Malayalam Films 2021 : ഒടിടിയുടെ ചിറകിലേറി പറന്ന മലയാള സിനിമ; 2021ന്‍റെ വിജയങ്ങള്‍

By Web TeamFirst Published Dec 31, 2021, 8:05 PM IST
Highlights

ഒടിടിയുടെ വരവില്‍ തകരാതെ നിന്ന് തിയറ്റര്‍ വ്യവസായവും

മലയാള സിനിമാ ലോകത്തുനിന്നുള്ള കഴിഞ്ഞ പുതുവര്‍ഷപ്പിറവിയിലെ ഒരു സര്‍പ്രൈസ് പ്രഖ്യാപനം 'ദൃശ്യം 2' (Drishyam 2) ഒരു ഡയറക്റ്റ് ഒടിടി റിലീസ് (Direct OTT release) ആയിരിക്കുമെന്ന വിവരമായിരുന്നു. ആ പ്രഖ്യാപനത്തില്‍ നിന്നു തുടങ്ങി നെറ്റ്ഫ്ലിക്സിന്‍റെ (Netflix) ക്രിസ്‍മസ് റിലീസ് ആയെത്തി, ഭാഷയുടെ അതിരുകള്‍ക്കപ്പുറത്ത് വിജയം നേടിയ 'മിന്നല്‍ മുരളി' (Minnal Murali) വരെ മലയാള സിനിമയുടെ 2021 ഒടിടി വിപ്ലവത്തിന്‍റേതാണ്. 2020 ജൂലൈയില്‍ എത്തിയ ജയസൂര്യ നായകനായ 'സൂഫിയും സുജാത'യുമാണ് മലയാള സിനിമയിലെ ആദ്യ ഡയറക്റ്റ് ഒടിടി റിലീസ്. ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നില്ലെങ്കിലും അതിനും മുന്‍പ് 2019ലെ രണ്ട് പ്രധാന മലയാള ചിത്രങ്ങള്‍ തിയറ്റര്‍ റിലീസിനു ശേഷം ആമസോണ്‍ പ്രൈം വീഡിയോ തങ്ങളുടെ പ്ലാറ്റ്‍ഫോമിലൂടെ പ്രാധാന്യത്തോടെ റിലീസ് ചെയ്‍തിരുന്നു. മധു സി നാരായണന്‍ സംവിധാനം ചെയ്‍ത കുമ്പളങ്ങി നൈറ്റ്സും പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറുമായിരുന്നു അത്. ഒടിടിയിലൂടെ മലയാള സിനിമയ്ക്ക് ലഭിക്കാനിടയുള്ള ഒരു വളര്‍ച്ചയെക്കുറിച്ച് ആദ്യമായി സൂചന തന്നത് കുമ്പളങ്ങി നൈറ്റ്സ് ആയിരുന്നു. ഉത്തരേന്ത്യന്‍ സിനിമാപ്രേമികളില്‍ ഒരു വലിയ വിഭാഗത്തിന്‍റെ പ്രിയചിത്രമായി മാറി കുമ്പളങ്ങി നൈറ്റ്സും അതിലെ ഫഹദിന്‍റേതടക്കമുള്ള പ്രകടനങ്ങളും. 'കുമ്പളങ്ങി'യില്‍ നിന്നും പിന്നീട് ആദ്യ ഡയറക്റ്റ് ഒടിടി റിലീസ് ആയ സൂഫിയും സുജാതയില്‍ നിന്നുമൊക്കെ ആരംഭിച്ച ഒടിടി വിപ്ലവത്തിന്‍റെ അക്ഷരാര്‍ഥത്തിലുള്ള സാക്ഷാത്കാരമാണ് മലയാള സിനിമയില്‍ ഈ വര്‍ഷം കണ്ടത്.

മലയാളത്തില്‍ ഈ വര്‍ഷം ആകെ റിലീസ് ചെയ്യപ്പെട്ട 170 ഓളം ചിത്രങ്ങളില്‍ 108 എണ്ണവും ഡയറക്റ്റ് ഒടിടി റിലീസുകള്‍ ആയിരുന്നു. അതായത് തിയറ്റര്‍ റിലീസുകളുടെ ഇരട്ടിയോളം ചിത്രങ്ങള്‍ ഒടിടി പ്ലാറ്റ്‍ഫോമുകളിലൂടെയാണ് പ്രേക്ഷകരെ തേടിയെത്തിയത്. തമിഴ്, തെലുങ്ക് ചിത്രങ്ങളുടെ ഓഡിയന്‍സ് പൂളിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്ന ഒടിടി പ്ലാറ്റ്‍ഫോമുകള്‍ മലയാള സിനിമയെയും ഇവിടുത്തെ പ്രേക്ഷകരെയും അല്‍പം സംശയത്തോടെയാണ് വീക്ഷിച്ചിരുന്നത്. തമിഴ്, തെലുങ്ക് വ്യവസായങ്ങളെ അപേക്ഷിച്ച് താരതമ്യേന ചെറിയ സിനിമാ വ്യവസായമാണ് എന്നതും മലയാളികളായ പ്രേക്ഷകരുടെ കുറവുമൊക്കെ (മറ്റു തെന്നിന്ത്യന്‍ ഭാഷകളെ അപേക്ഷിച്ച്) അവര്‍ പരിഗണിച്ചിരുന്ന വിഷയങ്ങളാണ്. പക്ഷേ തിയറ്റര്‍ അടഞ്ഞുകിടന്ന കൊവിഡ് കാലത്ത് മുന്‍നിര ഒടിടി പ്ലാറ്റ്‍ഫോമുകള്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ മേഖലകളിലൊന്ന് കേരളമാണ്. ആമസോണ്‍ പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സീ 5, ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാര്‍, സോണി ലിവ് തുടങ്ങിയ പ്രധാന പ്ലാറ്റ്‍ഫോമുകളെല്ലാം മലയാള സിനിമയ്ക്ക് കാര്യമായ പ്രാധാന്യം കൊടുത്തപ്പോള്‍ പ്രാദേശികമായി ആരംഭിച്ച നിരവധി മറ്റു പ്ലാറ്റ്‍ഫോമുകളും ഈ കാലയളവില്‍ എത്തി. 2021 അവസാനിക്കുമ്പോള്‍ വലുതും ചെറുതുമായ 28 ഒടിടി പ്ലാറ്റ്‍ഫോമുകള്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യുന്നുണ്ട്.

 

മലയാള സിനിമയുടെ സാധ്യതകളെക്കുറിച്ച് ഒടിടി ലോകത്തെ സാക്ഷ്യപ്പെടുത്തിയ ഈ വര്‍ഷത്തെ മൂന്ന് പ്രധാന റിലീസുകള്‍ ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ദൃശ്യം 2, മിന്നല്‍ മുരളി എന്നിവയാണ്. ബഹുഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ട ചിത്രത്തിന്‍റെ സീക്വല്‍ എന്ന നിലയില്‍ ദൃശ്യം 2 പ്രതീക്ഷിക്കപ്പെട്ട വിജയമായിരുന്നെങ്കില്‍ സര്‍പ്രൈസ് ഹിറ്റ് ആയത് ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആയിരുന്നു. സൃഷ്‍ടിക്കപ്പെട്ട പ്രീ-റിലീസ് ഹൈപ്പിനൊപ്പം എത്തി എന്നതായിരുന്നു ദൃശ്യം 2 നേടിയ വിജയം. ജിയോ ബേബിയുടെ സംവിധാനത്തില്‍ നിമിഷ സജയന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം റിലീസിനു മുന്‍പ് അങ്ങനെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നില്ല. പ്രാദേശിക ഒടിടി പ്ലാറ്റ്‍ഫോം ആയ നീസ്ട്രീമിലൂടെ റിലീസ് ചെയ്‍ത ചിത്രം പക്ഷേ ആദ്യ ഷോകള്‍ കഴിഞ്ഞപ്പോഴേക്ക് വന്‍ മൗത്ത് പബ്ലിസിറ്റി കൊണ്ട് സോഷ്യല്‍ മീഡിയ കീഴടക്കി. മുന്‍നിര ഒടിടി പ്ലാറ്റ്‍ഫോമുകള്‍ ആദ്യം നിരസിച്ച ചിത്രം ആമസോണ്‍ പ്രൈം ഉള്‍പ്പെടെയുള്ള നിരവധി പ്ലാറ്റ്‍ഫോമുകളിലേക്ക് പിന്നീട് എത്തിയതും ചിത്രം നേടിയ സ്വാധീനത്തിന്‍റെ വ്യാപ്‍തി കണ്ടിട്ടായിരുന്നു. ബിബിസി ഉള്‍പ്പെടെ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വരെ ചിത്രത്തിന്‍റെ നിരൂപണങ്ങള്‍ പ്രത്യക്ഷപ്പെട്ടു. വന്‍ താരനിരയോ വലുപ്പമുള്ള ബജറ്റോ ഒന്നുമില്ലാതെ, ഉള്ളടക്കത്തിന്‍റെ കനം കൊണ്ടു മാത്രം ഒരു മലയാള ചിത്രം ഭാഷാതിര്‍ത്തികള്‍ കടക്കുന്നത് മലയാള സിനിമയെ സംബന്ധിച്ച് മനോഹരമായ കാഴ്ചയായിരുന്നു. 

നെറ്റ്ഫ്ലിക്സിന്‍റെ ക്രിസ്‍മസ് റിലീസ് ആയെത്തിയ മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം മിന്നല്‍ മുരളി നേടിയിരിക്കുന്നതും ഭാഷാ അതിരുകളെ മായ്ച്ചുകളഞ്ഞുകൊണ്ടുള്ള ഒന്നാണ്. റിലീസ് ദിനം മുതല്‍ നെറ്റ്ഫ്ലിക്സിന്‍റെ ഇന്ത്യ ടോപ്പ് 10 ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ള ചിത്രം മറ്റ് 10 രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റിലുമുണ്ട്, ഒപ്പം നെറ്റ്ഫ്ലിക്സിന്‍റെ ആഗോള ടോപ്പ് 10ലെ നാലാം സ്ഥാനത്തും. ഒടിടിയുടെ വഴി മലയാളസിനിമയെ എവിടെ വരെ എത്തിക്കാം എന്നതിന്‍റെ തെളിവാണ് മിന്നല്‍ മുരളി. ജോജി, ഹോം, ചുരുളി തുടങ്ങി മലയാളത്തില്‍ നിന്നുള്ള മറ്റു പല ഡയറക്റ്റ് ഒടിടി റിലീസുകളും സിനിമാപ്രേമികളുടെ സജീവ ചര്‍ച്ചാവിഷയങ്ങളായി. 

 

തകരാതെ തിയറ്റര്‍

പത്ത് മാസത്തെ ഇടവേളയ്ക്കു ശേഷം ഒരു തമിഴ് ചിത്രത്തിന്‍റെ റിലീസോടെയാണ് കേരളത്തിലെ തിയറ്ററുകള്‍ 2021 ജനുവരിയില്‍ തുറന്നത്. വിജയ് ചിത്രം മാസ്റ്റര്‍ ജനുവരി 13ന് മറ്റു സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിലും എത്തിയപ്പോള്‍ വന്‍ ഇനിഷ്യലാണ് ലഭിച്ചത്. മാസങ്ങളുടെ അനിശ്ചിതാവസ്ഥയ്ക്കു ശേഷം മാസ്റ്റര്‍ കാണാന്‍ ഇരച്ചെത്തിയ കാണികള്‍ തിയറ്റര്‍ ഉടമകള്‍ക്കു പകര്‍ന്ന മനോബലം ചെറുതായിരുന്നില്ല. ജനുവരി 13ന് തുറന്ന് മാര്‍ച്ച് 9ന് സെക്കന്‍ഡ് ഷോ ആരംഭിച്ച് മുന്നോട്ടുപോയ തിയറ്റര്‍ വ്യവസായത്തെ പിന്നോട്ടടിക്കുന്നതായിരുന്നു പിന്നാലെയെത്തിയ കൊവിഡ് രണ്ടാം തരംഗം. മാസങ്ങള്‍ അടച്ചിട്ടതിനു ശേഷം ഒക്ടോബര്‍ 25നാണ് സംസ്ഥാനത്ത് വീണ്ടും സിനിമാ തിയറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. കൊവിഡ് സൃഷ്‍ടിച്ച അനിശ്ചിതാവസ്ഥകളിലൂടെയും പരീക്ഷണഘട്ടങ്ങളിലൂടെയും കടന്നുപോയെങ്കിലും മലയാള സിനിമ എത്തിനില്‍ക്കുന്ന വിപണി സാധ്യതയെക്കുറിച്ച് തിയറ്ററുകളെ ബോധ്യപ്പെടുത്തിയ ചിത്രങ്ങള്‍ ഈ വര്‍ഷവും ഉണ്ടായി. 

ഈ വര്‍ഷത്തെ ഏറ്റവും വലിയ തിയറ്റര്‍ വിജയം ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കിയ കുറുപ്പ് ആയിരുന്നു. കൃത്യമായ പ്രീ-റിലീസ് പബ്ലിസിറ്റിയും ചാര്‍ട്ടിംഗുമൊക്കെയായി വന്‍ ഹൈപ്പോടെയെത്തിയ കുറുപ്പ് പ്രേക്ഷകരെ നിരാശരാക്കിയില്ല എന്ന തരത്തിലായിരുന്നു ആദ്യദിനം മുതലുള്ള പ്രതികരണങ്ങള്‍. ആദ്യ രണ്ടാഴ്ചകള്‍ കൊണ്ട് മാത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 75 കോടി നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്. വന്‍ ഹൈപ്പില്‍ ഈ വര്‍ഷമെത്തിയ മറ്റൊരു ചിത്രം മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്‍റെ മരക്കാര്‍ ആയിരുന്നു. ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം ഹൈപ്പിനൊപ്പം വരാത്ത ചിത്രമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ ഉയര്‍ന്നതെങ്കിലും അര്‍ധരാത്രി 12 മണിക്ക് ആരംഭിച്ച ഫാന്‍സ് ഷോകളും നിര്‍മ്മാതാക്കളുടെ കണക്കനുസരിച്ച് റിലീസ് ദിനത്തിലെ 16,000 പ്രദര്‍ശനങ്ങളുമൊക്കെയായി മരക്കാര്‍ ശ്രദ്ധാകേന്ദ്രമായി. ദ് പ്രീസ്റ്റ്, കള, അജഗജാന്തരം തുടങ്ങിയ പല ചിത്രങ്ങളും ബോക്സ് ഓഫീസില്‍ ചലനം സൃഷ്‍ടിച്ചെങ്കില്‍ തിയറ്ററിലെ ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റുകള്‍ ഓപറേഷനും ജാവയും ജാന്‍.എ.മനും ആയിരുന്നു. താരപരിവേഷമില്ലാതെയെത്തിയ ഈ പുതുമുഖ സംവിധായക ചിത്രങ്ങളെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. 

 

തിയറ്ററും ഒടിടിയും ചേര്‍ന്നാണ് മലയാള സിനിമയുടെ മുന്നോട്ടുപോക്കെന്ന് അടിവരയിടുന്ന വര്‍ഷമാണ് കടന്നുപോകുന്നത്. നല്ല അഭിപ്രായം നേടിയിട്ടും ബോക്സ് ഓഫീസില്‍ ചലനമുണ്ടാക്കാതെ പോകുന്ന ചിത്രങ്ങള്‍ക്ക് പിന്നാലെയെത്തുന്ന ഒടിടി റിലീസിലൂടെ വലിയൊരു വിഭാഗം പ്രേക്ഷകരിലേക്ക് എത്താനാവുന്നു എന്നതും പുതിയ കാലത്തിന്‍റെ നേട്ടമാണ്. നായാട്ട്, ബിരിയാണി, ആര്‍ക്കറിയാം തുടങ്ങി പല ചിത്രങ്ങളും തിയറ്റര്‍ റിലീസിനു ശേഷം ഒടിടിയിലൂടെ ശ്രദ്ധിക്കപ്പെട്ടു. മലയാള ചിത്രങ്ങള്‍ക്കു കിട്ടുന്ന ഈ വലിയ സ്വീകാര്യത മുന്‍നിര ഒടിടി പ്ലാറ്റ്‍ഫോമുകളുടെ മലയാളം ഒറിജിനല്‍ പ്രൊഡക്ഷനുകളിലേക്കാവാം നയിക്കുക. നെറ്റ്ഫ്ലിക്സിന്‍റെ എംടി കഥകളുടെ ആന്തോളജി ഇത്തരത്തിലുള്ള ആദ്യ സംരംഭമാവാന്‍ സാധ്യതയുണ്ട്. 

click me!