പർണ്ണവി പിക്‌ചേഴ്‌സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം 2027 ജനുവരി മാസത്തിൽ ആരംഭിക്കും
യോഗി ബാബുവും അജു വര്‍ഗീസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം വരുന്നു. മോഹന്‍ലാല്‍ നായകനായി 2019 ല്‍ പുറത്തെത്തിയ ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ സംവിധായകരില്‍ ഒരാളായ ജോജു ആലുക്കയാണ് ചിത്രത്തിന്‍റെ സംവിധാനം. ജോജുവിന്‍റേത് തന്നെയാണ് കഥ. അദ്ദേഹത്തിന്‍റെ ആദ്യ തമിഴ് ചിത്രവുമാണ് ഇത്.
പർണ്ണവി പിക്‌ചേഴ്‌സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം 2027 ജനുവരി മാസത്തിൽ കഞ്ചിക്കോട്, പൊള്ളാച്ചി, ചെന്നൈ, മലേഷ്യ എന്നീ സ്ഥലങ്ങളിലായി ചിത്രീകരണം ആരംഭിക്കുമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചു. പി ആർ ഒ- എ എസ് ദിനേശ്.
ജിബി- ജോജു എന്നീ ഇരട്ട സംവിധായകരാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന ചിത്രം ഒരുക്കിയത്. മോഹന്‍ലാല്‍ ഇരട്ട വേഷത്തില്‍ എത്തിയ ചിത്രത്തില്‍ രാധിക ശരത്കുമാര്, സിദ്ദിഖ്, ഹണി റോസ്, കെപിഎസി ലളിത, അജു വര്‍ഗീസ്, സലിം കുമാര്‍, ഹരീഷ് പേരടി എന്നിങ്ങനെ വലിയ താരനിരയും ഉണ്ടായിരുന്നു.













