
ഏതൊരു താരത്തിനും അസൂയയുളവാക്കുന്ന ഫിലിമോഗ്രഫിയാണ് സമീപകാലത്ത് മമ്മൂട്ടിയുടേത്. വന്ന ചിത്രങ്ങള്‍ പോലെ തന്നെ കൌതുകം പകരുന്നതാണ് അദ്ദേഹത്തിന്‍റേതായി വരാനിരിക്കുന്നതും. അതിലൊരു ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ട് ഒരു വര്‍ഷം ആയിരിക്കുന്നു. എന്നാല്‍ എന്ന് തിയറ്ററുകളിലെത്തുമെന്ന് ഇതുവരെ അറിയിപ്പുകളൊന്നും ലഭിച്ചിട്ടുമില്ല. എന്നാല്‍ ആരാധകരുടെ ആ കാത്തിരുപ്പിന് ഉടന്‍ പരിഹാരമാവുമെന്നാണ് ഏറ്റവും പുതിയ അപ്ഡേറ്റ്.
ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന കാതലിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. മമ്മൂട്ടിയുടെ നായികയായി ജ്യോതിക എത്തുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത് കഴിഞ്ഞ നവംബറില്‍ ആയിരുന്നു. വലിയ പടങ്ങള്‍ തുടര്‍ച്ചയായി വരുന്നതുകൊണ്ടാണ് കാതല്‍ റിലീസ് വൈകുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസിന് നേരത്തെ നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി സംബന്ധിച്ച അപ്ഡേറ്റ് അറിയിച്ചിരിക്കുകയാണ് അണിയറക്കാര്‍. സിനിമയുടെ റിലീസ് തീയതി നാളെ വൈകിട്ട് ആറിന് പ്രഖ്യാപിക്കും.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മാത്യു ദേവസി എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട് ചിത്രത്തില്‍ ഈ കഥാപാത്രം. ജ്യോതികയുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 18 ന് ആണ് ഈ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതൽ. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.
അതേസമയം ഇന്ത്യന്‍ പനോരമയില്‍ ഇടംപിടിച്ച ചിത്രത്തിന്‍റെ പ്രീമിയര്‍ ഗോവയില്‍ നടക്കുന്ന ഐഎഫ്എഫ്ഐയില്‍ ആയിരിക്കും. ഈ മാസം 20 മുതല്‍ 28 വരെയാണ് ഗോവ ചലച്ചിത്രമേള. ഡിസംബര്‍ 8 മുതല്‍ 15 വരെ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലും കാതല്‍ പ്രദര്‍ശിപ്പിക്കും. മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക