ഒടിടിയിലോ ടിവിയിലോ കാണാമെന്ന് വിചാരിക്കരുത്, തലവര നിരാശപ്പെടുത്തില്ല, ഉറപ്പ്: മഹേഷ് നാരായണൻ

Published : Aug 27, 2025, 03:49 PM IST
mahesh narayanan

Synopsis

ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മിച്ച് അഖില്‍ അനില്‍കുമാറിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയിരിക്കുന്ന 'തലവര'.

ർജുൻ അശോകൻ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ എത്തിയിരിക്കുന്ന 'തലവര' എന്ന ചിത്രം മികച്ച പ്രേക്ഷക - നിരൂപക പ്രശംസ നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. അ‍ര്‍ജുന്‍റെ കരിയറിൽ തന്നെ ഏറ്റവും മികച്ച കഥാപാത്രം എന്നാണ് സിനിമ കണ്ടശേഷമുള്ള പ്രേക്ഷകരുടെ ഹൃദ്യമായ പ്രതികരണങ്ങള്‍. ഇപ്പോഴിതാ 'തലവര' തിയേറ്ററുകളിലെത്തി തന്നെ കാണണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സിനിമയുടെ നിർമ്മാതാവും സംവിധായകനുമായ മഹേഷ് നാരായണൻ.

''കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിൽ നിന്ന് ഞാൻ വിട്ടുനിൽക്കുകയായിരുന്നു. പക്ഷേ ഇന്ന് ഒരു ഹൃദയസ്പർശിയായൊരു കാരണവുമായാണ് ഞാൻ എത്തിയിരിക്കുന്നത്. ആത്മാവ് കൊടുത്ത് ഏറെ സത്യസന്ധമായി, സ്നേഹപൂർവ്വം, ആത്മാര്‍ത്ഥതയോടെ ഞങ്ങളൊരുക്കിയിരിക്കുന്ന ചിത്രമാണ് 'തലവര'. ഇത്തരത്തിലുള്ള സിനിമകള്‍ സ്ട്രീമിംഗ് പ്ലാറ്റ്‍ഫോമിലോ ടിവിയിലോ എത്തുമ്പോള്‍ കാണാമെന്ന് നിങ്ങള്‍ വിചാരിക്കുമെന്ന് എനിക്ക് തോന്നുന്നു. പക്ഷേ, ഞങ്ങളെപ്പോലുള്ള ഫിലിം മേക്കേഴ്സിന് തിയേറ്ററുകളിൽ നിങ്ങളുടെ സാന്നിധ്യം തരുന്ന സ്നേഹവും പിന്തുണയും വളരെ വലുതാണ്. ആ സ്നേഹം തന്നെയാണ് തിയേറ്ററുകൾക്കപ്പുറം സിനിമയ്ക്ക് ജീവൻ നൽകുന്നത്. അതിനാൽ ദയവായി നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിലെത്തി തലവരയോടുള്ള സ്നേഹം പങ്കുവയ്ക്കൂ. ഈ സിനിമ നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കും നിങ്ങളെ നിരാശപ്പെടുത്തില്ലെന്നുറപ്പാണ്'', എന്നാണ് മഹേഷ് നാരായണൻ കുറിച്ചത്.

ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മിച്ച് അഖില്‍ അനില്‍കുമാറിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയിരിക്കുന്ന 'തലവര'യ്ക്ക് തിയേറ്ററുകള്‍തോറും മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പാലക്കാടിന്‍റെ പശ്ചാത്തലത്തിൽ തിയേറ്ററുകളിൽ എത്തിയിരിക്കുന്ന ചിത്രത്തിൽ വിറ്റിലിഗോ രോഗാവസ്ഥയുള്ളൊരു യുവാവിന്‍റെ ജീവിതവും പ്രണയവും സംഘർഷങ്ങളുമൊക്കെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

അശോകൻ, ഷൈജു ശ്രീധർ, അശ്വത് ലാൽ, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണൻ, ദേവദർശിനി, അമിത് മോഹൻ രാജേശ്വരി, സാം മോഹൻ, മനോജ് മോസസ്, സോഹൻ സീനുലാൽ, മുഹമ്മദ് റാഫി, വിഷ്ണു രെഘു, ശരത് സഭ, ഷെബിൻ ബെൻസൺ, ആതിര മറിയം, വിഷ്ണുദാസ്, ഹരീഷ് കുമാർ, സുമ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിച്ചിരിക്കുന്നത്. അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ. മനോഹരമായ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് അനീഷും എഡിറ്റിംഗ് രാഹുൽ രാധാകൃഷ്ണനും ഹൃദ്യമായ പാട്ടുകള്‍ ഒരുക്കിയിട്ടുള്ളത് ഇലക്ട്രോണിക് കിളിയുമാണ്.

PREV
Read more Articles on
click me!

Recommended Stories

20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം
പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? ആ വമ്പൻ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ