
മുംബൈ: വിമാനത്തിൽ വെച്ച് പരിക്ക് പറ്റിയെന്നുള്ള ആരോപണവുമായി സ്റ്റാൻഡ് അപ്പ് കോമഡി ചെയ്യുന്ന ഇൻഫ്ലുവൻസര്‍ ആഞ്ചൽ അഗർവാൾ. സെപ്റ്റംബർ 21നാണ് നടി തന്‍റെ ദുരനുഭവം എക്‌സിൽ പങ്കുവെച്ചത്. ദില്ലിയിലെ ടി3 ടെർമിനലിലെ ഇൻഡിഗോ ചെക്ക്-ഇൻ ജീവനക്കാരനായ അജാജ് ഖാനെ അഭിനന്ദിച്ചുകൊണ്ടാണ് അവർ ആദ്യ പോസ്റ്റ് പങ്കുവെച്ചത്. "ഹായ് @IndiGo6E, നിങ്ങളുടെ ചെക്ക്-ഇൻ കൗണ്ടർ ജീവനക്കാരനായ അജാജ് ഖാന് വേണ്ടിയുള്ള ഒരു അഭിനന്ദന ട്വീറ്റാണിത്. ഇന്ന് ടി3 ന്യൂഡൽഹിയിൽ വെച്ച് അദ്ദേഹം എന്നോട് വളരെ ദയയും സഹാനുഭൂതിയും കാണിച്ചു. ഞാൻ വളരെ വിഷമത്തോടെയാണ് കൗണ്ടറിലെത്തിയത്. അദ്ദേഹം വളരെ നല്ല രീതിയിൽ പെരുമാറി. കൂടാതെ, എന്റെ ജോലി നന്നായി നടക്കാൻ പ്രാർത്ഥിക്കുമെന്ന് പറഞ്ഞ് എന്നെ സമാധാനിപ്പിച്ചു. എനിക്കെന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, പക്ഷേ ആ നിമിഷത്തിൽ ഞാൻ പറയുന്നത് കേൾക്കാനും മനസ്സിലാക്കാനും ഒരാളുണ്ടെന്ന് എനിക്ക് തോന്നി."
ഒരു മിനിറ്റിനുള്ളിൽ ഒരു പുതിയ വ്യക്തിയെ കാണുന്ന ഒരാളിൽ നിന്ന് ഇങ്ങനെയൊരു പെരുമാറ്റം ലഭിക്കുന്നത് അപൂർവമാണെന്ന് ആഞ്ചൽ കുറിച്ചു. ഇത് എയർലൈനിന് നല്ല പ്രതിച്ഛായ നേടി കൊടുത്തു. എന്നാൽ, 24 മണിക്കൂറിനുള്ളിൽ അവര്‍ വിമാന കമ്പനിയെ കടുത്ത രീതിയില്‍ വിമര്‍ശിച്ച് പോസ്റ്റ് പങ്കുവെച്ചു. "സുഹൃത്തുക്കളെ, ഇൻഡിഗോയെ ഒരിക്കലും അഭിനന്ദിക്കരുത്, കാരണം അത് ദോഷം ചെയ്യും. ഞാൻ പ്രത്യേകം പണം നൽകി ബുക്ക് ചെയ്ത സീറ്റിന്റെ ട്രേ ടേബിൾ തകർന്നിരുന്നു. കൂടാതെ, മറ്റൊരു യാത്രക്കാരി മുകളിലെ കമ്പാർട്ട്മെന്‍റിൽ നിന്ന് ലഗേജ് എന്‍റെ തലയിൽ ഇട്ടതുകൊണ്ട് എന്‍റെ തലയ്ക്കും പരിക്കേറ്റു. എനിക്ക് ഗുരുതരമായി പരിക്കേറ്റിട്ടും ഇൻഡിഗോയുടെ പക്കൽ ഒരു ഐസ് പാക്ക് പോലും ഇല്ലായിരുന്നു. അവർ എനിക്ക് ചൂടുവെള്ളമുള്ള ഒരു കുപ്പി തന്നു, അതും എന്‍റെ ദേഹത്തേക്ക് വീണു. ഞാൻ ഇനി ഇൻഡിഗോയെക്കുറിച്ച് നല്ലതൊന്നും പറയില്ല."
എയർലൈനിനെ അഭിനന്ദിച്ചതിന് തൊട്ടുപിന്നാലെ ആഞ്ചലിന്‍റെ വിമർശനം വൈറലായി. പക്ഷേ, അവർ പ്രതീക്ഷിച്ച രീതിയിലായിരുന്നില്ല എന്ന് മാത്രം. മറ്റൊരാളുടെ അശ്രദ്ധ കാരണം സംഭവിച്ച അപകടത്തിന് ഇൻഡിഗോയെ അന്യായമായി കുറ്റപ്പെടുത്തുകയാണെന്ന് പല ഉപയോക്താക്കളും പറഞ്ഞു. "പക്ഷേ, അത് ഇൻഡിഗോയുടെ തെറ്റല്ലല്ലോ? ലഗേജ് നിങ്ങളുടെ തലയിൽ ഇട്ട ആളാണ് ഇതിന് ഉത്തരവാദി. ഒരു ഐസ് പാക്ക് ഇല്ലാത്തതിൽ മാത്രമാണ് എയർലൈനെ കുറ്റപ്പെടുത്താൻ സാധിക്കുന്നത്" - കമന്‍റുകൾ ഇങ്ങനെ പോകുന്നു. ആഞ്ചൽ അഗർവാളിന്‍റെ പോസ്റ്റിനോട് ഇൻഡിഗോ ഇതുവരെ പ്രതികരിച്ചിട്ടില്ല.