ഉർവ്വശിയും ഇന്ദ്രൻസും പ്രധാനവേഷങ്ങൾ ചെയ്യുന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് പുതുമുഖ സംവിധായകൻ.
'ജലധാര പമ്പ് സെറ്റ് സിൻസ് 1962' ആശിഷ് ചിന്നപ്പ സംവിധായനം ചെയ്യുന്ന ആദ്യ സിനിമയാണ്. ഉർവ്വശിയും ഇന്ദ്രൻസും പ്രധാനവേഷങ്ങൾ ചെയ്യുന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് പുതുമുഖ സംവിധായകൻ.
'ജലധാര പമ്പ് സെറ്റ് സിൻസ് 1962' റിലീസിന് ഒരുങ്ങുകയാണ്. എന്താണ് ഈ സിനിമയെക്കുറിച്ച പ്രേക്ഷകർക്ക് നൽകാവുന്ന സൂചനകൾ?
ഒരു പമ്പ് സെറ്റിന്റെ പേരിലുള്ള ഒരു കോർട്ട്റൂം ഡ്രാമയാണ് സിനിമ. കോമഡി-സറ്റയർ ആണ്. ഇന്ദ്രൻസ്, ഉർവ്വശി എന്നിവരാണ് പ്രധാനകഥാപാത്രങ്ങൾ. പിന്നെ, ജോൺ ആന്റണി, സനൂഷ, ടി.ജി രവി, നിഷാ സാരംഗ്... ഒരുപാട് ആർട്ടിസ്റ്റുകളുണ്ട്.
ഈ കഥ എങ്ങനെയാണ് തെരഞ്ഞെടുത്തത്?
ഇതൊരു റിയൽ ഇൻസിഡന്റ് ആണ്; തൃശ്ശൂരിൽ നടന്നതാണ്. നമ്മൾ അതിൽ നിന്നും കുറച്ച് എടുത്തിട്ട് ഡെവലപ് ചെയ്തതാണ്.
ആശിഷ് ഈ സിനിമയുടെ സംവിധായകനാകുന്നത് എങ്ങനെയാണ്?
ഈ സിനിമയുടെ പ്രൊഡ്യൂസറും പ്രധാന വേഷങ്ങളിലൊന്ന് കൈകാര്യം ചെയ്യുന്ന നടനുമായ സാഗർ എന്റെ സുഹൃത്താണ്. ഞങ്ങൾ ഒരുമിച്ച് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചതാണ്. അതിന് ശേഷം സിനിമാമോഹവുമായി നടന്നു. ഈ കഥ വന്നപ്പോൾ സുഹൃത്തുക്കൾ ഒരുമിച്ച് സിനിമ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ആശിഷിന്റെ ആദ്യ സിനിമയാണ് 'ജലധാര പമ്പ് സെറ്റ് സിൻസ് 1962'. പക്ഷേ, സിനിമയിൽ ആശിഷ് മുൻപേ സജീവമാണ് അല്ലേ?
അതെ. ഞാൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അനിമേഷനാണ് പഠിച്ചത്. അതിന് ശേഷം ചെന്നൈയിൽ പോയി വിഎഫ്എക്സ് പഠിച്ചു. മോഹൻലാൽ അഭിനയിച്ച 'ഭഗവാൻ' സിനിമയുടെ ടൈറ്റിൽ അനിമേഷൻ ഞാനാണ് ചെയ്തത്. 'ഫ്ലാഷ്' എന്ന സിബി മലയിൽ സിനിമയുടെ ടൈറ്റിൽ അനിമേഷനും ചെയ്തു. പിന്നീട് അസിസ്റ്റന്റ് ഡയറക്ടറായി.
'ജലധാര പമ്പ് സെറ്റ് സിൻസ് 1962' ഗ്രാമീണ അന്തരീക്ഷത്തിലുള്ള സിനിമയാണ്. എവിടെയാണ് സിനിമ ചിത്രീകരിച്ചത്?
പാലക്കാട് കൊല്ലങ്കോട് ആയിരുന്നു ഷൂട്ടിങ്. നമ്മൾ ഉദ്ദേശിക്കുന്ന കേരളത്തിലെ ഗ്രാമഭംഗി ഇപ്പോൾ അവിടെയാണ് ഉള്ളത്. പച്ചപ്പും, മലയും... ഗ്രാമീണ ടച്ച് കിട്ടാൻ വേണ്ടിയാണ് ആ സ്ഥലം തെരഞ്ഞെടുത്തത്.
വളരെ സീനിയർ താരങ്ങളായ ഉർവ്വശിയെയും ഇന്ദ്രൻസിനെയും അഭിനയിപ്പിക്കുക എന്നത് ഒരു പുതുമുഖ സംവിധായകൻ എന്ന നിലയിൽ ബുദ്ധിമുട്ടിച്ചോ?
എന്നെ ഒരു പുതിയ ഡയറക്ടറായി അവരാരും കണ്ടില്ല. എല്ലാ രീതിയിലും നല്ല സഹകരണമാണ് എല്ലാവരുടെയും ഭാഗത്ത് നിന്നും ഉണ്ടായത്. ഉർവ്വശി ചേച്ചി ഒരു 700 സിനിമകൾ ചെയ്ത ആർട്ടിസ്റ്റാണ്. അവരിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. പിന്നെ ഇന്ദ്രൻസ് ചേട്ടൻ, ജോണി ആന്റണി ചേട്ടൻ. ഒരിക്കലും ഒരു പുതുമുഖ സംവിധായകനാണ് എന്ന ഫീൽ എനിക്കുണ്ടായില്ല.
ഈ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ എന്തൊക്കെയാണ്?
സിനിമ ഓണത്തിന് മുൻപ് എത്തും. കുടുംബങ്ങൾക്ക് കാണാൻ പറ്റിയ സിനിമയാണ്. ഒരു മോശം വാക്കുപോലും നമ്മൾ സിനിമയിൽ ഉപയോഗിച്ചിട്ടില്ല.