
സുരേഷ് ഗോപിയെ (Suresh Gopi) നായകനാക്കി നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്‍ത കാവലിന്‍റെ (Kaaval) ടെലിവിഷന്‍ പ്രീമിയര്‍ പ്രദര്‍ശനം ഏഷ്യാനെറ്റില്‍. മാര്‍ച്ച് 13 വൈകിട്ട് 4.30ന് ആണ് ചിത്രത്തിന്‍റെ പ്രദര്‍ശനം. ഏറെക്കാലത്തിനു ശേഷം ആക്ഷന്‍ ഹീറോ പരിവേഷത്തില്‍ സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ചിത്രം എന്ന കൗതുകവുമായി എത്തിയ ചിത്രമായിരുന്നു കാവല്‍. നവംബര്‍ 25ന് ആയിരുന്നു റിലീസ്. നെറ്റ്ഫ്ലിക്സിന്‍റെ ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 27ന് ചിത്രം ഒടിടിയിലും എത്തിയിരുന്നു.
കസബയ്ക്കു ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്‍ത ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പം പ്രാധാന്യമുള്ള കഥാപാത്രമായി രണ്‍ജി പണിക്കരും എത്തിയിരുന്നു. ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തില്‍ രണ്ട് കാലഘട്ടത്തിന്‍റെ കഥ പറയുന്ന ചിത്രം നിര്‍മ്മിച്ചത് ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ പശ്ചാത്തലത്തില്‍ ജോബി ജോര്‍ജ് ആയിരുന്നു. റേച്ചല്‍ ഡേവിഡ്, ഇവാന്‍ അനില്‍, ജൂബില്‍ രാജന്‍ പി ദേവ്, സാദ്ദിഖ്, മുത്തുമണി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, പദ്മരാജ് രതീഷ്, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത്ത് രവി, സുരേഷ് കൃഷ്ണ, ബേബി പാര്‍വ്വതി, ചാലി പാല, പോളി വല്‍സന്‍, സന്തോഷ് കീഴാറ്റൂര്‍, ശാന്തകുമാരി, അഞ്ജലി നായര്‍, അനിത നായര്‍, അംബിക മോഹന്‍, അമന്‍ പണിക്കര്‍, അരിസ്റ്റോ സുരേഷ്, ജിലു ജോസഫ്, അജ്മല്‍ , ജെയ്സ് ജോസ് എന്നിങ്ങനെയായിരുന്നു ചിത്രത്തിലെ മറ്റു താരനിര. നിഖില്‍ എസ് പ്രവീണ്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ എഡിറ്റിംഗ് മന്‍സൂര്‍ മുത്തൂട്ടി ആയിരുന്നു. സംഗീതം രഞ്ജിന്‍ രാജ്, കാര്‍ണിവല്‍ സിനിമാസ് ആയിരുന്നു വിതരണം.
അതേസമയം മാത്യൂസ് തോമസിന്‍റെ സംവിധാനത്തിലെത്തുന്ന ഒറ്റക്കൊമ്പന്‍, ജോഷി സംവിധാനം ചെയ്യുന്ന പാപ്പന്‍, രാഹുല്‍ രാമചന്ദ്രന്‍റെ പേരിടാത്ത ചിത്രം എന്നിവയാണ് സുരേഷ് ഗോപിയുടേതായി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങള്‍. ഷിബിന്‍ ഫ്രാന്‍സിസ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ഒറ്റക്കൊമ്പന്‍റെ ഛായാഗ്രഹണം ഷാജി കുമാര്‍ ആണ്. ടോമിച്ചന്‍ മുളകുപാടമാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. അതേസമയം ഒരിടവേളയ്ക്കു ശേഷമാണ് ഒരു ജോഷി ചിത്രത്തില്‍ സുരേഷ് ഗോപി അഭിനയിക്കുന്നത്. 'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രത്തില്‍ 'എബ്രഹാം മാത്യൂസ് പാപ്പന്‍ ഐപിഎസ്' എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആര്‍ ജെ ഷാനിന്‍റേതാണ് ചിത്രത്തിന്‍റെ രചന. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. ജീം ബൂം ബാ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് രാഹുല്‍ രാമചന്ദ്രന്‍.