കാണാനാളില്ല, രജനി ചിത്രത്തിന്‍റെ എല്ലാ ഷോയും മുടങ്ങി! കമല്‍ ചിത്രത്തിനും ഈ അവസ്ഥ വരുമോ? റിലീസിന് 5 ദിവസം
റീ റിലീസ് ട്രെന്‍ഡിന്‍റെ ഭാഗമായെത്തുന്ന ചിത്രങ്ങള്‍
ശ്രദ്ധേയ സിനിമകളുടെ റീ റിലീസ് സാധാരണ കാര്യമാണ് ഇന്ന്. വലിയ ഫാന്‍ ഫോളോവിംഗ് ഉള്ള കള്‍ട്ട് സിനിമകള്‍ തിയറ്ററുകളില്‍ കാണാന്‍ കഴിയാതിരുന്ന വലിയൊരു വിഭാഗം യുവാക്കളായ സിനിമാപ്രേമികളുണ്ട്. ഇവരെയാണ് റീ റിലീസ് സിനിമകളുടെ പ്രേക്ഷകരായി നിര്‍മ്മാതാക്കള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഒപ്പം ചിത്രം ഒരിക്കല്‍ തിയറ്ററില്‍ കണ്ട പഴയ തലമുറയും റീമാസ്റ്ററിംഗിലൂടെ പുതുക്കപ്പെട്ട ദൃശ്യ, ശ്രാവ്യ അനുഭവത്തിനായി വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. തമിഴ് സിനിമയില്‍ ഇപ്പോള്‍ ഇതൊരു ട്രെന്‍ഡ് ആയി മാറിയിട്ടുണ്ട്. ബാഷ, ബാബ എന്നിവയ്ക്കുശേഷം രണ്ട് പ്രധാന ചിത്രങ്ങള്‍ കൂടി തിയറ്ററുകളിലേക്ക് വീണ്ടും എത്താന്‍ ഒരുങ്ങുകയാണ്.
രജനികാന്തിനെ നായകനാക്കി കെ എസ് രവികുമാര്‍ സംവിധാനം ചെയ്ത മുത്തു (1995), കമല്‍ ഹാസന്‍ ഇരട്ടവേഷത്തിലെത്തിയ സുരേഷ് കൃഷ്ണ ചിത്രം ആളവന്താന്‍ (2001) എന്നിവയാണ് റീ റിലീസിന് ഒരുങ്ങുന്നത്. ഇതില്‍ മുത്തു വലിയ വിജയം നേടിയ ചിത്രമാണെങ്കില്‍ പ്രതീക്ഷയോടെ എത്തിയ ആളവന്താന്‍ വലിയ പരാജയമായിരുന്നു. തമിഴ്നാട് അടക്കമുള്ള ഇടങ്ങളില്‍ ഒരേ ദിവസമാണ് ഈ രണ്ട് ചിത്രങ്ങളും എത്തുക എന്നതും കൗതുകമാണ്. ഡിസംബര്‍ 8 നാണ് രണ്ട് ചിത്രങ്ങളുടെയും റിലീസ്.
എന്നാല്‍ മുത്തുവിന്‍റെ തെലുങ്ക് പതിപ്പ് തെലുങ്ക് സംസ്ഥാനങ്ങളില്‍ നേരത്തെ എത്തി. 2-ാം തീയതി ശനിയാഴ്ച ആയിരുന്നു ഇത്. ഇതിന്‍റെ ബുക്കിംഗും നേരത്തെ ആരംഭിച്ചിരുന്നു. എന്നാല്‍ പ്രേക്ഷകര്‍ എത്താത്തതിനാല്‍ തെലുങ്ക് സംസ്ഥാനങ്ങളിലെ ചിത്രത്തിന്‍റെ എല്ലാ പ്രദര്‍ശനങ്ങളും റദ്ദാക്കപ്പെട്ടതായാണ് തെലുങ്ക് മാധ്യമങ്ങള്‍ അറിയിക്കുന്നത്. എന്നാല്‍ ഡിസംബര്‍ 8 ന് നടക്കുന്ന തമിഴ്നാട് റിലീസില്‍ ചിത്രം കാണാന്‍ ആളെത്തുമെന്ന് തന്നെയാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ.