
മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്നൊരു സിനിമയുണ്ട്. ജയസൂര്യ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം കത്തനാർ. പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധയും ഹൈപ്പും ലഭിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോജിൻ തോമസ് ആണ്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തെ കുറിച്ച് പുറത്തുവരുന്ന വാർത്തകളും അപ്ഡേറ്റുകളും ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്തുവിട്ട കത്തനാറിന്റെ ക്യാരക്ടർ ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു.
ഇപ്പോഴിതാ കത്തനാരിന്റെ ഓവർസീസ് വിതരണ അവകാശം വിറ്റുപോയെന്ന വിവരമാണ് പുറത്തുവരുന്നത്. നിർമാതാക്കളായ ഗോകുലം മൂവീസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫാർസ് ഫിലിംസിനാണ് അവകാശം വിറ്റു പോയിരിക്കുന്നത്. റെക്കോർഡ് തുകയ്ക്കാണ് അവകാശം വിറ്റുപോയതെന്നാണ് വിവരം.
ഹോം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കത്തനാർ. 212 ദിവസവും 18 മാസവും കൊണ്ടാണ് റോജിനും സംഘവും ഈ പടത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കുള്ള ചിത്രം നിർമിക്കുന്നത് ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. 75 കോടിയാണ് ബജറ്റെന്നാണ് റിപ്പോർട്ടുകൾ. 15 ഭാഷകളിലാകും സിനിമ റിലീസ് ചെയ്യുക.
2023ൽ ആയിരുന്നു കത്തനാരിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. 36 ഏക്കറിൽ നാൽപ്പത്തി അയ്യായിരം അടി ചതുരശ്ര വിസ്തീർണ്ണമുള്ള പടു കൂറ്റൻ സെറ്റും അണിയറ പ്രവർത്തകർ ഒറുക്കിയത് ഏറെ ശ്രദ്ധനേടിയിരുന്നു. അനുഷ്ക ഷെട്ടിയും പ്രധാന വേഷത്തിൽ എത്തുന്ന കത്തനാരിൽ പ്രഭു ദേവയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ത്രീഡിയിൽ ആണ് സിനിമ ഒരുക്കിയിരിക്കുന്നത്. നിലവില്‍ ചിത്രത്തിന്‍റെ റിലീസിനായി കാത്തിരിക്കുകയാണ് മലയാളികള്‍.