ലിജോ ജോസ് പെല്ലിശ്ശേരിയുടെ അരങ്ങേറ്റ ചിത്രമായ 'നായകൻ' വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു

ഇന്ദ്രജിത്ത് സുകുമാരന്‍ നായകനായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ 2010 ല്‍ പുറത്തിറങ്ങിയ സിനിമ 'നായകന്‍' റീറിലീസ് ചെയ്യുന്നു. പതിനാറ് വർഷങ്ങൾക്ക് ശേഷം 4K ദൃശ്യമികവിൽ സെപ്റ്റംബർ 4 ന് ആണ് ചിത്രം തിയറ്ററുകളിലെത്തുക. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത്. തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാൻ എത്തുന്ന, വരദനുണ്ണി എന്ന കഥകളി കലാകാരനെയാണ് ഇന്ദ്രജിത്ത് ചിത്രത്തില്‍ അവതരിപ്പിച്ചത്.

പി.എസ് റഫീക്കിൻ്റെ രചനയിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഇന്ദ്രജിത്തിന് പുറമെ തിലകന്‍, ജഗതി ശ്രീകുമാര്‍, ധന്യ മേരി വര്‍ഗീസ്, സിദ്ദിഖ്, വിജയരാഘവൻ, ലാലു അലക്‌സ്, കലാശാല ബാബു, ചെമ്പൻ വിനോദ് ജോസ്, ശ്രീജിത്ത് രവി, അനിൽ മുരളി, സാലു കെ ജോർജ്ജ്, ശിവജ്, കിരൺരാജ്, ടോഷ് ക്രിസ്റ്റി, മജീദ്, രാജീവ് കളമശ്ശേരി, അംബികാ മോഹൻ എന്നിവരും നായകനില്‍ ഒന്നിച്ചു. ഇല്ലുമിനാറ്റോ ഫിലിംസിൻ്റെ ബാനറിൽ അനൂപ് ജോൺസൺ കരേടൻ ആണ് ചിത്രം നിർമിച്ചത്.

റിലീസ് വേളയിൽ ചിത്രം പരാജയപ്പെട്ടെങ്കിലും, ഇന്ദ്രജിത്തിന്റെ അഭിനയ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് വരദനുണ്ണി എന്ന കഥാപാത്രം. ദേവദൂതൻ, ഛോട്ടാ മുംബൈ, ഫ്രണ്ട്‌സ്, സമ്മർ ഇൻ ബത്ലഹേം എന്നീ സിനിമകൾക്ക് ശേഷം ഹൈ സ്റ്റുഡിയോസ് ആണ് നായകൻ്റെ 4K ഡോൾബി അറ്റ്മോസിൽ റീമാസ്റ്ററിംഗ് ചെയ്യുന്നത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. മനോജ് പരമഹംസയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ളയുടെ ശ്രദ്ധേയമായ സംഗീതവും നോൺ-ഇൻട്രൂസീവ് സ്കോറും സിനിമയെപ്പോലെ തന്നെ ഏറെ വേറിട്ട ഒന്നായിരുന്നു പ്രേക്ഷകന്.

എഡിറ്റർ: മനോജ്, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ആർട്ട്: സാലു കെ ജോർജ്ജ്, പ്രൊഡക്ഷൻ കൺട്രോളർ: അനിൽ മാത്യു, മേക്കപ്പ്: രാജീവ് അങ്കമാലി, കോസ്റ്റ്യൂംസ്: സുനിൽ റഹ്മാൻ, ക്രിയേറ്റീവ് വിഷനറി ഹെഡ്: ബോണി അസനാർ, പ്രോജക്ട് ഡിസൈനർ: അഭിമന്യു കൃഷ്ണൻ, കളറിസ്റ്റ്: ഷാൻ ആഷിഫ്, സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോസ് & സപ്ത റെക്കോർഡ്സ്, അറ്റ്മോസ് മിക്സിംഗ്: ഹരിനാരായണൻ, മാർക്കറ്റിംഗ് ഹെഡ്: ജിബിൻ ജോയ്, റീസ്റ്റോറേഷൻ: അരുൺ സി.എസ്, മാർക്കറ്റിംഗ് & ഡിസ്ട്രിബ്യൂഷൻ: ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ്, സ്റ്റിൽസ്: കാഞ്ചൻ, ഡിസൈൻസ്: അർജുൻ@ ഹൈ സ്റ്റുഡിയോസ്, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming