നിരുന്നു. വിവാദങ്ങളോട് പ്രതികരിക്കുകയാണ് പോർവൈ ചാർത്തിയ ഉടൽകളിന്റെ സൃഷ്‍ടാവായ ഇന്ദിര പാർത്ഥസാരഥി. തന്റെ നാടകത്തിലെ കേന്ദ്രകഥാപാത്രമാണ് വാസന്തിയെന്നും നാടകത്തിന്റെ പ്രമേയം സിനിമയാക്കുന്നതിന് മുമ്പ് അനുവാദേ തേടാമായിരുന്നുവെന്നുമാണ് ഇന്ദിര പാർത്ഥസാരഥി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. 92കാരനായ ഇന്ദിര പാർത്ഥസാരഥി പരസ്യപ്രതികരണത്തിന് ഇല്ല. ബാക്കി നടപടികൾ എന്ത് വേണമെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാടകത്തിന്റെയും സിനിമയുടെയും കഥ വ്യത്യസ്‍തമാണെന്നാണും നാടകത്തിൽ നിന്ന് പ്രചോദനം മാത്രമാണ് ഉൾക്കൊണ്ടതെന്നുമാണ് റഹ്മാൻ ബ്രദേഴ്‍സിന്റെ പ്രതികരണം. ഇത് ചിത്രത്തിന്റെ എൻഡ് ക്രെഡിറ്റ്സിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും ഇവർപറയുന്നു.
പക്ഷെ മറ്റൊരു സൃഷ്‍ടിയുമായി സാമ്യമുള്ള ചിത്രത്തെ, മികച്ച അവലംബിത തിരക്കഥാ വിഭാഗത്തിലായിരുന്നു പരിഗണിക്കേണ്ടിയിരുന്നത് എന്ന് സിനിമാ മേഖലയിൽ നിന്ന് തന്നെ വിമർശനമുയരുന്നുണ്ട്. എന്നാൽ സ്വന്തം സൃഷ്ടിയാണെന്ന റഹ്‍മാൻ ബ്രദേഴ്‍സ്സത്യവാങ്മൂലം നൽകിയിരുന്നുവെന്നും നാടകവുമായുള്ള സാമ്യം ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നുമാണ് ജൂറിയുടെയും ചലച്ചിത്ര അക്കാദമിയുടെയും വിശദീകരണം. പരാതി കിട്ടിയാൽ മാത്രമേ ഇടപെടാനാകൂ എന്നും അക്കാദമി ചെയർമാൻ ഏഷ്യാനെറ്റ് ന്യുസിനോട് പ്രതികരിച്ചു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ