
മലയാളത്തില്‍ സമീപകാലത്ത് സിനിമകളുടെ തെരഞ്ഞെടുപ്പില്‍ ഏറ്റവും വൈവിധ്യം പുലര്‍ത്തുന്ന താരം മമ്മൂട്ടിയാണ്. അവയില്‍ പലതും മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് നിര്‍മ്മിക്കുന്നത്. മികച്ച അഭിപ്രായം നേടുന്നതിനൊപ്പം പല ചിത്രങ്ങളും ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. കണ്ണൂര്‍ സ്ക്വാഡ് ആയിരുന്നു മമ്മൂട്ടി കമ്പനിയുടേതായി അവസാനം തിയറ്ററുകളിലെത്തി പണം വാരി പോയ പടം. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഏറ്റവും പുതിയ റിലീസ് കാതലും മികച്ച അഭിപ്രായത്തിനൊപ്പം കളക്ഷനും നേടുകയാണ്.
ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം നവംബര്‍ 23 നാണ് തിയറ്ററുകളിലെത്തിയത്. സ്വവര്‍ഗാനുരാഗം പ്രമേയമാക്കുന്ന ചിത്രമെന്ന സൂചനകള്‍ റിലീസിന് മുന്‍പുതന്നെ പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. ഗൗരവമുള്ള വിഷയം പറയുന്ന ചിത്രം കാണികള്‍ എത്തരത്തില്‍ സ്വീകരിക്കുമെന്ന് അണിയറക്കാര്‍ക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍ ആദ്യദിനം മുതല്‍ ചിത്രത്തിന് കൈയടികളാണ് ലഭിച്ചത്. ഭേദപ്പെട്ട ഓപണിംഗും ചിത്രം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം 11 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് നേടിയ കളക്ഷനും ഷെയറും സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്ക് പ്രകാരം ചിത്രം കേരളത്തില്‍ നിന്ന് 11 ദിവസം കൊണ്ട് നേടിയ കളക്ഷന്‍ 9.10 കോടിയാണ്. നേടിയ ഷെയര്‍ 4 കോടിയില്‍ അധികവും. മലയാളത്തില്‍ നിന്നുള്ള ഈ വര്‍ഷത്തെ റിലീസുകളില്‍ 4 കോടിയിലധികം ഷെയര്‍ നേടുന്ന എട്ടാമത്തെ സിനിമയായിരിക്കുകയാണ് കാതല്‍. ഗൗരവമുള്ള കഥ പറഞ്ഞെത്തിയ ഒരു ചിത്രത്തെ സംബന്ധിച്ച് മികച്ച സംഖ്യകളാണ് ഇത്. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ ജിയോ ബേബി മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപനസമയത്തേ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആണിത്. ജ്യോതികയാണ് ചിത്രത്തിലെ നായിക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ