'മുബി ​ഗോ'യില്‍ ഫിലിം ഓഫ് ദി വീക്ക് ആയി കാതല്‍; ഒരു മലയാള സിനിമ അപൂര്‍വ്വം

Published : Dec 03, 2023, 04:25 PM IST
'മുബി ​ഗോ'യില്‍ ഫിലിം ഓഫ് ദി വീക്ക് ആയി കാതല്‍; ഒരു മലയാള സിനിമ അപൂര്‍വ്വം

Synopsis

നവംബര്‍ 23 ന് തിയറ്ററുകളിലെത്തിയ ചിത്രം

ലോകപ്രശസ്ത സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ മുബിയുടെ തിയറ്റര്‍ വാച്ചിംഗ് സര്‍വ്വീസ് ആയ മുബി ഗോയില്‍ മലയാള ചിത്രം കാതല്‍ ദി കോര്‍. തങ്ങളുടെ പ്രീമിയം സബ്സ്ക്രൈബേഴ്സിന് ആഴ്ചതോറും തെരഞ്ഞെടുക്കുന്ന ഒരു പ്രധാന ചിത്രം തിയറ്ററുകളില്‍ തന്നെ പോയി കാണാന്‍ അവസരമൊരുക്കുന്ന സേവനമാണ് മുബി ഗോ. അതിലാണ് മമ്മൂട്ടിയും ജ്യോതികയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച്, ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ഫിലിം ഓഫ് ദി വീക്ക് ആയി തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു മലയാളചിത്രം മുബി ഗോയിലൂടെ അവതരിപ്പിക്കപ്പെടുന്നത് ഇതാദ്യമാണ്. ഗൗരവമുള്ളതും കലാമൂല്യമുള്ളതുമായ സിനിമകള്‍ അവതരിപ്പിക്കുന്ന ഒടിടി പ്ലാറ്റ്ഫോം ആണ് മുബി. 

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ ജിയോ ബേബി മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപനസമയത്തേ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആണിത്. മമ്മൂട്ടിയുടെ നായികയായി ജ്യോതികയുടെ പേര് കൂടി എത്തിയതോടെ ഹൈപ്പ് വീണ്ടും കൂടി. ട്രെയ്‍ലര്‍ എത്തുന്നതുവരെ ചിത്രത്തിന്‍റെ പ്രമേയം എന്തെന്നത് സംബന്ധിച്ച സൂചനകളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിരുന്നില്ല. സ്വവര്‍ഗാനുരാഗം പ്രമേയമാക്കുന്ന ചിത്രമാണെന്ന വിവരം ഗോവ ചലച്ചിത്രോത്സവത്തിന്‍റെ വെബ് സൈറ്റിലൂടെയാണ് ആദ്യം സിനിമാപ്രേമികള്‍ അറിഞ്ഞത്.

 

നവംബര്‍ 23 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യദിനം തന്നെ മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. മമ്മൂട്ടിയുടേതുള്‍പ്പെടെയുള്ള പ്രകടനങ്ങള്‍ക്കും ഇത്തരത്തില്‍ ഒരു വിഷയം പ്രമേയമാക്കാനുള്ള അണിയറക്കാരുടെ ധൈര്യത്തിനുമൊക്കെ പ്രേക്ഷകരില്‍ നിന്നും അഭിനന്ദനങ്ങള്‍ ലഭിച്ചു. ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് ചിത്രം നടത്തുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയത് 10 കോടി ആണെന്നാണ് വിവരം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും.  

ALSO READ : 'ജോഷി ഫാക്ടര്‍' വര്‍ക്ക് ആയോ? 'ആന്‍റണി' ആദ്യദിനം നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്