
ബോളിവുഡ് സിനിമയുടെ പ്രധാന സീസണുകളിലൊന്നാണ് ഈദ്. ഈദിന് വലിയ ഹൈപ്പുമായി എത്താറുള്ളത് സല്‍മാന്‍ ഖാന്‍ ചിത്രങ്ങളും. ഒരിടവേളയ്ക്കു ശേഷമാണ് മറ്റൊരു സല്‍മാന്‍ ഖാന്‍ ചിത്രം ഈദ് റിലീസ് ആയി തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. ഫര്‍ഹാദ് സാംജി സംവിധാനം ചെയ്തിരിക്കുന്ന കിസീ കാ ഭായ് കിസീ കി ജാന്‍ ആണ് ആ ചിത്രം. ലോകമെമ്പാടുമായി 5700 ല്‍ അധികം സ്ക്രീനുകളിലാണ് ചിത്രം ഇന്ന് പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ദിന പ്രതികരണങ്ങളാണ് ട്വിറ്ററില്‍ നിറയെ. ഒന്നുകില്‍ വമ്പന്‍ ഹിറ്റ്, പരാജയപ്പെടുന്നപക്ഷം വന്‍ പരാജയം ഇങ്ങനെ രണ്ട് തരത്തിലാണ് ഇന്ന് സിനിമയുടെ ബോക്സ് ഓഫീസ് വിജയ പരാജയങ്ങള്‍. എന്തായാലും പരാജയ വഴിയേ നീങ്ങില്ല കിസീ കാ ഭായ് കിസീ കി ജാന്‍ എന്നാണ് ആദ്യദിന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.
മാസ് മസാല ചിത്രമെന്നും ആദ്യാവസാനം സല്‍മാന്‍ ഖാന്‍ ഷോ ആണെന്നുമാണ് ചിത്രത്തെക്കുറിച്ച് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് പറഞ്ഞിരിക്കുന്നത്. സല്‍മാന്‍ ഖാന്‍റെ താരപരിവേഷത്തില്‍ ഊന്നിയാണ് ചിത്രത്തിന്‍റെ മുഴുനീള യാത്ര. ഗംഭീര ആക്ഷന്‍ സീക്വന്‍സുകളും സൌണ്ട് ട്രാക്കും ദൃശ്യഭംഗിയുള്ള ഫ്രെയ്നുകളുമൊക്കെ ചിത്രത്തിന്‍റെ പ്ലസ് ആണ്. തിരക്കഥയിലെ പോരായ്മ മൂലം പ്രശ്നം നേരിടുന്ന ആദ്യപകുതിയേക്കാള്‍ രണ്ടാം പകുതിയാണ് മികച്ച് നില്‍ക്കുന്നതെന്നും സല്‍മാന്‍ ആരാധകര്‍ക്ക് ചിത്രം ഉറപ്പായും ഇഷ്ടമാവുമെന്നും തരണ്‍ ട്വിറ്ററില്‍ കുറിച്ചു.
പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും മികച്ച പ്രകടനങ്ങളുമാണ് അവിടവിടെ പ്രശ്നങ്ങളുണ്ടെങ്കില്‍ കൂടി ചിത്രത്തെ മികച്ച എന്‍റര്‍ടെയ്നര്‍ ആക്കുന്നതെന്ന് മറ്റൊരു ട്രേഡ് അനലിസ്റ്റ് ആയ നിഷിത് ഷാ ട്വീറ്റ് ചെയ്തു. അഞ്ചില്‍ മൂന്നര റേറ്റിംഗും അദ്ദേഹം നല്‍കിയിട്ടുണ്ട്. ദേശീയ മാധ്യമങ്ങളില്‍ മിക്കതും ചിത്രത്തിന് അഞ്ചില്‍ മൂന്നോ അതിന് മുകളിലോ റേറ്റിംഗ് ആണ് നല്‍കിയിരിക്കുന്നത്. ഉത്തരേന്ത്യന്‍ സിംഗിള്‍ സ്ക്രീനുകളുടെ പ്രിയ താരമാണ് സല്‍മാന്‍. ചിത്രത്തിന് എബോ ആവറേജ് അഭിപ്രായം ലഭിച്ചതോടെ ഈദ് വാരാന്ത്യത്തില്‍ മികച്ച ഓപണിംഗ് ലഭിക്കുമെന്ന് ഉറപ്പാണ്.
സല്‍മാന്‍ ഖാന്‍ ഫിലിംസിന്‍റെ ബാനറില്‍ സല്‍മാന്‍ ഖാന്‍ തന്നെ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ വി മണികണ്ഠന്‍ ആണ്. അസോസിയേറ്റ് പ്രൊഡ്യൂസര്‍ ഷമിറാ നമ്പ്യാര്‍, സംഗീതം ഹിമേഷ് രഷമിയ, രവി ബസ്‍രൂര്‍, സുഖ്‍ബീര്‍ സിംഗ്, ദേവി ശ്രീ പ്രസാദ്, സാജിദ് ഖാന്‍, പായല്‍ ദേവ്, അമാല്‍ മാലിക് എന്നിവരാണ്. പശ്ചാത്തല സംഗീതം രവി ബസ്‍രൂര്‍, എഡിറ്റിംഗ് മയൂരേഷ് സാവന്ത്, പ്രൊഡക്ഷന്‍ ഡിസൈന്‍ രജത് പൊദ്ദാര്‍.
ALSO READ : 'എന്ത് ചെയ്യുന്നു'? ഒമറിനോട് വിഷ്‍ണുവിന്‍റെ ചോദ്യം; സംവിധായകന്‍റെ മറുപടി