ഇതാ 'വിജയസമ്മാനം'; ആരാധകരെ മറക്കാതെ ഷൈലോക്ക് ടീമിന്‍റെ സര്‍പ്രൈസ്

By Web TeamFirst Published Feb 1, 2020, 9:42 AM IST
Highlights

പ്രധാന സെന്ററുകളിലെല്ലാം ചിത്രത്തിന് മികച്ച കളക്ഷനുണ്ട്

സമീപകാലത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളില്‍ ആദ്യദിനങ്ങളില്‍ത്തന്നെ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രമാണ് 'ഷൈലോക്ക്'. ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പ്രധാന സെന്ററുകളിലെല്ലാം ചിത്രത്തിന് മികച്ച കളക്ഷനുണ്ട്. ചിത്രം വിജയത്തിലേക്ക് കുതിക്കുമ്പോള്‍ ആരാധകര്‍ക്ക് വിജയസമ്മാനവുമായി എത്തിയിരിക്കുകയാണ് ഷൈലോക്ക് ടീം. യൂട്യൂബിലൂടെ സക്സസ് ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

 

കേരളത്തില്‍ മാത്രം 226 തീയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ബംഗളൂരു, ഹൈദരാബാദ്, ആന്‍ഡമാന്‍, മുംബൈ, പൂനെ, ഗോവ, ഗുജറാത്ത്, കൊല്‍ക്കത്ത, ഒറീസ, മധ്യപ്രദേശ്, രാജസ്ഥാന്‍, ദില്ലി എന്നിവിടങ്ങളിലും എത്തിയിരുന്നു. ഇന്ത്യയില്‍ ആകെ 313 തീയേറ്ററുകള്‍. ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം തന്നെ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ചിത്രം നേടിയെടുത്തത്.

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണിത്. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരുടേതാണ് തിരക്കഥ. മൂന, രാജ്കിരണ്‍, ബിബിന്‍ ജോര്‍ജ്, ബൈജു, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ജോണ്‍ വിജയ് എന്നിവര്‍ മമ്മൂട്ടിക്കൊപ്പം മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു, ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മ്മാണം. 

അതിനിടെ ഫേസ്ബുക്കില്‍ ചിത്രത്തിന്റെ ഓണ്‍ലൈന്‍ സ്ട്രീമിംഗിനെക്കുറിച്ച് വ്യാജപ്രചരണം നടന്നിരുന്നു. ഒടിടി പ്ലാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈമില്‍ ഷൈലോക്ക് ഫെബ്രുവരി 23ന് റിലീസ് ചെയ്യപ്പെടും എന്നതായിരുന്നു പ്രചരണം. എന്നാല്‍ ഇതൊരു വ്യാജപ്രചരണം മാത്രമാണെന്ന പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും രംഗത്തെത്തിയിട്ടുണ്ട്.

വ്യാജപ്രചരണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് പ്രേക്ഷകര്‍ക്കിടയില്‍ തെറ്റിദ്ധാരണം സൃഷ്ടിക്കാന്‍ മാത്രമാണെന്നും ചിത്രത്തിന്റെ സംവിധായകന്‍ അജയ് വാസുദേവ് ഫേസ്ബുക്കില്‍ കുറിച്ചു. 'ഷൈലോക്ക് സിനിമ നിങ്ങളുടെ ഏവരുടേയും നല്ല അഭിപ്രായങ്ങളോടെ തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടര്‍ന്ന് കൊണ്ടിരിക്കുന്നു അതിന് ആദ്യമേ തന്നെ ഓരോ പ്രേക്ഷകനോടും അകമഴിഞ്ഞ നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു, അതോടൊപ്പം തന്നെ ഒരു പ്രധാന കാര്യം അറിയിക്കാനുള്ളത് സിനിമ മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളില്‍ റിലീസ് ആവുന്നു എന്ന തരത്തിലുള്ള ഒരു വ്യാജ വാര്‍ത്ത ശ്രദ്ധയില്‍ പെടുകയുണ്ടായി അത് തികച്ചും ഒരു തെറ്റിദ്ധാരണ മാത്രം ആണ് അങ്ങനെ ഉള്ള തെറ്റായ വാര്‍ത്തകളിലും മറ്റും ശ്രദ്ധിക്കാതെ തീയേറ്ററുകളില്‍ തന്നെ കണ്ട് സിനിമയെ ആസ്വദിക്കാന്‍ എല്ലാ പ്രേക്ഷകരും ശ്രമിക്കും എന്ന് തന്നെ വിശ്വസിക്കുന്നു'', അജയ് വാസുദേവ് ഫേസ്ബുക്കില്‍ കുറിച്ചു.

click me!