
72ന്റെ നിറവിൽ നിൽക്കുന്ന മമ്മൂട്ടിയ്ക്ക് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. പലരും അദ്ദേഹത്തോടുള്ള സ്നേഹം പങ്കുവച്ചുള്ള വീഡിയോകളും ഹൃദ്യമായ കുറിപ്പുകളും പങ്കുവയ്ക്കുകയാണ്. ഇക്കൂട്ടത്തിൽ ശ്രദ്ധനേടുകയാണ് നടൻ ഇർഷാദ് അലിയുടെ വികാരനിർഭരമായ കുറിപ്പ്. നിറക്കൂട്ട് എന്ന മമ്മൂട്ടി ചിത്രം റിലീസ് ആയ വേളയിൽ നടന്ന സംഭവം വിവരിച്ച് കൊണ്ടാണ് ഇർഷാദിന്റെ വാക്കുകൾ. തന്റെ ഉപ്പ മരിച്ച സമയം ആയിരുന്നു അതെന്നും എന്നാൽ നാൽപ്പത് തികയും മുൻപ് മമ്മൂട്ടിയെ കാണാൻ മരണ വീട്ടിൽ നിന്നും ചാടിപ്പോയ ഒൻപതാം ക്ലാസുകാരനാണ് താനെന്നും ഇർഷാദ് കുറിക്കുന്നു.
ഇർഷാദ് അലി പറയുന്നത്
ഉപ്പ മരിച്ച ഓർമ്മ പോലും ഒരു സിനിമാക്കഥയായാണ് എപ്പോഴും തികട്ടി വരിക. പൂവച്ചൽ ഖാദറിന്റെ ‘പൂമാനമേ ഒരു രാഗമേഘം താ’ എന്ന പാട്ട് കേൾക്കുമ്പോൾ എനിക്കതോർമ്മ വരും. അക്കൊല്ലത്തെ ഏറ്റവും വലിയ ഹിറ്റ് പടമായിരുന്നു. ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ജോഷിയെടുത്ത മമ്മൂക്കയുടെ ‘നിറക്കൂട്ട് ’.അന്നത്തെ എന്റെ ഭ്രാന്തുകളിൽ ഒന്നാമതാണ് മമ്മൂക്ക. ഫാനെന്നൊന്നും പറഞ്ഞാൽ പോര, മമ്മൂട്ടി എന്റെ രക്തത്തിൽ അലിഞ്ഞ കാലമാണത്. ഉപ്പ മരിച്ചതൊന്നും ജൂബിലി പ്രോഡക്ഷൻസിനു അറിഞ്ഞു കൂടല്ലോ. നിറക്കൂട്ട് റിലീസായി, നാൽപ്പത് കഴിയാതെ എങ്ങോട്ടും തിരിയാൻ പറ്റില്ല. മകനാണ്, നാൽപ്പത് വലിയ ചടങ്ങാണ്. എത്ര സ്വയം പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിട്ടും മമ്മൂക്ക ഉള്ളിൽ നിന്ന് വിളിച്ചുകൊണ്ടേയിരുന്നു,‘ നിനക്കെന്നെ കാണണ്ടേ? ഒന്ന് വന്നേച്ചും പോടാ. ഉപ്പയ്ക് അതൊക്കെ മനസിലാവും ’. നാൽപ്പത് വിളിക്കാൻ കുടുംബ വീടുകളിൽ പോകണം. മുതിർന്നവർ ഉണ്ടെങ്കിലും, ചില സ്ഥലങ്ങളിൽ പറയാനുള്ള ജോലി വാശിപിടിച്ചു വാങ്ങി പുറത്ത് ചാടി. അങ്ങനെ പോയാണ് നിറക്കൂട്ട് കാണുന്നത്.
വയലൻസ് ഇത്തിരി കൂടുതലാണ്, വിനായകനെ അഭിനന്ദിക്കുന്നു: ജയിലർ കണ്ട് ചാണ്ടി ഉമ്മൻ
ഒരുപാടു കൊല്ലങ്ങൾക്കിപ്പുറം ഉമ്മ മരിച്ച ദിവസം ഞാനതൊക്കെ വീണ്ടുമോർത്തു. ഉമ്മയ്ക് കാൻസറായിരുന്നു. അത് തിരിച്ചറിഞ്ഞ ദിവസം ഞാനെടുത്ത ഒരു പടമുണ്ട്. ഇപ്പോഴും എപ്പോഴും എന്നേക്കും എന്നെ കരയിക്കുന്ന പടം. ഉമ്മ പോയി, നാലു മണിക്കാണ് മയ്യത്തെടുത്തത്. കബറടക്കം കഴിഞ്ഞു തിരിച്ചു വന്നപ്പോഴാണ് മമ്മൂക്ക വന്നത്. ആന്റോ ജോസഫും മമ്മൂക്കയും. സിനിമാക്കാർ പലരും അന്നവിടെ ഉണ്ട്. പക്ഷെ മമ്മൂക്കയുടെ വരവ് അങ്ങനെയല്ല. അതൊരു ചരിത്ര ദൗത്യമാണ്. എനിക്ക് പറയണമെന്നുണ്ടായിരുന്നു,“മമ്മൂക്കാ, ഉപ്പ മരിച്ചു നൽപ്പത് തികയും മുൻപ് നിങ്ങളെ കാണാൻ മരണ വീട്ടിൽ നിന്നും ചാടിപ്പോയ ഒരൊമ്പതാം ക്ലാസുകാരനുണ്ട്. അവന്റെയുമ്മയുടെ മയ്യത്തടക്കിയ നേരത്ത് നിങ്ങൾ വരാതെങ്ങനെയാണ് !‘ എന്ന്. പ്രിയപ്പെട്ട മമ്മുക്കാക്ക് ഒരായിരം ജന്മദിനാശംസകൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ