ഇന്ത്യന്‍ സിനിമയില്‍ ആദ്യമായാണ് ഇത്രയും കുറഞ്ഞ കാലയളവിനുള്ളില്‍ ഒരു ചിത്രം റീ റിലീസ് ചെയ്യപ്പെടുന്നത്

സിനിമകളുടെ റീ റിലീസ് ഇന്ത്യന്‍ സിനിമയില്‍ ട്രെന്‍ഡ് ആയിട്ട് ഏതാനും വര്‍ഷങ്ങളായി. ഹിന്ദിയിലും തമിഴിലുമൊക്കെ ആരംഭിച്ച ട്രെന്‍ഡ് മലയാളത്തിലേക്കും എത്തിയിരുന്നു. കള്‍ട്ട് പദവി ലഭിച്ചിട്ടുള്ള പഴയ ചിത്രങ്ങളും അല്ലെങ്കില്‍ ആദ്യ റിലീസില്‍ വേണ്ടത്ര ശ്രദ്ധ നേടാതെ പോയ ചിത്രങ്ങളുമൊക്കെയാണ് ഇത്തരത്തില്‍ റീ റിലീസ് ചെയ്യപ്പെട്ടത്. എന്നാല്‍ അവയൊക്കെ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് തിയറ്ററുകളിലേക്ക് വീണ്ടും എത്തിയത്, അതും പലപ്പോഴും റീമാസ്റ്ററിംഗ് കഴിഞ്ഞ്. ഇപ്പോഴിതാ നന്നേ കുറഞ്ഞ കാലയളവിനുള്ളിലെ റീ റിലീസ് പ്രഖ്യാപനത്തിലൂടെ ശ്രദ്ധ നേടുകയാണ് ഒരു ചിത്രം.

കപില്‍ ശര്‍മ്മയെ നായകനാക്കി അനുകല്‍പ് ഗോസ്വാമി രചനയും സംവിധാനവും നിര്‍വ്വഹിച്ച കിസ് കിസ്കോ പ്യാര്‍ കരൂണ്‍ 2 എന്ന ഹിന്ദി ചിത്രമാണ് അതിവേഗത്തിലുള്ള റീ റിലീസ് പ്രഖ്യാപനത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. ഡിസംബര്‍ 12 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. പോസിറ്റീവ് അഭിപ്രായങ്ങളുമാണ് ചിത്രത്തിന് ലഭിച്ചത്. ആദ്യ വാരാന്ത്യത്തില്‍ മികച്ച കളക്ഷന്‍ നേടിയെങ്കിലും തുടര്‍ ദിനങ്ങളില്‍ മികച്ച ഹോള്‍ഡ് നിലനിര്‍ത്താന്‍ ചിത്രത്തിന് സാധിച്ചില്ല. മറ്റ് ചിത്രങ്ങള്‍ സൃഷ്ടിച്ച കോമ്പറ്റീഷനായിരുന്നു ഇതിന് ഒരു പ്രധാന കാരണം. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഇന്ത്യന്‍ ഹിറ്റ് ആയ ധുരന്ദര്‍ അടക്കമുള്ള ചിത്രങ്ങള്‍ ആളെ കൂട്ടിയപ്പോള്‍ കിസ് കിസ്കോ പ്യാര്‍ കരൂണ്‍ 2 ന് അത് സാധിക്കാതെപോയി. കാര്‍ത്തിക് ആര്യന്‍റെ തൂ മേരി മേം തേരാ മേം തേര തു മേരി അടക്കമുള്ള ക്രിസ്മസ് റിലീസുകള്‍ കൂടി എത്തിയതോടെ തിയറ്ററുകളിലെ വാഷ് ഔട്ട് പൂര്‍ണ്ണമായി.

35 കോടി ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രത്തിന് 16.22 കോടിയേ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടാനായുള്ളൂ. തങ്ങളുടെ ചിത്രം ഇതിലും മികച്ച കളക്ഷനും പ്രേക്ഷക സ്വീകാര്യതയും അര്‍ഹിക്കുന്നുണ്ടെന്ന നിര്‍മ്മാതാക്കളുടെ വിലയിരുത്തലില്‍ നിന്നാണ് ഉടന്‍ തന്നെ ചിത്രം റീ റിലീസ് ചെയ്യാനുള്ള തീരുമാനവും എത്തുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ത്തന്നെ ചിത്രം തിയറ്ററുകളിലെത്തും. അതായത് ഒറിജിനല്‍ റിലീസിന്‍റെ ഒരു മാസത്തിനിപ്പുറം. ഒരുപക്ഷേ അതിനും മുന്‍പേ. റീ റിലീസ് തീയതി നിര്‍മ്മാതാക്കള്‍ വൈകാതെ പ്രഖ്യാപിക്കും. ഇന്ത്യന്‍ സിനിമയില്‍ ഇത്തരമൊരു റീ റിലീസ് ആദ്യമായാണ്. 2015 ല്‍ പുറത്തെത്തിയ കിസ് കിസ്കോ പ്യാര്‍ കരൂണിന്‍റെ സീക്വല്‍ ആണ് കിസ് കിസ്കോ പ്യാര്‍ കരൂണ്‍ 2.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming