
ടെലിവിഷൻ അവതാരകൻ, വ്ളോഗർ എന്നീ നിലകളിലെല്ലാം പ്രശസ്‍തനായ ആളാണ് കാർത്തിക് സൂര്യ. അവതരണം കൊണ്ടും സംസാര രീതി കൊണ്ടും വളരെ പെട്ടന്ന് സോഷ്യല്‍ മീഡിയ കീഴടക്കാന്‍ കാർത്തിക്കിന് സാധിച്ചിട്ടുണ്ട്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം. അമ്മാവന്റെ മകൾ വർഷയാണ് കാർത്തിക്കിന്റെ ഭാര്യ. കാർത്തിക്കിന്റെ ഒഫീഷ്യൽ യുട്യൂബ് ചാനൽ വഴി വിവാഹം ലൈവ് സ്ട്രീമിങ്ങും നടത്തിയിരുന്നു. വിവാഹ ശേഷം ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും ഭാര്യ വർഷയെക്കുറിച്ചുമൊക്കെയാണ് കാർത്തിക് പുതിയ വീഡിയോയിൽ സംസാരിക്കുന്നത്. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു താരം.
''വർഷ വന്നതിനു ശേഷം എപ്പോളും കൂട്ടിന് ഒരു ആളായി. അതാണ് പ്രധാനമാറ്റം. ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു, ചെറിയ ചെറിയ കാര്യങ്ങളിൽ പോലും മാറ്റം സംഭവിച്ചു. പിന്നെ വൃത്തിയുടെ കാര്യത്തിലൊക്കെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. കൂടുതൽ ഉത്തരവാദിത്വങ്ങൾ വന്നു. ബിഎസ്‍സി ബോട്ടണി ആണ് വർഷ പഠിച്ചത്. വർഷയ്ക്ക് താത്പര്യം ആണെങ്കിൽ ജോലിക്ക് പോകും അതൊക്കെ അവളുടെ ഇഷ്ടമാണ്. അവൾക്ക് പോകണം എങ്കിൽ പോകാം. ഇല്ലെങ്കിൽ വേണ്ട'', കാർത്തിക് സൂര്യ പറഞ്ഞു.
''കാർത്തിക് സൂര്യ റൊമാന്റിക് അല്ലേ എന്ന ചോദ്യത്തോടും താരം പ്രതികരിച്ചു. ഞാൻ റൊമാന്റിക് ആകുന്നതൊക്കെ എന്തിനാണ് ഷൂട്ട് ചെയ്യുന്നത്. വളരെ ഇന്റിമേറ്റ് ആയിട്ടുള്ള നമ്മുടെ പേഴ്സണൽ ലൈഫ് വീഡിയോയിൽ കാണിക്കാൻ എനിക്ക് താത്പര്യമില്ല. അതുകൊണ്ടാണ് എന്റെ വ്ളോഗുകളിൽ കൂടുതലും ഫുഡ് എക്സ്പ്ലോർ ചെയ്യുന്നതും കൂട്ടുകാരുമായി സംസാരിക്കുന്നതുമൊക്കെ കാണിക്കുന്നത്. അതാകുമ്പോൾ കാണുന്നവർക്കും ഉപകാരപ്പെടും.
പേഴ്സണൽ ലൈഫ് ഞാൻ പങ്കുവെച്ചാൽ തന്നെ ചിലർ അത് മോശം രീതിയിൽ ആക്കും. പേഴ്സണൽ കാര്യങ്ങൾ വീഡിയോയിൽ കാണിച്ചില്ലെന്ന് കരുതി സ്നേഹം ഇല്ലെന്നോ റൊമാന്റിക് അല്ലെന്നോ അല്ല'', കാർത്തിക് സൂര്യ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക