ഈ സീസണിലെ രണ്ടാമത്തെ വൈല്‍ഡ് കാര്‍ഡ് ആയി ഇന്നലെയായിരുന്നു ഒമര്‍ ലുലുവിന്‍റെ കടന്നുവരവ്

ബിഗ് ബോസ് മലയാളം സീസണ്‍ 5 ഒരു മാസം പൂര്‍ത്തിയാക്കാനൊരുങ്ങവെ രണ്ടാമത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഇന്നലെ എത്തിയിരുന്നു. ചലച്ചിത്ര സംവിധായകന്‍ ഒമര്‍ ലുലുവാണ് ബിഗ് ബോസിലേക്ക് പുതുതായി എത്തിയിരിക്കുന്ന മത്സരാര്‍ഥി. ബിഗ് ബോസിലേക്ക് എത്തിയെക്കുമെന്ന് പ്രെഡിക്ഷന്‍ ലിസ്റ്റുകളിലൊക്കെ നേരത്തെ ഇടംപിടിച്ചിരുന്ന ഒമറിന്‍റെ കടന്നുവരവ് ഹൗസില്‍ നിലവിലുള്ള ബലതന്ത്രങ്ങളെ മാറ്റുമോ എന്ന് കണ്ടറിയണം. ബി​ഗ് ബോസിന്‍റെ ആവശ്യപ്രകാരം ഒമര്‍ സ്വയം പരിചയപ്പെടുത്തിയതിനിടയ്ക്ക് മറ്റൊരു മത്സരാര്‍ഥിയായ വിഷ്ണുവിന്‍റെ കുസൃതിച്ചോദ്യം ഒമറിനെ ഒരു നിമിഷം സ്തബ്ധനാക്കി. 'എന്ത് ചെയ്യുന്നു' എന്നായിരുന്നു വിഷ്ണുവിന്‍റെ ചോദ്യം.

ഒമര്‍ ലുലു എന്ന പേര് വരാനുണ്ടായ സാഹചര്യം പറഞ്ഞുകൊണ്ടായിരുന്നു ഒമറിന്‍റെ തുടക്കം. "ഒമര്‍ അബ്ദുള്‍ വഹാബ് എന്നാണ് എന്‍റെ ശരിക്കും പേര്. വീട്ടില്‍ വിളിക്കുന്ന പേരാണ് ലുലു. ഒമര്‍ എന്ന എന്‍റെ പേര് ബന്ധുക്കള്‍ക്ക് അറിയില്ല. ലുലു എന്നാണ് അവരൊക്കെ വിളിക്കുക. സ്കൂളില്‍ ഒമര്‍. ഫേസ്ബുക്ക് തുടങ്ങിയ സമയത്ത് ഒമര്‍ എന്നും ലുലു എന്നും ചേര്‍ത്തു. ആദ്യത്തെ ഫിലിം ചെയ്യുന്ന സമയത്ത് ഫേസ്ബുക്കിലെ പേരാണ് വാര്‍ത്തകളിലൊക്കെ വന്നത്. ഒമര്‍ ലുലു എന്ന്. അത് കൊള്ളാമല്ലോ എന്ന് എനിക്കും തോന്നി. അങ്ങനെ ഒമര്‍ ലുലു ആയി. എന്നെപ്പറ്റി പ്രത്യേകിച്ച് ഒന്നും പറയാനില്ല".

എവിടുന്നാ വരുന്നെ? എന്ന ​ഗോപികയുടെ ചോദ്യത്തിന് തൃശൂര് നിന്ന് എന്ന് ഒമര്‍ മറുപടി പറഞ്ഞു. "തൃശൂര്. ദേ ഇവന്റെ വീടിന് അടുത്തു നിന്നാണ് വരുന്നത്. (സാ​ഗറിനെ ചൂണ്ടിക്കാട്ടിക്കൊണ്ട്). ഞങ്ങള്‍ തൃശൂരുകാര്‍ക്ക് ഉള്ള സ്ഥായീഭാവമാണ് ഇത്, പുച്ഛം. ഭാര്യയും കുട്ടികളും അല്‍ എയ്നിലാണ്. അവര്‍ അവധിക്ക് പോയതാണ്. തിരിച്ചെത്തും". എത്ര കുട്ടികളാണെന്ന മനീഷയുടെ ചോദ്യത്തിന് മൂന്ന് പേര്‍ എന്ന് മറുപടി പറഞ്ഞു. 

തുടര്‍ന്നായിരുന്നു വിഷ്ണുവിന്‍റെ ചോദ്യം. "എന്താ ചെയ്യുന്നത്"?, വിഷ്ണു ചോദിച്ചു. ഒരു നിമിഷം പതറിയെങ്കിലും അത് പുറത്തുകാട്ടാതെ ഒമര്‍ മറുപടി പറഞ്ഞു- "എന്താ ചെയ്യുന്നതെന്ന് ചോദിച്ചാല്‍.. ആര് ഞാനോ? ഞാന്‍ ഫിലിം ഡയറക്ടര്‍ ആണ്. അ‍ഡാറ് ലവ് കണ്ടിട്ടുണ്ടോ? അതാണ് എന്‍റെ ഏറ്റവും റീച്ച് കിട്ടിയ പടം. ഫസ്റ്റ് ഫിലിം ഹാപ്പി വെഡ്ഡിം​ഗ്, ചങ്ക്സ്, ധമാക്ക. നല്ല സമയം എന്ന ഒരു ചിത്രം മിനി‍ഞ്ഞാന്ന് റിലീസ് ആയിട്ടുണ്ടായിരുന്നു. അതിന്‍റെ തെറിവിളി എഫ്ബിയില്‍ കേട്ടുകൊണ്ടിരിക്കുമ്പോഴാണ് അതില്‍ നിന്ന് രക്ഷപെട്ട് ഞാന്‍ ഇങ്ങോട്ട് ഓടിവന്നത്", ഒമര്‍ പറഞ്ഞു.

എന്നാല്‍ എതിര്‍ മത്സരാര്‍ഥിക്ക് നേര്‍ക്ക് കൗശലപൂര്‍വ്വമുള്ള പെരുമാറ്റമായിരുന്നു വിഷ്ണുവിന്‍റേത്. ഒമര്‍ ഹൗസിലേക്ക് എത്തിയപ്പോള്‍ ആദ്യം പോയി ഹ​ഗ് ചെയ്ത ഒരാള്‍ വിഷ്ണു ആയിരുന്നു. ഒമര്‍ സ്വയം പരിചയപ്പെടുത്തിയപ്പോള്‍ അറിയാം എന്നും വിഷ്ണു പറഞ്ഞിരുന്നു. എന്ത് ചെയ്യുന്നു എന്ന ചോദ്യം ചിരിയോടെയാണ് വിഷ്ണു ചോദിച്ചതും.

ALSO READ : 'ഏജന്‍റ്' ട്രെയ്‍ലറില്‍ എന്തുകൊണ്ട് മമ്മൂട്ടിക്ക് രണ്ട് ശബ്‍ദം? കാരണം ഇതാണ്