
മലയാള സിനിമാസ്വാദകർക്കിടയിൽ ഏറ്റവും കൂടുതൽ കാത്തിരിപ്പ് ഉണർത്തിയിരിക്കുന്ന ചിത്രമാണ് കളങ്കാവൽ. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന സിനിമ എന്നത് തന്നെ അതിന് കാരണം. ഒപ്പം പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ വീണ്ടുമൊരു വ്യത്യസ്ത വേഷത്തിൽ മമ്മൂട്ടി എത്തുന്നതും കളങ്കാവലിലെ പ്രധാനഘടകമാണ്. ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 5ന് തിയറ്ററുകളിൽ എത്തും. തതവസരത്തിൽ സിനിമയുടെ ബുക്കിംഗ് ആരംഭിക്കുന്നുവെന്ന വിവരവും ഫസ്റ്റ് ഷോയുടെ വിവരവും പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി.
കളങ്കാവലിന്റെ കേരളത്തിലെ ബുക്കിംഗ് നാളെ ആരംഭിക്കുമെന്നാണ് മമ്മൂട്ടി അറിയിച്ചിരിക്കുന്നത്. നാളെ രാവിലെ 11.11 മുതൽ വിവിധ ബുക്കിംഗ് ആപ്പുകൾ വഴി കളങ്കാവലിന്റെ ടിക്കറ്റുകൾ സിനിമാസ്വാദകർക്ക് വാങ്ങിക്കാവുന്നതാണ്. ഇക്കാര്യം അറിയിച്ചുകൊണ്ട് പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഇരുകയ്യിലും ഗ്ലൗസ് ധരിച്ച്, നിഗുഢമായ നോട്ടവുമായി നിൽക്കുന്ന മമ്മൂട്ടിയെ പോസ്റ്ററിൽ കാണാനാകും. മുൻപ് പുറത്തുവന്ന ഓരോ പ്രൊമോഷൻ മെറ്റീരിയലിനെയും പോലെ പുതിയ പോസ്റ്ററും പ്രേക്ഷകരിൽ ആകാംക്ഷ ഉണർത്തിയിട്ടുണ്ട്. ഒപ്പം കേരളത്തിലെ ഫസ്റ്റ് ഷോയുടെ വിവരവും പുറത്തുവിട്ടിട്ടുണ്ട്. ഡിസംബർ 5ന് രാവിലെ 9.30 മുതൽ പടത്തിന്റെ ആദ്യ ഷോ ആരംഭിക്കും.
മമ്മൂട്ടിക്കൊപ്പം പൊലീസ് വേഷത്തിൽ വിനായകനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ജിതിൻ കെ ജോസിനൊപ്പം ജിഷ്ണു ശ്രീകുമാറും ചേർന്നാണ് കളങ്കാവലിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുജീബ് മജീദ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. മ്മൂട്ടി, വിനായകൻ എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന.