
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് യാത്രമൊഴി നൽകുകയാണ് കേരളക്കര. പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകുന്ന അദ്ദേഹത്തെ ഒരുനോക്ക് കാണാനായി ആയിരങ്ങൾ ആണ് ഓരോ പ്രദേശത്ത് തടിച്ചു കൂടുന്നത്. പലരും അദ്ദേഹവുമായുള്ള ഓർമകൾ പങ്കുവച്ചു കൊണ്ടേയിരിക്കുന്നു. ഈ അവസരത്തിൽ ഉമ്മൻ ചാണ്ടിയുടെ 79ാം പിറന്നാൾ വീഡിയോയും ശ്രദ്ധനേടുകയാണ്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ട്.
നടൻ മമ്മൂട്ടി പിറന്നാൾ ആശംസയുമായി ഉമ്മൻ ചാണ്ടിയെ കാണാൻ വീട്ടിൽ എത്തിയതാണ് വീഡിയോ. ഇരുവരും കളിയും ചിരിയുമായിരിക്കുന്നത് വീഡിയോയിൽ കാണാം. 2022 ഒക്ടോബർ 31ന് ഉള്ളതാണ് വീഡിയോ. ജർമനിയിൽ ചികിത്സയ്ക്ക് വേണ്ടി പോകാൻ ഒരുങ്ങുകയായിരുന്ന ഉമ്മൻ ചാണ്ടിയോട് വേഗം സുഖം പ്രാപിച്ചു വരൂവെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. പഴയകാല ഓർമ്മകളും പങ്കുവച്ച ശേഷമായിരുന്നു അന്ന് മമ്മൂട്ടി ആലുവ പാലസിൽ നിന്നും മടങ്ങിയത്.
'മുടി വെട്ടേണ്ടായിരുന്നു, പഴയ സ്റ്റെലാണ് എനിക്കിഷ്ടം'; ഉമ്മൻ ചാണ്ടിയോട് മമ്മൂട്ടി
ഉമ്മൻ ചാണ്ടിയുടെ ഓർമകൾ പങ്കുവച്ച് മമ്മൂട്ടി കുറിച്ചത്
സാധാരണത്വത്തിന് ഇത്രമേൽ ശക്തിയുണ്ടെന്നു അസാധാരണമാം വിധം ജീവിച്ചു കാണിച്ചു തന്ന വ്യക്തിത്വം. ആൾക്കൂട്ടത്തിന് നടുവിലല്ലാതെ ഞാൻ ഉമ്മൻ ചാണ്ടിയെ കണ്ടിട്ടില്ല.. ഒടുവിലൊരിക്കൽ ചെന്ന് കണ്ടപ്പോഴും അദ്ദേഹത്തിനൊപ്പം ഔഷധം എന്നവണ്ണം ഒരു പറ്റം ആളുകൾ ഉണ്ടായിരുന്നു. ഞാൻ വിദ്യാർത്ഥി ആയിരുന്നപ്പോഴേ അദ്ദേഹം നിയമസഭയിലുണ്ട്. ചെറുപ്പത്തിലേ ഉയരങ്ങളിൽ എത്തിയ ഒരാൾ.. എന്നിട്ടും പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന് ഒരു കൂട്ടുകാരനെ പോലെ എന്നെയും വിളിച്ചുകൊണ്ടുപോയി തോളിൽ കയ്യിട്ടു ഒപ്പം നടന്നു... ഞാൻ എന്ന വ്യക്തി ചുമക്കാൻ പാടുപെടുന്ന മമ്മൂട്ടി എന്ന നടന്റെ താരഭാരം അലിഞ്ഞില്ലാതായി. പള്ളിമുറ്റത്തു നാട്ടുകാർക്കിടയിൽ കുഞ്ഞുകുഞ്ഞിന്റെ കൂട്ടുകാരൻ എന്നത് മാത്രമായി എന്റെ വിശേഷണം... "ഞാനാ ഉമ്മൻചാണ്ടിയാ" എന്നു പറഞ്ഞു ഫോണിൽ വിളിക്കുന്ന വിളിപ്പാടകലെയുള്ള സഹൃദയൻ.. അതിശക്തനായ നേതാവ്. ഒരിക്കൽ ഞങ്ങളുടെ 'കെയർ ആൻഡ് ഷെയർ' പദ്ധതി 600 കുട്ടികളുടെ ചികിത്സാചിലവുകൾ കണ്ടെത്താൻ പാടുപെടുകയായിരുന്നു. അപ്പോൾ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടി 100 കുട്ടികളുടെ ശസ്ത്രക്രിയക്കുള്ള ചിലവ് CSR ഫണ്ട് ഉപയോഗിച്ച് സ്പോൺസർ ചെയ്യാമെന്നേറ്റു . നൂറാമത്തെ കുട്ടി സുഖം പ്രാപിച്ച് ആശുപത്രി വിടുമ്പോൾ മുഖ്യമന്ത്രി ആയ ഉമ്മൻ ചാണ്ടി കാണാൻ വരികയും ചെയ്തു. സത്യ പ്രതിജ്ഞ കഴിഞ്ഞ് മൂന്നാം നാൾ കൊച്ചിയിലെ എന്റെ വീട്ടിലേക്കു അപ്രതീക്ഷിതമായി ഊണിനെത്തി. അന്ന് എനിക്കദ്ദേഹത്തോടുള്ള ഒരേ ഒരു വിയോജിപ്പ് ഞാൻ രേഖപെടുത്തി. " സ്വന്തം ആരോഗ്യം നോക്കാതെയുള്ള ഈ അലച്ചിൽ നിയന്ത്രിക്കണം " ഒരു ചിരി മാത്രമായിരുന്നു മറുപടി. 'പ്രാഞ്ചിയേട്ടൻ' എന്ന ചിത്രത്തിൽ എന്റെ കഥാപാത്രം പോലും പറയുന്നുണ്ട് 'ഉമ്മൻ ചാണ്ടി ഒന്നേ ഉള്ളു ' എന്ന്... ഒരുമിച്ചൊരുപാട് ഓർമ്മകൾ.. ആയിരം അനുഭവങ്ങൾ.. ഒരുപാടെഴുതുന്നില്ല.. എഴുതേണ്ടിവന്ന ഒരനുഭവം കൂടി അദേഹത്തിന്റെ ആത്മകഥയ്ക്ക് അവതാരിക എഴുതുവാനുള്ള നിയോഗം എനിക്കായിരുന്നു അതിലെഴുതാൻ കുറിച്ച വരികൾ ഇവിടെ കുറിക്കട്ടെ"ഉമ്മൻ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നൽകിയിട്ടില്ല നൽകുകയാണെങ്കിൽ അത് മനുഷ്യ സ്നേഹത്തിനുള്ളതാകും....
ശശി തരൂരിന്റെ ബയോപിക് ചെയ്യണമെന്ന് ഒരുപാട് പേർ പറയാറുണ്ട്: നിഷാന്ത് സാഗർ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ