
കൊച്ചി: പ്രിന്‍സ് സിനിമയുടെ ലോഞ്ചിംഗ് വേളയില്‍ പ്രമുഖ നടനെതിരെ നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി നിര്‍മ്മാതാവ ലിസ്റ്റിൻ സ്റ്റീഫൻ. ഒരു താരത്തിനെതിരെയും പറയാൻ കഴിയാത്ത സാഹചര്യമാണ് ഇവിടെ എന്നാണ് നിര്‍മ്മാതാവ് പറയുന്നത്. ഒരാളെ താരമാക്കുന്നതിന് മുൻകൈയ്യെടുക്കുന്നത് നിർമ്മാതാക്കളാണ് എന്നും ലിസ്റ്റിന്‍ പറഞ്ഞു.
താരത്തിന്റെ ആരാധകർ സമൂഹ മാധ്യമം വഴി ആക്രമിക്കുകയാണ്. താന്‍ നിവിനെതിരെ പരാമർശം നടത്തിയിട്ടില്ലെന്നും ലിസ്റ്റിന്‍ പറഞ്ഞു. ലിസ്റ്റിൻ മലയാള സിനിമയെ ഒറ്റിയെന്ന നിര്‍മ്മാതാവ് സാന്ദ്രാ തോമസിന്റെ ആരോപണത്തോടും ലിസ്റ്റിന്‍ പ്രതികരിച്ചു. മലയാള സിനിമയുടെ കണക്കുകൾ പുറത്തു വിടുന്നത് ലിസ്റ്റിൻ സ്റ്റീഫനല്ലാ
. സാന്ദ്രയെ നേരത്തെയുള്ള പ്രശ്നത്തിൽ പിന്തുണച്ചിരുന്നില്ല എന്നതായിരിക്കും ഇപ്പോഴത്തെ പ്രതികരണത്തിന് കാരണം. എന്നാല്‍ സാന്ദ്ര ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ മനസ്സിലാകുന്നില്ല
എന്താണ് സാന്ദ്ര ഉദ്ദേശിക്കുന്നത് എന്ന് മനസിലാകുന്നില്ല. സിനിമാ വ്യവസായത്തിൽ മറയില്ല. പലിശയ്ക്ക് പണമെടുക്കുന്നത് സിനിമ വ്യവസായത്തിൽ പതിവാണെന്നും ലിസ്റ്റിന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനെതിരെ സാന്ദ്രാ തോമസ് രംഗത്ത് എത്തിയിരുന്നു. തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താൽപര്യങ്ങൾക്ക് വഴിവെട്ടാൻ മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിൻ ചെയ്യരുതെന്ന് സാന്ദ്ര പറയുന്നു.
മലയാള സിനിമയുടെ സമസ്ത മേഖലകളും ലിസ്റ്റിന്റെ കൈപ്പിടിയിൽ ഒതുങ്ങണമെന്ന താൽപര്യം അദ്ദേഹത്തേക്കാൾ കൂടുതൽ സംസ്ഥാനത്തിന് പുറത്തുള്ള കള്ളപ്പണ ലോബിക്കാണെന്നും സാന്ദ്ര ആരോപിച്ചു. ലിസ്റ്റിൻ മലയാള സിനിമ രംഗത്ത് സൃഷ്ടിക്കുന്ന ‘പലിശ കുത്തകകൾ’ കാര്യം നടന്നു കഴിഞ്ഞാൻ നിങ്ങളെയും വിഴുങ്ങുമെന്നും അവർ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഓര്‍മ്മിപ്പിച്ചു.
കഴിഞ്ഞ ദിവസം ലിസ്റ്റിന്‍ സ്റ്റീഫന്‍ മലയാള സിനിമയിലെ ഒരു പ്രമുഖ താരത്തിനെതിരെ, പേര് വെളിപ്പെടുത്താതെ നടത്തിയ വിമര്‍ശനം വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ദിലീപിനെ നായകനാക്കി താന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ ടീസര്‍ ലോഞ്ച് വേദിയിലായിരുന്നു ലിസ്റ്റിന്‍റെ വിമര്‍ശനം.
മലയാള സിനിമയിലെ പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്നായിരുന്നു ലിസ്റ്റിന്‍റെ വാക്കുകള്‍. ആ നടന്‍ വലിയൊരു മാലപ്പടക്കത്തിന് തിരി കൊളുത്തിയിട്ടുണ്ട്. ആ തെറ്റ് ഇനി ആവർത്തിക്കരുത്. താനീ പറയുന്നത് ആ താരത്തിന് മനസിലാകുമെന്ന് പറഞ്ഞ ലിസ്റ്റിൻ സ്റ്റീഫൻ ആ തെറ്റ് വലിയ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും പറഞ്ഞിരുന്നു.
ഈ താക്കീതിലൂടെ ലിസ്റ്റിന്‍ ആരെയാണ് ഉദ്ദേശിച്ചത് എന്നതിന്‍റെ സൂചനകള്‍ ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്.
ലിസ്റ്റിന്‍ ഉദ്ദേശിച്ചത് നിവിന്‍ പോളിയെ ആണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ലിസ്റ്റിന്‍റെ പുതിയ പ്രതികരണം.