
തമിഴ് സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് ജയിലര്‍ 2. നവരാത്രി റിലീസ് ആയി ഒക്ടോബര്‍ 15 ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും. ജൂണ്‍ 12 ന് എത്തുമെന്ന് ആദ്യം കരുതപ്പെട്ടിരുന്ന ചിത്രമാണിത്. എന്നാല്‍ അതിഥിതാരങ്ങളുടേതടക്കമുള്ള ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാവാത്തതിനാല്‍ റിലീസ് നീളുകയായിരുന്നു. മോഹന്‍ലാലും ശിവ രാജ്കുമാറും അടക്കമുള്ളവര്‍ രണ്ടാം ഭാഗത്തിലും അതിഥിവേഷങ്ങളില്‍ എത്തുന്നുണ്ട്. ഒപ്പം ആദ്യ ഭാഗത്തില്‍ ഇല്ലാതിരുന്ന വിജയ് സേതുപതിയും മിഥുന്‍ ചക്രവര്‍ത്തിയും ഗസ്റ്റ് റോളുകളില്‍ എത്തും. ആദ്യ ഭാഗത്തില്‍ മെയിന്‍ വില്ലനായ വിനായകന്‍ ഫ്ലാഷ് ബാക്ക് സീനുകളിലും അതിഥിതാരമായി എത്തും. ചിത്രത്തിലെ വണ്‍ സണ്‍ മൂണ്‍ എന്ന ഗാനം സെപ്റ്റംബര്‍ 25ന് പുറത്തുവിടും എന്നതാണ് പുതിയ റിപ്പോര്‍ട്ട്.
ഒരു ടീസറിനൊപ്പമാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ജയിലര്‍ 2 ന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നത്. ടീസറില്‍ വിനായകന്‍റെ വര്‍മ്മനൊപ്പം സുരാജ് വെഞ്ഞാറമൂടും സുജിത്ത് ശങ്കറും രമ്യ കൃഷ്ണനും അടക്കമുള്ളവരുണ്ട്. രജനികാന്തിന്‍റെ ഒരു ലോംഗ് ഷോട്ടിലാണ് കാണിച്ചിരിക്കുന്നത്. എസ് ജെ സൂര്യ, യോഗി ബാബു, മിര്‍ണ, റിത്വിക്, അന്ന രാജന്‍, ജതിന്‍ സര്‍ണ, വിദ്യ ബാലന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഷാരൂഖ് ഖാനും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഡേറ്റ് പ്രശ്നം മൂലം അദ്ദേഹം പിന്മാറിയ പ്രോജക്റ്റില്‍ പകരം ഹൃത്വിക് റോഷന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും എത്തിയിട്ടില്ല.
അതിനിടെ തമിഴ് സിനിമയില്‍ നിന്ന് മറ്റൊരു പ്രധാന ചിത്രവും നവരാത്രി റിലീസ് ആയി എത്തുന്നുണ്ട് എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ധനുഷിനെ നായകനാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ഓം ആണ് അത്. ചിത്രത്തില്‍ മമ്മൂട്ടിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ 16 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ജയിലര്‍ 2 റിലീസ് പ്രമാണിച്ച് രജനികാന്തിനോടുള്ള ആദരസൂചകമായി ഓമിന്റെ റിലീസ് മാറ്റിയിരിക്കുകയാണ് എന്നതാണ് പുതിയ അപ്‍ഡേറ്റ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ