
തിരുവനന്തപുരം: മലയാളത്തിന്‍റെ സ്വന്തം കലാഭവൻ മണിയുടെ ഓർമ്മകള്‍ക്ക് ഒന്‍പത് വയസ്. മണ്ണില്‍ ചവിട്ടി നിന്ന് സാധാരണക്കാരായ മനുഷ്യരെ ചേര്‍ത്ത് പിടിക്കാനും അവരുടെ കണ്ണീരൊപ്പാനും അവരെ ആനന്ദിപ്പിക്കാനും മനസ് കാണിച്ച അതുല്യ കലാകാരന്‍ ഇന്നും ജനഹൃദയങ്ങളിൽ മരണമില്ലാതെ തുടരുന്നു.
സിനിമ രംഗത്തേ നേട്ടങ്ങളിലേക്ക് വന്നാല്‍ കഴിവും അര്‍പ്പണബോധവും വന്ന വഴി മറക്കാത്തൊരു മനസുമുണ്ടെങ്കില്‍ ഏത് ഉയരവും എത്തിപിടിക്കാമെന്ന്ചെറിയ ജീവിതകാലം കൊണ്ട് കലാഭവന്‍ മണി മലയാളിക്ക് കാണിച്ചുതന്നു. ഓട്ടോക്കാരനായും ചെത്തുകാരനായും വേഷമിട്ട് തുടങ്ങിയ മണി പിന്നെ പൊലീസായി, പട്ടാളക്കാരനായി, ഡോക്ടറായി, കലക്ടറായി. തമിഴിലെയും തെലുങ്കിലെയും സൂപ്പര്‍താരങ്ങളെ വിറപ്പിച്ച വില്ലനായി.
ഒരു കോമഡി നടന്‍ എന്ന നിലയില്‍ നിന്നും ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ വാങ്ങുന്ന താരത്തിലേക്ക് മണി വളര്‍ന്നു. നേട്ടങ്ങളുടെ പട്ടിക ഏറെ പൂര്‍ത്തീയാക്കനുള്ളപ്പോഴാണ് അപ്രതീക്ഷിതമായി ചാലക്കുടിക്കാരന്‍ ചെങ്ങാതി വിടവാങ്ങിയത്.
ചാലക്കുടി മണി കലാഭവന്‍ മണിയായതും ചെയ്ത വേഷങ്ങളുടെ വൈവിധ്യങ്ങളും പാടിവച്ച പാട്ടുകളും മലയാളി ഒരു വെടിക്കെട്ട് കാണുന്നത് പോലെ കണ്ടിരുന്നു. പത്ത് മലയാളികള്‍ കൂടുന്നിടത്ത് ഇന്നും മണിയുണ്ട്. ഉന്‍മാദത്തോടെ അറിഞ്ഞൊന്ന് തുള്ളാന്‍ മണിപ്പാട്ടുണ്ട്.
നാടും നാടിന്‍റെ ശബ്ദവും ആയിരുന്നു മണി. ആയിരങ്ങളെ ആനന്ദത്തില്‍ ആറാടിക്കുന്ന പുതുതലമുറ ഗായകരുടെ മ്യൂസിക് കണ്‍സേർട്ടുകള്‍ ഇന്ന് നാട് നിറയുമ്പോള്‍ അതൊക്കെ പണ്ടെ വിട്ട കലാകാരനായിരുന്നു കലാഭവന്‍ മണി. ഇന്നും ഉത്സവ പറമ്പുകളിലും ഗാനമേള വേദികളിലും മണിയുടെ ഓഡിയന്‍സ് വേറെ തന്നെയുണ്ട്. കാലം കഴിഞ്ഞിട്ടും മണിയുടെ സംഗീതത്തിന്‍റെ മാജിക്ക് മരിക്കുന്നില്ല.
മുഷ്ടി ചുരുട്ടി വിളിച്ചൊരു മുദ്രാവാക്യം പോലെ. മലയാളി ഇന്നും മനസില്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. ആര് പറഞ്ഞു മരിച്ചെന്ന്.
'മണിക്ക് കേരളം കൊടുത്ത ആദരം മറന്നുപോയോ'? സ്‍മാരകം വൈകുന്നതിനെച്ചൊല്ലിയുള്ള വിവാദത്തില്‍ വിനയന്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ