നടൻ രാജേഷ് മാധവൻ സംവിധാനം ചെയ്യുന്ന 'പെണ്ണും പൊറാട്ടും' എന്ന സിനിമയിൽ നൂറോളം പുതുമുഖങ്ങളും നാനൂറോളം പക്ഷിമൃഗാദികളും പ്രധാന കഥാപാത്രങ്ങളാകുന്നു.

പുതുമുഖങ്ങളായ അഭിനേതാക്കളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒട്ടനവധി സിനിമകൾ മലയാളത്തിൽ വന്നിട്ടുണ്ട്. എന്നാൽ നൂറോളം പുതുമുഖങ്ങളായ അഭിനേതാക്കൾക്കൊപ്പം തന്നെ ഏകദേശം നാനൂറോളം പക്ഷിമൃഗാദികളെയും പരിശീലിപ്പിച്ച് പ്രധാന കഥാപാത്രങ്ങളാക്കി ഒരു സിനിമ വന്നാലോ? അതാണ് നടനും സംവിധായകനുമായ രാജേഷ് മാധവൻ ഒരുക്കുന്ന ആദ്യ സിനിമയായ പെണ്ണും പൊറാട്ടും. സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ മനുഷ്യരും മൃഗങ്ങളും ഒന്നിച്ച് വരുന്ന വളരെ വ്യത്യസ്തമായ പോസ്റ്റർ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. ഫെബ്രുവരി 6-ന് തിയേറ്ററുകളിലെത്തുന്ന 'പെണ്ണും പൊറാട്ടും' നിർമ്മിക്കുന്നത് മഹേഷിന്റെ പ്രതികാരം, ന്നാ താൻ കേസ് കോട്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്നീ സിനിമകളുടെ നിർമ്മാതാവായ സന്തോഷ് ടി കുരുവിളയാണ്. എസ് ടി കെ ഫ്രെയിംസ്, ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി. കുരുവിളയോടൊപ്പം ബിനു ജോർജ് അലക്സാണ്ടർ, ഷെറിൻ റേച്ചൽ സന്തോഷ് എന്നിവരും ചിത്രത്തിന്റെ നിർമ്മാണ പങ്കാളികളാണ്.

വേറിട്ട ചിത്രം

നാനൂറോളം പക്ഷിമൃഗാദികളും നൂറിലധികം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കോമഡിയിലും ആക്ഷനിലും ഉൾപ്പടെ പുതുമുഖങ്ങളുടെ അത്യുഗ്രൻ പ്രകടനങ്ങൾ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് ആണ്. ഒരു വർഷത്തോളം നീണ്ടുനിന്ന പ്രീ-പ്രൊഡക്ഷൻ പ്രവർത്തനങ്ങൾക്കും കൃത്യമായ അഭിനയ പരിശീലനത്തിനും ശേഷമാണ് ചിത്രം പൂർത്തിയാക്കിയത്. കർഷകത്തൊഴിലാളികളും യുവാക്കളും അടങ്ങുന്ന സാധാരണക്കാരായ ഗ്രാമവാസികളാണ് ചിത്രത്തിലെ അഭിനേതാക്കൾ. കൂടാതെ ഒരു സസ്പെൻസ് എലമെന്റ് ആയി മലയാള സിനിമയിലെ ഒരു യുവ സൂപ്പർ താരം ഉൾപ്പടെ ചില പ്രമുഖ താരങ്ങൾ ശബ്ദ സാന്നിധ്യമായി 'പെണ്ണും പൊറാട്ടി'ലും എത്തുന്നുണ്ട്. ഫാന്റസിയും സോഷ്യൽ സറ്റയറും സമന്വയിപ്പിച്ചുകൊണ്ടുള്ള വേറിട്ടൊരു കഥാപരിസരമാണ് ചിത്രത്തിന്റേത്. 'ഭീഷ്മ പർവ്വം', 'റാണി പത്മിനി' തുടങ്ങിയ ഹിറ്റ് സിനിമകളുടെ രചനാ പങ്കാളിയായിരുന്ന രവിശങ്കറാണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്.

View post on Instagram

അരുൺ സി. തമ്പി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഈ ചിത്രത്തിന് വേണ്ടി സബിൻ ഉരളിക്കണ്ടി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ചമൻ ചാക്കോയാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. ഡോൺ വിൻസെന്റ് സംഗീതം പകരുമ്പോൾ വൈശാഖ് സുഗുണന്റേതാണ് വരികൾ. വിനോദ് പട്ടണക്കാടൻ കലാസംവിധാനവും റോണക്സ് സേവ്യർ മേക്കപ്പും നിർവ്വഹിച്ചിരിക്കുന്നു. ശബ്ദലേഖന വിഭാഗത്തിൽ ശ്രീജിത്ത് ശ്രീനിവാസൻ (സിങ്ക് & സൗണ്ട് ഡിസൈൻ), വിപിൻ നായർ (സൗണ്ട് മിക്സിംഗ്) എന്നിവർ പ്രവർത്തിക്കുന്നു. വൈശാഖ് സനൽകുമാർ, ഡിനോ ഡേവിസ് എന്നിവർ ചേർന്നാണ് വസ്ത്രാലങ്കാരം ഒരുക്കിയിരിക്കുന്നത്. എഗ്ഗ് വൈറ്റ് വി.എഫ്.എക്സും ലിജു പ്രഭാകർ കളറിംഗും നിർവ്വഹിക്കുമ്പോൾ ആന്റണി സ്റ്റീഫനാണ് പബ്ലിസിറ്റി ഡിസൈൻ കൈകാര്യം ചെയ്യുന്നത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | Sabarimala