ഗിരീഷ് ഗംഗാധരനെ 'വിക്ര'ത്തിലേക്ക് സ്വാഗതം ചെയ്‍ത് ലോകേഷ് കനകരാജ്

By Web TeamFirst Published Jul 2, 2021, 8:34 PM IST
Highlights

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് വിക്രം. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് നിര്‍മ്മാണം. 

കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'വിക്ര'ത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുക ഗിരീഷ് ഗംഗാധരന്‍ ആയിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ വിവരം സ്ഥിരീകരിച്ചിരിക്കുകയാണ് ലോകേഷ്. "നിങ്ങളെ ഒപ്പം ലഭിച്ചതില്‍ സന്തോഷം, ഗിരീഷ് ഗംഗാധരന്‍ ബ്രദര്‍", ഗിരീഷിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ലോകേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മറ്റു താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നും സംവിധായകന്‍ അറിയിക്കുന്നു.

കമലിന്‍റെ കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ ടൈറ്റില്‍ പ്രഖ്യാപിച്ച ചിത്രത്തിന്‍റെ ഛായാഗ്രാഹകനായി ആദ്യം നിശ്ചയിച്ചിരുന്നത് സത്യന്‍ സൂര്യനെയാണ്. ലോകേഷിന്‍റെ മുന്‍ ചിത്രങ്ങളായ കൈതിയുടെയും മാസ്റ്ററിന്‍റെയും ഛായാഗ്രഹണം സത്യന്‍ ആയിരുന്നു. എന്നാല്‍ മറ്റു ചില ചിത്രങ്ങളുടെയും ഷെഡ്യൂളുകള്‍ ഒരുമിച്ചെത്തിയതിനാല്‍ അദ്ദേഹം പിന്മാറുകയായിരുന്നു. 

സമീര്‍ താഹിറിന്‍റെ 'നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി'യിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായ ഗിരീഷ് ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ തന്നെ ശ്രദ്ധേയ ഛായാഗ്രാഹകനാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ്, ജല്ലിക്കട്ട്, ജോണ്‍പോള്‍ ജോര്‍ജിന്‍റെ ഗപ്പി, ശ്യാമപ്രസാദിന്‍റെ ഹേയ് ജൂഡ് തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങള്‍. എ ആര്‍ മുരുഗദോസിന്‍റെ വിജയ് ചിത്രം സര്‍ക്കാരിലൂടെ ആയിരുന്നു തമിഴ് അരങ്ങേറ്റം. 

അതേസമയം ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് വിക്രം. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് നിര്‍മ്മാണം. സംഗീതം അനിരുദ്ധ്. ഛായാഗ്രഹണം സത്യന്‍ സൂര്യന്‍. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്. പ്രതിനായക കഥാപാത്രമായി ഫഹദ് ഫാസില്‍ ചിത്രത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നരേന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

click me!