'ഉമ്മയുടെ നിസാരമായ ആ ആഗ്രഹം സാധിച്ചുതരാൻ എനിക്ക് കഴിഞ്ഞില്ലല്ലോ', നൊമ്പരക്കുറിപ്പുമായി ഗായകൻ കണ്ണൂര്‍ ഷെരീഫ്

Web Desk   | Asianet News
Published : Jun 25, 2021, 01:04 PM IST
'ഉമ്മയുടെ നിസാരമായ ആ ആഗ്രഹം സാധിച്ചുതരാൻ എനിക്ക് കഴിഞ്ഞില്ലല്ലോ', നൊമ്പരക്കുറിപ്പുമായി ഗായകൻ കണ്ണൂര്‍ ഷെരീഫ്

Synopsis

കൊവിഡ് ബാധിച്ച് മരിച്ച ഉമ്മയെ ഓര്‍ത്ത് കുറിപ്പുമായി ഗായകൻ കണ്ണൂര്‍ ഷെരീഫ്.

കൊവിഡില്‍ ഉമ്മയെ നഷ്‍ടപ്പെട്ടതിന്റെ സങ്കടം പങ്കുവെച്ച് ഗായകൻ കണ്ണൂര്‍ ഷെരീഫ്. ജീവിതത്തിലെ കറുത്ത ദിനങ്ങളെ കരുത്തോടെ നേരിട്ട ഉമ്മ. സ്വയം  മാതൃക കാട്ടിത്തന്നു ഉമ്മ. ഉമ്മയുടെ നിസാരമായ ഒരു ആഗ്രഹം സാധിച്ചുതരാൻ തനിക്ക് കഴിയാതെ പോയല്ലോവെയെന്നും കണ്ണൂര്‍ ഷെരീഫ് പറയുന്നു.

കണ്ണൂര്‍ ഷെരീഫിന്റെ കുറിപ്പ്

ഭൂമിയിലെനിക്കേറ്റവും പ്രിയപ്പെട്ട എന്റെ ഉമ്മ വിടപറഞ്ഞു. എന്റെ നാലാമത്തെ വയസ്സിൽ വാപ്പ മരണപ്പെടുമ്പോൾ ഉമ്മാക്ക് 29 വയസ്സായിരുന്നു പ്രായം. അവിടന്നങ്ങോട്ട്  മരണം വരെ മക്കൾക്ക് വേണ്ടി ജീവിച്ചു തീർത്തു ഉമ്മ.
ജീവിതത്തിലെ കറുത്ത ദിനങ്ങളെ കരുത്തോടെ നേരിട്ട ഉമ്മ.
വാപ്പയില്ലാത്തതിന്റെ കുറവ് അറിയിക്കാതെയാണ് ഉമ്മ ഞങ്ങളെ വളർത്തിയത്. 
ചെറുപ്പത്തിൽ ഞാൻ ആരാവാനാണ് ഉമ്മയുടെ ആഗ്രഹം എന്ന് ചോദിച്ചപ്പോൾ 'ഒന്നുമായില്ലെങ്കിലും, നല്ല മനുഷ്യനാവണം' എന്ന് പറഞ്ഞ് പഠിപ്പിച്ച്, അങ്ങിനെ ജീവിച്ച്
സ്വയം  മാതൃക കാട്ടിത്തന്നു ഉമ്മ.
എന്നുമെപ്പോഴും മക്കൾ അരികിലുണ്ടാവണം എന്നതായിരുന്നു ഉമ്മയുടെ ആഗ്രഹം. അതുകൊണ്ട് തന്നെയാണ്, സ്വന്തമായൊരു വീട് വെക്കാൻ ആലോചിച്ചപ്പോൾ അത് തറവാടിന്റെ തൊട്ടടുത്ത് തന്നെ വേണം എന്ന് തീരുമാനിച്ചത്.  പ്രോഗ്രാമിന്റെ തിരക്കുകൾ എത്രയുണ്ടെങ്കിലും നാട്ടിലുണ്ടെങ്കിൽ ഞാനെന്നും ഉമ്മയുടെ അടുത്തുണ്ടാകും. ഉമ്മാക്ക് കോവിഡ് ആണെന്നറിഞ്ഞപ്പോൾ തകർന്നു പോയി ഞാൻ. ഞാനും കുടുംബവും കോവിഡ് ബാധിച്ച് കോറന്റൈനിലായിരുന്നതിനാൽ ഉമ്മയെ  കാണാനോ അടുത്തിരുന്ന് ഒന്ന് തലോടാനോ കഴിയാതെ നെഞ്ച് പൊട്ടുകയായിരുന്നു. ഒക്സിജന്റെ ലെവൽ വളരെ താഴ്ന്ന് ദിവസങ്ങളോളം ആശുപത്രിയിലായിരുന്നെങ്കിലും ഉമ്മ തിരികെവരും എന്ന് തന്നെയായിരുന്നു പ്രതീക്ഷ. പക്ഷേ. വലിയ ആഗ്രഹങ്ങളൊന്നുമില്ലാത്ത ഒരാളായിരുന്നു ഉമ്മ. മരിക്കുമ്പോൾ മക്കൾ  അരികിലുണ്ടാകണം എന്നതായിരുന്നു ഉമ്മയുടെ ഏറ്റവും വലിയ ആഗ്രഹം. പക്ഷേ. ഉമ്മാ. അത് സാധിച്ചു തരാൻ എനിക്ക് കഴിയാതെ പോയല്ലോ. ഉമ്മയുടെ അവസ്ഥ വളരെ മോശമാണ് എന്നറിഞ്ഞ് അവസാനമായി ഒരു നോക്ക് കാണാൻ ഞാൻ ആശുപത്രിയിലെത്തിയെങ്കിലും അതിന് മിനിറ്റുകൾക്ക് മുൻപ് ഉമ്മ വിടപറഞ്ഞു.

അവസാന നിമിഷങ്ങളിൽ എന്നെയൊരുനോക്ക് കാണാൻ ഉമ്മ എത്രമാത്രം കൊതിച്ചിട്ടുണ്ടാകും എന്നോർക്കുമ്പോൾ സങ്കടം സഹിക്കാൻ കഴിയുന്നില്ല.   കരളിലെരിയുന്ന നെരിപ്പൊടിന്റെ നീറ്റലിനെ ഒരല്‍പമെങ്കിലും ശമിപ്പിക്കാൻ കണ്ണീരിന് കഴിഞ്ഞിരുന്നെങ്കിൽ.
വിധിയെ തടുക്കാൻ ആർക്കുമാവില്ല എന്നറിയാം. പക്ഷേ, ഇനി ഉമ്മയില്ല എന്ന സത്യവുമായി മനസ്സ് പൊരുത്തപ്പെടാൻ ഒരുപാട് സമയമെടുക്കും.
പ്രിയപ്പെട്ടവരേ എനിക്ക് നിങ്ങളോട് പറയാനുള്ളത്. ജീവിച്ചിരിക്കുമ്പോൾ നമ്മുടെ മാതാപിതാക്കളെ നന്നായി നോക്കുക. നമ്മുടെ സ്വത്തും മുതലും പേരും പ്രശസ്‍തിയുമൊന്നുമല്ല,നമ്മുടെ സാമീപ്യമാണ് അവർക്ക് വേണ്ടത്.

അവരെ ചേർത്ത് പിടിക്കുക. ആ കരുതലാണ് അവർ ആഗ്രഹിക്കുന്നത്. അവർക്കൊരു  ഉമ്മ കൊടുക്കുക. അന്നേരം അവരുടെ മുഖത്ത് തെളിയുന്ന പ്രകാശമുണ്ടല്ലോ. അത് നമ്മുടെ ജീവിതത്തിന്റെ വിളക്കാകും. ആ മുഖത്ത് വിരിയുന്ന പുഞ്ചിരിയുണ്ടല്ലോ. അതാണ്. അത് മാത്രമാണ് നമുക്ക് നാളേക്കുള്ള സമ്പാദ്യം. ഓർക്കുക. നഷ്‍ടപ്പെട്ടാൽ ഒരിക്കലും തിരികെ ലഭിക്കാത്ത ഭൂമിയിലെ അമൂല്യമായ രത്‍നങ്ങളാണ് മാതാപിതാക്കൾ.  നഷ്‍ടപ്പെടുമ്പോഴേ അതിന്റെ വിലയെന്തെന്നറിയൂ. അവസാന ദിവസങ്ങളിൽ സ്വന്തം മക്കളെപ്പോലെ ഉമ്മയെ പരിപാലിച്ച കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ,  നഴ്‌സുമാർ. സങ്കട സമയങ്ങളിൽ, വിഷമിക്കല്ലേ. എന്തിനും ഞങ്ങൾ കൂടെയുണ്ടെന്നോതിയ ഒട്ടനവധി പേർ, ഞങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ഞങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്‍ത പ്രിയ സൗഹൃദങ്ങൾ. നന്ദി. ഏവർക്കും.
പ്രിയമുള്ളവരേ.

എത്രയോ കരുതലോടെയായിരുന്നു ഞങ്ങൾ കൊവിഡിനെ പ്രതിരോധിക്കാൻ ശ്രമിച്ചിരുന്നത്. എന്നിട്ടും ഞങ്ങൾക്കിടയിൽ കോവിഡ് താണ്ഡവമാടി. ഏറ്റവും പ്രിയപ്പെട്ട ഒരു ജീവനും കവർന്നു. ഒന്നേ പറയാനുള്ളൂ. നിങ്ങളേവരും ശ്രദ്ധയോടെയിരിക്കുക. ഗവണ്‍മെന്റും ആരോഗ്യപ്രവർത്തകരും പറയുന്ന നിർദ്ദേശങ്ങൾ അവഗണിക്കാതിരിക്കുക. എല്ലാം മാറി നല്ലൊരു നാളെ പുലരാനായി പ്രാർത്ഥിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

തിക്കുറിശ്ശി ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ജോജു ജോര്‍ജ് മികച്ച നടന്‍, ലിജോ മോള്‍ നടി
'ഇയാള്‍ ഇപ്പോഴാണോ ഇറങ്ങണേ'? ഫൈനല്‍ വേദിയില്‍ നിന്നുള്ള ചിത്രവുമായി പെപ്പെ, ചോദ്യത്തിനുള്ള മറുപടി വൈറല്‍