അഖില്‍ അക്കിനേനിയുടെ വില്ലനാവാന്‍ മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക്? 'ഏജന്‍റ്' വരുന്നു

By Web TeamFirst Published Jul 2, 2021, 7:15 PM IST
Highlights

'സൈറാ നരസിംഹ റെഡ്ഡി' ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സുരേന്ദര്‍ റെഡ്ഡി ഒരുക്കുന്ന ചിത്രം

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി വീണ്ടും ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. 'സൈറാ നരസിംഹ റെഡ്ഡി' ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സുരേന്ദര്‍ റെഡ്ഡി ഒരുക്കുന്ന പുതിയ ചിത്രം 'ഏജന്‍റി'ലാണ് മമ്മൂട്ടി അഭിനയിക്കുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഖില്‍ അക്കിനേനി നായകനാവുന്ന ചിത്രത്തില്‍ പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

എസ്പ്യനാജ് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമായിരിക്കും ഏജന്‍റ്. ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ഫിലിം സിരീസ് ആയ 'ബോണി'ലെ കഥാപാത്രത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടതാവും അഖിലിന്‍റെ കഥാപാത്രമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പുതുമുഖം സാക്ഷി വൈദ്യ നായികയാവുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഈ മാസം ഹൈദരാബാദില്‍ ആരംഭിക്കും. 

 

2019ല്‍ പുറത്തിറങ്ങിയ 'യാത്ര'യാണ് മമ്മൂട്ടി അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയജീവിതം ആവിഷ്‍കരിച്ച ചിത്രത്തില്‍ വൈഎസ്ആറായി എത്തിയത് മമ്മൂട്ടി ആയിരുന്നു. 2004 നിയമസഭാ തെരഞ്ഞെടുപ്പില്‍, ചിത്രത്തിലില്ലാതിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ അധികാരത്തിലെത്താന്‍ സഹായിച്ച, വൈഎസ്ആര്‍ നടത്തിയ 1475 കി.മീ. നീണ്ട പദയാത്രയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ചിത്രം. രചനയും സംവിധാനവും മഹി വി രാഘവ് ആയിരുന്നു. ചിത്രം വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

അതേസമയം മമ്മൂട്ടിക്ക് പൂര്‍ത്തിയാക്കാനുള്ള മലയാള ചിത്രം അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ഭീഷ്‍മ പര്‍വ്വം' ആണ്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനുശേഷം എത്തുന്ന അമല്‍ നീരദ്- മമ്മൂട്ടി ചിത്രം ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണെന്നാണ് അറിയുന്നത്. ചിത്രത്തിന്‍റെ പുറത്തെത്തിയ ഫസ്റ്റ് ലുക്കില്‍ താടിയും മുടിയും നീട്ടിയ ഗെറ്റപ്പിലായിരുന്നു മമ്മൂട്ടിയുടെ നായക കഥാപാത്രം. അതേസമയം കൊവിഡ് സാഹചര്യം പരിഗണിച്ച് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ് ഇപ്പോള്‍. കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റമുണ്ടായതിനു ശേഷം മാത്രമായിരിക്കും ഷെഡ്യൂള്‍ പുനരാരംഭിക്കുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!