
പ്രമുഖ ചലച്ചിത്ര താരങ്ങളുടെ പ്രതിഫലക്കാര്യത്തില്‍ ദശാബ്ദങ്ങള്‍ക്കിടയില്‍ വന്നിട്ടുള്ള മാറ്റം കൗതുകകരമാണ്. ഇപ്പോള്‍ ഒരു സിനിമയില്‍ കോടികള്‍ വാങ്ങുന്ന താരങ്ങളില്‍ പലരും കരിയറിന്‍റെ തുടക്കത്തില്‍ വാങ്ങിയ പ്രതിഫലം പലപ്പോഴും വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. മലയാള സിനിമയുടെ മുന്‍നിരയില്‍ പതിറ്റാണ്ടുകളായി ഉള്ള മമ്മൂട്ടിയുടെ പ്രതിഫലവും അങ്ങനെ തന്നെ. 1971 ല്‍ പുറത്തിറങ്ങിയ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനില്‍ മുഖം കാട്ടിയ മമ്മൂട്ടിയുടെ ആദ്യ ശ്രദ്ധേയ റോള്‍ കെ ജി ജോര്‍ജ് സംവിധാനം ചെയ്ത മേളയിലേത് ആയിരുന്നു. ചിത്രത്തില്‍ മമ്മൂട്ടിക്ക് ലഭിച്ച പ്രതിഫലം എത്രയെന്ന് ശ്രീനിവാസന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്.
കൈരളി ടിവിയില്‍ മുന്‍പുണ്ടായിരുന്ന ഒരു പരിപാടിയിലാണ് ശ്രീനിവാസന്‍ ഇക്കാര്യം ഓര്‍മ്മിച്ചിട്ടുള്ളത്. അത് ഇങ്ങനെ- “ഫിലിം ഇന്‍സ്റ്റിറ്റ‍്യൂട്ടില്‍ എന്‍റെ അധ്യാപകനായിരുന്ന പ്രഭാകരന്‍ സാര്‍ മലയാള സിനിമകള്‍ ഗള്‍ഫിലേക്ക് വിതരണം ചെയ്തിരുന്നു. അദ്ദേഹവും ഗള്‍ഫിലുള്ള സുഹൃത്തുക്കളും ചേര്‍ന്ന് സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. കെ ജി ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ കഥ എന്‍റെ നാട്ടുകാരനായ ശ്രീധരന്‍ ചെമ്പാടിന്‍റേതാണ്. പ്രഭാകരന്‍ സാര്‍ നിര്‍മ്മാതാവ് ആയതുകൊണ്ട് ആ സിനിമയുടെ ആദ്യാവസാനം ഞാന്‍ ഉണ്ടായിരുന്നു. കഥ തിരക്കഥയാക്കുന്ന ചര്‍ച്ച മുതല്‍. ഒരു സര്‍ക്കസ് കഥയാണ് അത്. നായകന്‍ ഉയരം കുറഞ്ഞ ഒരാളാണ്. സര്‍ക്കസില്‍ കോമാളി വേഷം കെട്ടുന്ന ഒരാള്‍. ഉപനായകന്‍ മോട്ടോര്‍ ബൈക്ക് ജമ്പ് ചെയ്യിക്കുന്ന ആളാണ്. ആ റോള്‍ അഭിനയിക്കാന്‍ സ്മാര്‍ട്ട് ആയ, മിടുക്കനായ, കാണാന്‍ സൗന്ദര്യമുള്ള ഒരാള്‍ വേണം”, ശ്രീനിവാസന്‍ പറഞ്ഞു.
“അപ്പോള്‍ ഞാന്‍ പറഞ്ഞു, എറണാകുളത്ത് മമ്മൂട്ടി എന്ന് പറയുന്ന ഒരാള്‍ ഉണ്ട്. വക്കീലാണ്. വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന സിനിമയില്‍ ഒരു റോള്‍ ചെയ്തിട്ടുണ്ട്. ചെന്നൈയില്‍ ഡബ്ബിംഗ് കഴിഞ്ഞ് തിരിച്ചുപോരുമ്പോള്‍ സെന്‍ട്രല്‍ സ്റ്റേഷനില്‍ വച്ച് പ്രഭാകരന്‍ സാര്‍ എന്നെ ഏല്‍പ്പിച്ച മമ്മൂട്ടിയുടെ പ്രതിഫലത്തുക ഞാന്‍ അദ്ദേഹത്തിന് കൊടുത്തു. 800 രൂപ. മമ്മൂട്ടിയുടെ കണ്ണ് തള്ളിപ്പോയി. എണ്ണൂറ് രൂപയോ, അദ്ദേഹം ചോദിച്ചു. വില്‍ക്കാനുണ്ട് സ്വപ്നങ്ങളില്‍ പുള്ളിക്ക് കിട്ടിയ തുക അന്‍പത് രൂപ ആയിരുന്നു. പുള്ളി എന്നോട് പറഞ്ഞു, ഈ രൂപ കൊണ്ട് എറണാകുളത്ത് പോയി ഞാന്‍ ഒരു വിലസ് വിലസുമെടോ എന്ന്. അപ്പോള്‍ എനിക്ക് ഒരു കാര്യം മനസിലായി, എറണാകുളത്ത് വക്കീല്‍ പണിയില്‍ നിന്ന് പുള്ളിക്ക് കാര്യമായി ഒന്നും കിട്ടുന്നില്ല എന്ന്”, സ്വതസിദ്ധമായ നര്‍മ്മഭാവത്തില്‍ ശ്രീനിവാസന്‍ അന്ന് പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ