'വാരിയംകുന്നനൊ'പ്പം ജോയ് മാത്യുവും; പ്രഖ്യാപിച്ച് അലി അക്ബര്‍

By Web TeamFirst Published Mar 6, 2021, 12:08 PM IST
Highlights

മൂന്ന് ദിവസങ്ങള്‍ക്കു മുന്‍പ് ജോയ് മാത്യു സെറ്റില്‍ ജോയിന്‍ ചെയ്തെന്നും വയനാട്ടിലെ ഷെഡ്യൂള്‍ അവസാനഘട്ടത്തിലേക്ക് അടുക്കുകയാണെന്നും സംവിധായകന്‍

1921ലെ മലബാര്‍ പശ്ചാത്തലമാക്കി അലി അക്ബര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് വയനാട്ടില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ 'വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി'യായി എത്തുന്നത് ആരെന്ന് സംവിധായകന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രശസ്‍ത താരം തലൈവാസല്‍ വിജയ് ആണ് ചിത്രത്തിലെ പ്രതിനായക സ്വഭാവമുള്ള വേഷത്തില്‍ എത്തുന്നത്. ഇപ്പോഴിതാ അടുത്തൊരു പ്രധാന കാസ്റ്റിംഗ് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് അലി അക്ബര്‍. ജോയ് മാത്യുവാണ് ആ നടന്‍.

ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് അലി അക്ബറിന്‍റെ പ്രഖ്യാപനം. മൂന്ന് ദിവസങ്ങള്‍ക്കു മുന്‍പ് ജോയ് മാത്യു സെറ്റില്‍ ജോയിന്‍ ചെയ്തെന്നും വയനാട്ടിലെ ഷെഡ്യൂള്‍ അവസാനഘട്ടത്തിലേക്ക് അടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഷൂട്ടിംഗ് മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്ന് ജോയ് മാത്യുവും പറയുന്നു. ഒരു നടന്‍ എന്ന നിലയില്‍ ആവേശമുണ്ടാക്കുന്ന കഥാപാത്രമാണ് വാരിയംകുന്നന്‍റേതെന്നായിരുന്നു തലൈവാസല്‍ വിജയ്‍ നേരത്തെ പ്രതികരിച്ചത്. "മനോഹരമായ ചിത്രമാണിത്. ഞാന്‍ 200-300 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ചില സിനിമകളിലെ കഥാപാത്രങ്ങളോട് നമുക്ക് ആവേശം തോന്നും. വലിയ താല്‍പര്യമായിരിക്കും അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍. ഇത് അത്തരത്തിലുള്ള ഒരു സിനിമയാണ്. എന്‍റെ കരിയറിലെ പ്രധാന സിനിമകളില്‍ ഒന്ന്", അദ്ദേഹം പറയുന്നു. ആദ്യ ഷെഡ്യൂളിലെ തലൈവാസല്‍ വിജയ്‍യുടെ രംഗങ്ങള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു.

1921 പുഴ മുതല്‍ പുഴ വരെ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 20ന് വയനാട്ടിലാണ് ആരംഭിച്ചത്. 30 ദിവസം നീളുന്ന ആദ്യ ഷെഡ്യൂളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ആകെയുള്ള മൂന്ന് ഷെഡ്യൂളുകളില്‍ രണ്ടാമത്തെ ഷെഡ്യൂള്‍ മെയ് മാസത്തിലാണെന്നും സംവിധായകന്‍ അറിയിച്ചിരുന്നു. 

1921ലെ മലബാറിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. സംവിധായകരായ പി ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര എന്നിവരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമകള്‍ ഇതിനൊപ്പം പ്രഖ്യാപിച്ചിരുന്നു. പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ഷഹീദ് വാരിയംകുന്നനെന്നും ഇബ്രാഹിം വേങ്ങരയുടെ സിനിമയുടെ പേര് ദി ഗ്രേറ്റ് വാരിയംകുന്നനെന്നുമാണ്. മറ്റ് മൂന്നു സിനിമകളും വാരിയംകുന്നന്‍റെ നായകത്വത്തെ വാഴ്ത്തുന്ന സിനിമകളാണെങ്കില്‍ അലി അക്ബറിന്‍റെ സിനിമ അദ്ദേഹത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ്. ജൂണ്‍ അവസാനമാണ് ഈ നാല് സിനിമകളും പ്രഖ്യാപിക്കപ്പെട്ടത്. മലബാര്‍ വിപ്ലവത്തിന്‍റെ നൂറാം വാര്‍ഷികമായ ഈ വര്‍ഷമാണ് തങ്ങളുടെ ചിത്രം ആരംഭിക്കുകയെന്ന് ആഷിക് അബു പ്രഖ്യാപന സമയത്തേ അറിയിച്ചിരുന്നു. 

click me!