
മലയാള സിനിമാ പ്രേക്ഷകര്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഏറ്റവും മിസ് ചെയ്തത് ആരെ എന്ന ചോദ്യത്തിന് മമ്മൂട്ടിയെ എന്നാവും മറുപടി. മോളിവുഡ് ബിഗ് സ്ക്രീനിന്‍റെ നിരന്തര സാന്നിധ്യമായ മമ്മൂട്ടി ആരോഗ്യ കാരണങ്ങളാലാണ് കര്‍മ്മ മേഖലയില്‍ നിന്ന് ചെറിയ ഇടവേള എടുത്തത്. അദ്ദേഹം പൂര്‍ണ്ണമായും സുഖം പ്രാപിച്ചതായ വിവരം ഓഗസ്റ്റ് 19 നാണ് ഒപ്പമുള്ളവര്‍ പങ്കുവച്ചത്. വൈകാതെ ക്യാമറയ്ക്ക് മുന്നിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് മമ്മൂട്ടി. ഇപ്പോഴിതാ തന്‍റെ ആരാധകര്‍ ഏറെ നാളായി തന്‍റെ ഒപ്പമുള്ളവരോടും മറ്റും സോഷ്യല്‍ മീഡിയയിലൂടെ ചോദിക്കുന്ന ചോദ്യത്തിന് പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടി തന്നെ ഒരു മറുപടിയുമായി എത്തിയിരിക്കുകയാണ്.
ചികിത്സയിലായിരുന്ന മാസങ്ങളില്‍ മമ്മൂട്ടിയുടെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. പുതിയതെന്ന് ഒറ്റ നോട്ടത്തില്‍ തോന്നുന്ന തരത്തിലുള്ള ചിത്രങ്ങളായിരുന്നു അവയെങ്കിലും വാസ്തവത്തില്‍ അവ മുന്‍പ് എടുത്ത ചിത്രങ്ങള്‍ ആയിരുന്നു. അപ്പോഴൊക്കെയും ആരാധകര്‍ കമന്‍റ് ബോക്സില്‍ അദ്ദേഹത്തിന്‍റെ ഒരു പുതിയ ചിത്രം കാണാനുള്ള ആഗ്രഹം പങ്കുവച്ചിരുന്നു. പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്ന ചിത്രം പുതിയതാണെന്ന് അദ്ദേഹത്തിന്‍റെ ടീം അറിയിക്കുന്നു. ഒരു പഴയ മോഡല്‍ ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ കാറില്‍ ചാരി നിന്ന് കടലിലേക്ക് നോക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് അത്. എല്ലാവരോടും നന്ദിയും സ്നേഹവും, ദൈവത്തോടും, എന്നാണ് ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചിട്ടുള്ളത്. ആവേശത്തോടെയാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
അതേസമയം മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പാട്രിയറ്റ് എന്ന സിനിമയാണ് മമ്മൂട്ടിക്ക് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം എന്നത് ഈ ബിഗ് ബജറ്റ് സിനിമയുടെ പ്രത്യേകതയാണ്. ഒപ്പം നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ശ്രീലങ്കയും ദില്ലിയും ഉള്‍പ്പെടെ നിരവധി ലൊക്കേഷനുകള്‍ ഉള്ള ബിഗ് കാന്‍വാസ് ചിത്രമാണ് ഇത്. 80 കോടിയോളം നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറിന്‍ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവരും അഭിനയിക്കുന്നുണ്ട്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവല്‍ എന്ന ത്രില്ലർ ചിത്രമാണ് മമ്മൂട്ടിയുടേതായി അടുത്തതായി തിയറ്ററുകളില്‍ എത്തുക. വിനായകനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം.