
2024ൽ മമ്മൂട്ടിയുടേതായി നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. അക്കൂട്ടത്തിൽ റിലീസിന് ഒരുങ്ങുന്ന സിനിമയാണ് ഭ്രമയുഗം. വ്യത്യസ്തമായ പകർന്നാട്ടത്തിലൂടെ എന്നും ഞെട്ടിച്ചു കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ മറ്റൊരു ദൃശ്യവിസ്മയത്തിന് ആകും ഈ ചിത്രം സാക്ഷ്യം വഹിക്കുക എന്ന് അപ്ഡേറ്റുകളിൽ നിന്നു തന്നെ വ്യക്തമാണ്. ചിത്രത്തിന്റെ റിലീസ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി ഇപ്പോൾ.
ഫെബ്രുവരി 15ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. റിലീസ് അപ്ഡേറ്റ് പുറത്തുവന്നതിന് പിന്നാലെ ഏറെ ആവേശത്തിലാണ് ആരാധകർ. 'കാത്തിരിക്കുന്നു..മഹാനടന്റെ രാക്ഷസ നടനത്തിനായി' എന്നാണ് ഏവരും പറയുന്നത്.
'മറ്റു അഭിനേതാക്കൾക്ക് മുന്നിൽ നടനത്തിൻ്റെ പുത്തൻ പുതിയ പടവുകൾ തീർത്തു അയാൾ വീണ്ടും ഉയരങ്ങൾ കീഴടക്കുകയാണ്...ഒരു മഹാമേരുവിനെ പോലെ, മഹത്തായ തിയേറ്റർ എക്സ്പീരിയൻസിലേക്ക് സ്വാഗതം, ഇനിയാണ് മക്കളെ.. നടനെ കുറിച്ചും.. നടനത്തെ കുറിച്ചുമൊക്കയുള്ള ചർച്ചകൾ വരാൻ പോകുന്നത്', എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.
രാഹുൽ സദാശിവനാണ് ഭ്രമയുഗത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ആൻ്റോ ജോസഫിൻ്റെ 'ആൻ മെഗാ മീഡിയ' ചിത്രം കേരളത്തിലെ തിയറ്ററുകളിൽ വിതരണത്തിന് എത്തിക്കും. ഓവർസീസ് ഡിസ്ട്രിബ്യൂഷൻ സ്വന്തമാക്കിയിരിക്കുന്നത് ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ്.
'മോഹൻലാൽ സൂപ്പറായിറുക്ക്, ആനാ ഒടിയൻ ഇതവിടെ പുടിച്ചിറിക്ക്'; തമിഴകത്തിന്റെ 'വാലിബൻ' പ്രതികരണം
മമ്മൂട്ടിയോടൊപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ് എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലായാണ് ഒരുങ്ങുന്നത്. ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ, ചിത്രസംയോജനം: ഷഫീഖ് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കടത്ത്, സൗണ്ട് മിക്സ്: എം ആർ രാജകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മെൽവി ജെ, പിആർഒ: ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..