
വിസ്മയ മോഹന്‍ലാലിന്‍റെ അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് തുടക്കം. ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജൂഡ് ആന്തണി ജോസഫ് ആണ്. മോഹന്‍ലാലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തെത്തിയിട്ടില്ല. ഇപ്പോഴിതാ ചിത്രത്തില്‍ അഭിനയിച്ച അനുഭവം ചെറിയ വാക്കുകളില്‍ പങ്കുവച്ചിരിക്കുകയാണ് നടന്‍ ജാഫര്‍ ഇടുക്കി. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജാഫര്‍ ഇടുക്കി തുടക്കത്തെക്കുറിച്ച് പറയുന്നത്.
“ഒരു സീരിയസ് പടമാണ് ഇത്. കോമഡി പടമൊന്നും അല്ല. ലാല്‍ സാറിന്‍റെ മകളും ഒക്കെയായിട്ടുള്ള കോമ്പിനേഷന്‍ ആയിരുന്നു. പൊലീസ് സ്റ്റേഷനിലെ ഒരു പാവത്താന്‍ പൊലീസുകാരനാണ് എന്‍റെ കഥാപാത്രം. എല്ലാവരോടും നന്നായി പെരുമാറുന്ന, ആരെയും തല്ലുകയും കൊല്ലുകയുമൊന്നും ഇല്ലാത്ത, സഹായമൊക്കെ ചെയ്യുന്ന ഒരു ന്യായം പൊലീസുകാരന്‍. നല്ല വേഷമാണ്”, ജാഫര്‍ പറയുന്നു. എങ്ങനെയുണ്ട് വിസ്മയ എന്ന ചോദ്യത്തിന് അടിപൊളിയാണെന്ന് മറുപടി. “നായികയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഈ സിനിമയിലേക്ക് വിളിക്കുമ്പോഴും അവിടെ ചെല്ലുമ്പോഴും എനിക്ക് അത് അറിയില്ലായിരുന്നു. അവിടെ ചെന്നപ്പോഴാണ് ലാല്‍ സാറിന്‍റെ മോളാണ് നായിക എന്ന് അറിഞ്ഞത്. ലാല്‍ സാറിന്‍റെ മകള്‍ റൈറ്ററും ജൂഡ് സാറ് ഡയറക്ഷനും എന്നാണ് കരുതിയിരുന്നത്. സായ് കുമാര്‍ ചേട്ടനും ആ കുട്ടിയും ഞാനുമായിട്ടുള്ള കോമ്പിനേഷന്‍ സീനുകള്‍ ഒക്കെയായിരുന്നു”, ജാഫര്‍ ഇടുക്കി പറഞ്ഞവസാനിപ്പിക്കുന്നു.
2018 എന്ന വന്‍ ഹിറ്റിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ആന്‍റണി പെരുമ്പാവൂരിന്‍റെ മകന്‍ ആശിഷ് ജോ ആന്റണിയും ഈ ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എമ്പുരാനിലൂടെ ആയിരുന്നു ക്യാമറയ്ക്ക് മുന്നില്‍ ആശിഷിന്‍റെ തുടക്കം. മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സാന്നിധ്യം ഈ ചിത്രത്തിലുണ്ട്. ഒപ്പം ചില കൗതുകങ്ങളും പ്രതീക്ഷിക്കാം. ഡോ. എമിൽ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്‍ണ, ജൂഡ് ആൻ്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം ജോമോൻ ടി ജോൺ, എഡിറ്റിംഗ് ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ, മേക്കപ്പ് ജിതേഷ് പൊയ്യ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ