
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത 'ദി പ്രീസ്റ്റി'ന്‍റെ പുതിയ റിലീസ് തീയതി മമ്മൂട്ടി പ്രഖ്യാപിച്ചു. ചിത്രത്തിന്‍റെ ഔദ്യോഗിക റിലീസ് തീയതി ആദ്യമായാണ് പ്രഖ്യാപിക്കുന്നതെങ്കിലും ചിത്രം ഈ മാസം നാലിന് എത്തുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. തിയറ്ററുകള്‍ക്ക് നിര്‍മ്മാതാക്കള്‍ ആദ്യം നല്‍കിയിരുന്ന ഡേറ്റ് അതായിരുന്നു. എന്നാല്‍ സെക്കന്‍ഡ് ഷോ ഇല്ലാതെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസ് വേണ്ടെന്ന നിര്‍മ്മാതാക്കളുടെ തീരുമാനത്തെ തുടര്‍ന്നാണ് പ്രീസ്റ്റിന്‍റെ റിലീസും നീട്ടിയത്. മാര്‍ച്ച് 4 ആണ് ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി.
കൊവിഡ് ഇടവേളയ്ക്കുശേഷം തിയറ്ററുകള്‍ തുറന്നത് നിബന്ധനകള്‍ക്കു വിധേയമായിട്ടായിരുന്നു. 50 ശതമാനം പ്രവേശനത്തിനൊപ്പം തിയറ്ററുകളുടെ പ്രവര്‍ത്തന സമയത്തിലും നിബന്ധമ ഉണ്ടായിരുന്നു. ഇതനുസരിച്ച് മൂന്ന് പ്രദര്‍ശനങ്ങളാണ് ഒരു സ്ക്രീനില്‍ പരമാവധി നടത്താന്‍ സാധിക്കുക. അതേസമയം തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അടക്കം പ്രദര്‍ശനത്തിനുള്ള പുതുക്കിയ നിബന്ധനകള്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് പ്രാദേശിക സാഹചര്യമനുസരിച്ച് തീരുമാനിക്കാനുള്ള അവകാശം ഉള്ളതിനാല്‍ കേരളത്തില്‍ ഇത് ഉടന്‍ നടപ്പാവാന്‍ സാധ്യതയില്ല.
പൊങ്കല്‍ റിലീസ് ആയി എത്തിയ 'മാസ്റ്റര്‍' ആയിരുന്നു കേരളത്തില്‍ തുറന്ന തിയറ്ററുകളിലെയും ആദ്യ റിലീസ്. പിന്നാലെ ജയസൂര്യ നായകനായ 'വെള്ള'വും എത്തി. ഈ വാരം മൂന്ന് മലയാള ചിത്രങ്ങളും പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത 'ലവ്', നവാഗത സംവിധായിക കാവ്യ പ്രകാശിന്‍റെ 'വാങ്ക്', അമ്പലപ്പുഴ രാധാകൃഷ്ണന്‍റെ 'ഇവള്‍ ഗോപിക' എന്നിവയാണ് അവ. ഹോളിവുഡില്‍ നിന്നും ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം 'ടെനറ്റും' കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനുണ്ട്. പൊങ്കല്‍ റിലീസ് ആയിത്തന്നെ ചിമ്പു നായകനായ 'ഈശ്വരന്‍' എന്ന ചിത്രവും റിലീസ് ചെയ്യപ്പെട്ടിരുന്നുവെങ്കിലും നിലവില്‍ തിയറ്ററുകള്‍ വിട്ട അവസ്ഥയിലാണ്. 'മാസ്റ്ററി'ന് ലഭിച്ച പ്രേക്ഷകപ്രതികരണം തുടരണമെങ്കില്‍ വലിയ റിലീസുകള്‍ ഉണ്ടാവണമെന്നാണ് തിയറ്റര്‍ ഉടമകള്‍ കണക്കുകൂട്ടിയിരുന്നത്. മമ്മൂട്ടി ചിത്രം 'പ്രീസ്റ്റ്' ആണ് അത്തരത്തില്‍ അവര്‍ കാത്തിരിക്കുന്ന ആദ്യചിത്രം.
മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയത്തേ വാര്‍ത്താപ്രാധാന്യം നേടിയ സിനിമയാണ് ഇത്. ചിത്രത്തിന്‍റെ സെന്‍സറിംഗ് നടപടികളും കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. നവാഗതനായ ജോഫിന്‍ ടി ചാക്കോ ആണ് സംവിധാനം. സംവിധായകന്‍റെ തന്നെ കഥയ്ക്ക് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാഹുല്‍ രാജ് സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് ആണ്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും ആര്‍ ഡി ഇല്യൂമിനേഷന്‍സിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്‍, ജഗദീഷ്, മധുപാല്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ