ഷൈൻ ടോം ചാക്കോയുടെ 'ലവ്' തമിഴിലേയ്ക്ക്; വിജയ് സേതുപതി പ്രധാന വേഷത്തിൽ

By Web TeamFirst Published Apr 22, 2021, 11:36 AM IST
Highlights

ഷൈൻ ടോം ചാക്കോ കൈകാര്യം ചെയ്ത നായക വേഷത്തിലേക്ക് വിജയ് സേതുപതി എത്തും എന്നാണ് സൂചനകൾ

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ലവ് സിനിമയ്ക്ക് തമിഴ് പതിപ്പ് ഒരുങ്ങുന്നു. തമിഴിലെ പ്രമുഖ നിർമ്മാണ കമ്പനി കരാർ ഉറപ്പിച്ച ചിത്രത്തിൽ ഷൈൻ ടോം ചാക്കോ കൈകാര്യം ചെയ്ത നായക വേഷത്തിലേക്ക് വിജയ് സേതുപതി എത്തും എന്നാണ് സൂചനകൾ. ഷൈൻ ടോം ചാക്കോയും രജീഷ വിജയനും പ്രധാന വേഷത്തിലെത്തിയ ലവ് ലോക്ഡൗൺ കാലത്ത് ചിത്രീകരിക്കപ്പെട്ട ചിത്രമായിരുന്നു. കുടുംബങ്ങളിലെ ഡൊമസ്റ്റിക്ക് വയലൻസാണ് ചിത്രം പ്രമേയമാക്കിയിരുന്നത്. അനൂപ്–ദീപ്തി ദമ്പതികളുടെ ജീവിതവും അവർക്കിടയിൽ നടക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയുമാണ് സിനിമ പുരോഗമിക്കുന്നത്. ഒരു ഫ്ലാറ്റും അവിടെ നടക്കുന്നൊരു കൊലപാതകവും പറയുന്ന ചിത്രം അവതരണ മികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. രജീഷ വിജയൻ, ഷൈൻ ടോം ചാക്കോ, സുധി കോപ്പാ, ഗോകുലന്‍, വീണ നന്ദകുമാർ, ജോണി ആന്റണി എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിച്ച ചിത്രം നൗഫൽ അബ്ദുള്ളയാണ് എഡിറ്റിംങ് നിർവഹിച്ചത്. തമിഴ് പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

click me!