'ലൂസിഫറി'ന്റെ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി; റിലീസ് ദിനം തിരുവനന്തപുരത്ത് മാത്രം 51 പ്രദര്‍ശനങ്ങള്‍

By Web TeamFirst Published Mar 20, 2019, 3:23 PM IST
Highlights

റിലീസ് തീയേറ്ററുകളുടെ എണ്ണത്തിലും ഞെട്ടിച്ചേക്കും ലൂസിഫര്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആയിരത്തി അഞ്ഞൂറിലേറെ തീയേറ്ററുകളില്‍ ലൂസിഫര്‍ റിലീസിനെത്തിക്കുമെന്നാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരിക്കുന്നത്.

മലയാളസിനിമയിലെ എക്കാലത്തെയും വലിയ ക്രൗഡ് പുള്ളര്‍ നായകന്മാരില്‍ പ്രധാനിയാണ് മോഹന്‍ലാല്‍. ഒരു മോഹന്‍ലാല്‍ ചിത്രം ആവറേജ് അഭിപ്രായം നേടിയാല്‍ത്തന്നെ മെച്ചപ്പെട്ട ബോക്‌സ്ഓഫീസ് വിജയം നേടുമെന്നാണ് ചലച്ചിത്ര വ്യവസായത്തിന്റെ കാലങ്ങളായുള്ള വിലയിരുത്തല്‍. ആ തരത്തില്‍ പരിഗണിച്ചാല്‍ അടുത്തകാലത്ത് മലയാളസിനിമാലോകം ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന സിനിമകളിലൊന്നാണ് 'ലൂസിഫര്‍'. റിലീസ് തീയേറ്ററുകളുടെ എണ്ണത്തിലും ഞെട്ടിച്ചേക്കും ചിത്രം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആയിരത്തി അഞ്ഞൂറിലേറെ തീയേറ്ററുകളില്‍ ലൂസിഫര്‍ റിലീസിനെത്തിക്കുമെന്നാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരിക്കുന്നത്. ചിത്രത്തിന്റെ അഡ്വാന്‍സ് സീറ്റ് റിസര്‍വേഷന്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.

ഇതുവരെയുള്ള ചാര്‍ട്ടിംഗ് അനുസരിച്ച് തിരുവനന്തപുരം നഗരപരിധിയില്‍ മാത്രം 51 പ്രദര്‍ശനങ്ങളുണ്ട് റിലീസ് ദിനം ചിത്രത്തിന്. പത്ത് തീയേറ്ററുകളിലായാണ് ഇത്. തിരുവനന്തപുരത്ത് ന്യൂ തീയേറ്ററിലാണ് ഏറ്റവുമധികം പ്രദര്‍ശനങ്ങള്‍. പത്ത് പ്രദര്‍ശനങ്ങളാണ് ന്യൂവില്‍ 28ന് നടക്കുക. റിലീസിന് ഒരാഴ്ചയിലധികം ശേഷിക്കെ അഡ്വാന്‍സ് റിസര്‍വേഷന് നല്ല പ്രതികരണവും ലഭിക്കുന്നുണ്ട്.

പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ എത്തുന്നത്. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ പ്രതിനായകനാവുന്നത് വിവേക് ഒബ്റോയ് ആണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ സഹായിയായി കലാഭവന്‍ ഷാജോണ്‍ എത്തുന്നു. ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, സംവിധായകന്‍ ഫാസില്‍, മംമ്ത മോഹന്‍ദാസ്, ജോണ്‍ വിജയ് എന്നിങ്ങനെ വലിയ താരനിരയുണ്ട് ചിത്രത്തില്‍. സുജിത്ത് വാസുദേവ് ആണ് ഛായാഗ്രഹണം. സംഗീതം ദീപക് ദേവ്. യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന്.

click me!