
വിവിധ രാജ്യാന്തര ചലച്ചിത്രമേളകളിലൂടെ ഇതിനകം പേരെടുത്തതാണ് 'അറിയിപ്പ്'. മഹേഷ് നാരായണന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിന് അന്തര്‍ദ്ദേശീയ പ്രശംസ ലഭിച്ചിരുന്നു. 'അറിയിപ്പ്' ലൊക്കാര്‍ണോ ചലച്ചിത്രോത്സവത്തിലായിരുന്നു വേള്‍ഡ് പ്രീമിയര്‍. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തിലും തെരഞ്ഞെടുക്കപ്പെട്ട ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.
'അറിയിപ്പി'ന്റെ റിലീസും പ്രഖ്യാപിച്ചിച്ചാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. ഡയറക്ട് ഒടിടി റിലീസായി എത്തുന്ന ചിത്രം നെറ്റ്‍ഫ്ലിക്സില്‍ 16 മുതലാണ് സ്‍ട്രീം ചെയ്യുക. സനു വര്‍ഗീസാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. രാഹുല്‍ രാധാകൃഷ്‍ണനും മഹേഷ് നാരായണനുമാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.
'മാലിക്കി'ന് ശേഷം മഹേഷ് നാരായണന്റെ സംവിധാനത്തില്‍ പുറത്തെത്തുന്ന ചിത്രമാണിത്. 'ഹരീഷ്' എന്നാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. 'രശ്‍മി' എന്നാണ് നായികയായെത്തുന്ന ദിവ്യപ്രഭയുടെ കഥാപാത്രത്തിന്‍റെ പേര്. ദില്ലിയിലെ ഒരു മെഡിക്കല്‍ ഗ്ലൗസ് ഫാക്റ്ററിയില്‍ ജോലിക്ക് എത്തുകയാണ് മലയാളികളായ 'ഹരീഷ്'- 'രശ്‍മി' ദമ്പതികള്‍. മെച്ചപ്പെട്ട ജീവിതത്തിനായി വിദേശത്തേക്ക് പോകണമെന്നാണ് ഇരുവരുടെയും ആഗ്രഹം. കൊവിഡ് കാലത്ത് ഒരു പഴയ വീഡിയോ ഫാക്റ്ററി തൊഴിലാളികള്‍ക്കിടയില്‍ പ്രചരിക്കപ്പെടുന്നതോടെ ഇരുവരുടെയും ജോലിയെയും ദാമ്പത്യത്തെയും അത് ദോഷകരമായി ബാധിക്കുന്നു. ഡാനിഷ് ഹുസൈൻ, ലൗവ്‍ലീൻ മിശ്ര, ഫൈസല്‍ മാലിക്, സിദ്ധാര്‍ഥ് ഭദദ്വാജ്, ഡിംപി മിശ്ര എന്നിവരും 'അറിയിപ്പി'ല്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
മഹേഷ് നാരായണന്റെ സംവിധാനത്തില്‍ നാലാമതായി എത്തുന്ന ചിത്രമാണ് 'അറിയിപ്പ്'. 'ടേക്ക് ഓഫ്', 'മാലിക്', 'സി യു സൂണ്‍' എന്നിവയാണ് മുന്‍ ചിത്രങ്ങള്‍. ചിത്രത്തിന്‍റെ രചനയും മഹേഷിന്‍റേതു തന്നെയാണ്. ഷെബിൻ ബക്കര്‍ പ്രൊഡക്ഷൻസ്, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, മൂവിംഗ് നറേറ്റീവ്സ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം.
Read More: ട്രൂ ലെജന്‍ഡ് - ഫ്യൂച്ചര്‍ ഓഫ് യങ് ഇന്ത്യ അവാര്‍ഡ് രാം ചരണിന്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ