
കോഴിക്കോട്: മലയാളത്തിന്റെ ഹാസ്യശാഖയിൽ രാജാവായിരുന്നു മാമുക്കോയയെന്ന് സംവിധായകൻ ജോയ് മാത്യു. സീരിയസ് കഥാപാത്രങ്ങളും കുറേ അവതരിപ്പിച്ചിട്ടുണ്ട്. നടനെന്ന നിലയിൽ മാത്രമല്ല, നല്ലൊരു സുഹൃത്ത്, വ്യക്തി അങ്ങനെയങ്ങനെ കോഴിക്കോടിന്റെ ഐക്കണായിരുന്നു മാമുക്കോയയെന്നും ജോയ് മാത്യു പറഞ്ഞു.
മാമുക്കോയയുമായി ദീർഘകാലത്തെ ബന്ധമുണ്ടെന്നും ജോയ് മാത്യു പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീറിന്റെ സ്വന്തമെന്ന് പറയാവുന്ന ആളായിരുന്നു അദ്ദേഹം. മാങ്കോസ്റ്റിൻ മരച്ചുവട്ടിലാണ് സ്ഥിരം താവളം. ബഷീറിന്റെ ജീവിത വീക്ഷണവും തമാശയും നർമ്മവും മാമുക്കോയക്കുണ്ട്. ജീവിതത്തിന്റെ കഠിനമായ മേഖലയിലൂടെ കടന്നുവന്നയാളാണ്. കല്ലായിപ്പുഴയിൽ മരവുമായി ബന്ധപ്പെട്ട ജോലിയായിരുന്നു. ഞങ്ങൾ ഒരുമിച്ച് കുറച്ചു സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. രണ്ടു മൂന്നു സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ടെന്നും ജോയ് മാത്യു പറഞ്ഞു.
'ബാലകൃഷ്ണാ എന്ന വിളിയാണ് കേൾക്കുന്നത്, സഹിക്കാൻ പറ്റുന്നില്ല'; വിങ്ങുന്ന ഓർമ്മകളുമായി സായികുമാർ
കോഴിക്കോട് എന്ന് പറഞ്ഞാൽ മാമുക്കോയ എന്നും മാമുക്കോയ എന്ന് പറഞ്ഞാൽ കോഴിക്കോടെന്നും ലോകം മനസ്സിലാക്കിച്ച മഹാകാലാകാരനായിരുന്നു മാമുക്കോയ. ജീവിതത്തിലും ആ നൈർമല്യം ഉണ്ടായിരുന്നു. സാധാരണക്കാർക്കൊപ്പമായിരുന്നു എന്നും. എന്തു കാര്യത്തിനാണെങ്കിലും മുന്നിലുണ്ടായിരുന്നു. അടുപ്പം തോന്നുന്ന വളരെ കുറച്ചു സിനിമാ താരങ്ങളിലൊരാളായിരുന്നു മാമുക്കോയയെന്നും ജോയ് മാത്യു കൂട്ടിച്ചേർത്തു.