
വലിയ അവകാശവാദങ്ങളോ പരസ്യ ബഹളങ്ങളോ ഇല്ലാതെ മാർച്ച് 18ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് '21 ഗ്രാംസ്'. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ മികച്ച അഭിപ്രായം നേടി 25 ആം ദിവസത്തിലേയ്ക്ക് വിജയകരമായി കടന്നിരിക്കുകയാണ് ചിത്രം. സിനിമാ ഇൻഡസ്ട്രിയിൽ നിന്ന് തന്നെ നിരവധി പ്രമുഖരാണ് ചിത്രത്തെ പ്രശംസിച്ച് കൊണ്ട് ഇതിനോടകം സോഷ്യൽ മീഡിയയിൽ എത്തിയത്. ജിത്തു ജോസഫ്, മിഥുൻ മാനുവൽ തുടങ്ങിയ പ്രമുഖ സംവിധായകർ ഒക്കെ ചിത്രത്തെക്കുറിച്ച് ഗംഭീര അഭിപ്രായങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് പ്രശംസകളുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്.
ലാൽ ജോസിന്റെ കുറിപ്പ്
21 ഗ്രാംസ് കണ്ടു. നല്ല തീയേറ്റർ എക്സിപീരിയൻസ് അടുത്തിനിയെന്ത് സംഭവിക്കും എന്ന ചോദ്യം ഓരോ നിമിഷവും പ്രേക്ഷകനിൽ ജനിപ്പിക്കുന്ന ചിത്രം. വമ്പൻ പടങ്ങൾക്കിടയിലും തീയറ്റർ നിറക്കാൻ ഈ സിനിമക്ക് സാധിക്കുന്നുവെന്നത് വലിയ കാര്യം. നവാഗത സംവിധായകൻ ബിബിൻ കൃഷ്ണ കൈയ്യൊതുക്കത്തോടെ കഥ പറഞ്ഞിരിക്കുന്നു. അനൂപ് മേനോനും ഒപ്പം അഭിനയിച്ചവരും നന്നായി. Congratulations team 21 Grams.
അദ്യ ദിനങ്ങൾ മുതൽ നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഗംഭീര അഭിപ്രായം നേടിയെടുത്ത് ബോക്സ് ഓഫീസിൽ ഒരു കറുത്തകുതിരയായി മാറുകയായിരുന്നു ചിത്രം! പുറകെ സിനിമാ ഇൻഡസ്ട്രിയിൽ നിന്ന് തന്നെയും, ധാരാളം പ്രമുഖരിൽ നിന്നും മികച്ച അഭിപ്രായങ്ങൾ നേടിയെടുക്കാൻ തുടങ്ങിയതോടെ ചിത്രത്തിൻ്റെ തലവരയും തെളിഞ്ഞു. തുടക്കത്തിൽ നിന്ന് നാല് ദിവസം പിന്നിട്ടപ്പോൾ തന്നെ നിരവധി തിയേറ്ററുകളിൽ ചിത്രത്തിനായി അധിക ഷോകൾ കളിക്കാൻ തുടങ്ങിയിരുന്നു.
'ദി ഫ്രന്റ് റോ പ്രൊഡക്ഷൻസിന്റെ' ബാനറിൽ റിനിഷ് നിർമിച്ച ഈ ചിത്രത്തിൽ അനൂപ് മേനോൻ, അനു മോഹൻ, ലിയോണ ലിഷോയ്, ചന്തുനാഥ്, ലെന, രഞ്ജിത്, രഞ്ജി പണിക്കർ, മറീന മൈക്കൾ, നന്ദു, പ്രശാന്ത് അലക്‌സാണ്ടർ തുടങ്ങിയ ഒരു വല്യ താരനിര കൂടി അഭിനയിച്ചിരിക്കുന്നു. ദീപക് ദേവ് ഈണം ഒരുക്കിയ ഗാനങ്ങൾക്ക് വിനായക് ശശികുമാർ രചന നിർവഹിച്ചിരിക്കുന്നു. ജിത്തു ദാമോദർ ഛായാഗ്രഹണവും അപ്പു എൻ ഭട്ടതിരി ചിത്രസംയോജനവും ഒരുക്കിയിരിക്കുന്നു. ഡിജിറ്റൽ മാർക്കറ്റിംഗ്: എം ആർ പ്രൊഫഷണൽ.