സ്ക്രീനില്‍ കൈയടി നേടിയ ഒട്ടേറെ അച്ചായന്‍ കഥാപാത്രങ്ങളെ മമ്മൂട്ടി പലപ്പോഴായി അവതരിപ്പിച്ചിട്ടുണ്ട്

മമ്മൂട്ടി ചിത്രത്തിലൂടെ അരങ്ങേറിയ സംവിധായകരില്‍ ഒരാളാണ് വൈശാഖ്. 2010 ല്‍ പുറത്തെത്തിയ പോക്കിരിരാജയായിരുന്നു വൈശാഖിന്‍റെ അരങ്ങേറ്റചിത്രം. പിന്നീട് ഇതേ കഥാപാത്രത്തെ പുനരവതരിപ്പിച്ച മധുരരാജ 2019 ലും എത്തി. ഇപ്പോഴിതാ നാല് വര്‍ഷത്തിനിപ്പുറം മമ്മൂട്ടിയുമായി വീണ്ടും ഒന്നിക്കുകയാണ് വൈശാഖ്. ടര്‍ബോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ് എന്ന പ്രത്യേകതയുമുണ്ട്. ചിത്രീകരണ സംഘത്തിലേക്ക് മമ്മൂട്ടി നാളെ ജോയിന്‍ ചെയ്യുമെന്നാണ് അറിയുന്നത്. ഒക്ടോബര്‍ 24 ന് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു.

സ്ക്രീനില്‍ കൈയടി നേടിയ ഒട്ടേറെ അച്ചായന്‍ കഥാപാത്രങ്ങളെ മമ്മൂട്ടി പലപ്പോഴായി അവതരിപ്പിച്ചിട്ടുണ്ട്. അതിന്‍റെ തുടര്‍ച്ചയായിരിക്കും ടര്‍ബോയിലെ നായകനും. ചിത്രത്തിനുവേണ്ടിയുള്ള ക്രോപ്പ്ഡ് ഹെയര്‍കട്ടിലാണ് മമ്മൂട്ടി ഇപ്പോള്‍ ഉള്ളത്. ഇതിനൊപ്പമുള്ള അദ്ദേഹത്തിന്‍റെ സ്റ്റൈലിംഗും ലുക്കും എത്തരത്തിലുള്ളതാണെന്നത് സിനിമാപ്രേമികളുടെ കൌതുകമാണ്. ഇപ്പോഴിതാ ചിത്രത്തില്‍ അദ്ദേഹം ധരിക്കുന്ന കോസ്റ്റ്യൂം പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടിയുടെ പേഴ്സണല്‍ കോസ്റ്റ്യൂം ഡിസൈനര്‍ ആയ അഭിജിത്ത്. ജപമാലയും ഡെനിം ഷര്‍ട്ടും ഡബിള്‍ മുണ്ടും അടങ്ങിയ ഒരു ചിത്രമാണ് അഭിജിത്ത് പങ്കുവച്ചിരിക്കുന്നത്. 

മമ്മൂട്ടി കമ്പനിയുടെ മമ്മൂട്ടി തന്നെ നിര്‍മ്മിക്കുന്ന ചിത്രമാണ് ടര്‍ബോ. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രം കൂടിയാണ് ടര്‍ബോ. കാതല്‍, കണ്ണൂര്‍ സ്ക്വാഡ്, നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക് എന്നിവയായിരുന്നു മമ്മൂട്ടി കമ്പനിയുടെ മറ്റ് ചിത്രങ്ങള്‍. നൂറ് ദിവസത്തെ ചിത്രീകരണമാണ് വൈശാഖ് പ്ലാന്‍ ചെയ്തിരിക്കുന്നത്. വിഷ്ണു ശർമയാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിം​ഗ് ഷമീർ മുഹമ്മദ്, സം​ഗീതം ജസ്റ്റിൻ വർ​ഗീസ്, പ്രൊഡക്ഷൻ ഡിസൈന്‍ ഷാജി നടുവേൽ, കോ ഡയറക്ടർ ഷാജി പാദൂർ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിം​ഗ്, കോസ്റ്റ്യൂം ഡിസൈനർ സെൽവിൻ ജെ, അഭിജിത്ത്, മേക്കപ്പ് റഷീദ് അഹമ്മദ്, ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ. 

ALSO READ : 'ഇത് ചതിയായിപ്പോയി'; 'ജവാന്‍' എക്സ്റ്റന്‍ഡഡ് വെര്‍ഷനില്‍ നെറ്റ്ഫ്ലിക്സിന് വിമര്‍ശനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക