
മലയാള സിനിമയുടെ പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യർ. കാലങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായി ഒട്ടനവധി സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച താരം ഒരിടവേള എടുത്തിരുന്നു. വർഷങ്ങൾക്ക് ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ വൻ തിരിച്ചുവരവ് നടത്തിയ മഞ്ജു ഇപ്പോൾ തമിഴ് സിനിമയിൽ നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ്. ഇതിനോടകം രണ്ട് തമിഴ് സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞ മഞ്ജു വാര്യയുടെ പുതിയ ചിത്രം വേട്ടയ്യൻ ആണ്. സാക്ഷാൻ രജനികാന്തിന്റെ നായികയായാണ് മഞ്ജു പ്രേക്ഷകർക്ക് മുന്നിൽ എത്താൻ ഒരുങ്ങുന്നത്.
ഒക്ടോബർ 10നാണ് വേട്ടയ്യൻ തിയറ്ററുകളിൽ റിലീസ് ചെയ്യുക. ഇതിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത 'മനസിലായോ' ഗാനം ട്രെന്റിങ്ങിൽ ഇടം പിടിച്ചു കഴിഞ്ഞു. ഫെസ്റ്റിവൽ മോഡിൽ അനിരുദ്ധ് അണിയിച്ചൊരുക്കിയ ഗാനരംഗത്ത് തകർത്താടുന്ന മഞ്ജു വാര്യരെ മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തു. മികച്ചൊരു കോമ്പോ ആകും രജനികാന്ത്- മഞ്ജു വാര്യർ എന്നതെന്നാണ് ഏവരും പറയുന്നത്.
"നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയ അസുരനും തുനിവിനും ശേഷം മഞ്ജു വാര്യരുടെ മൂന്നാമത്തെ തമിഴ് ചിത്രം അതും തലൈവർക്കൊപ്പം. ഒരിക്കൽ നഷ്ടമായതെല്ലാം തിരിച്ചു വരവിൽ നേടിയെടുക്കുന്ന, സ്വപ്നങ്ങൾക്ക് പിറകെ ആത്മവിശ്വാസത്തോടെ ഒരു ചെറുപുഞ്ചിരിയിൽ എല്ലാം ഒതുക്കി മുന്നേറുന്ന മലയാളത്തിന്റെ മഞ്ജു വാര്യർ", എന്നാണ് ഒരു ആരാധകന്റെ കമന്റ്. "മഞ്ജുവാര്യർ ഇന്നും ഇങ്ങനെ തിളങ്ങി നിൽക്കുന്നു. കരിയറിൽ ഉയരങ്ങളിൽ നിൽകുമ്പോൾ വീട്ടമ്മയായി ഒതുങ്ങി. എന്നിട്ടും തിരിച്ചു സിനിമയിൽ എത്തി തമിഴ് സിനിമയിൽ കൂടി ഒരു സ്ഥാനം ഉറപ്പിക്കുന്നു. അതും ഈ പ്രായത്തിൽ. ജീവിതത്തിൽ തോറ്റു പോയ സ്ത്രീകൾക്ക് പൊരുതാൻ നിങ്ങൾ ഊർജമാണ്", എന്നാണ് മറ്റൊരു കമന്റ്. എന്തായാലും മനസിലായോ ഗാനവും മഞ്ജു വാര്യരെയും പ്രേക്ഷകർ ഏറ്റെടുത്തു എന്നത് ഉറപ്പാണ്.
ധനുഷ് നായകനായി എത്തിയ അസുരൻ ആയിരുന്നു മഞ്ജു വാര്യയുടെ ആദ്യ തമിഴ് സിനിമ. ചിത്രത്തിൽ ശക്തമായ സ്ത്രീ കഥാപാത്രത്തെ ആയിരുന്നു മഞ്ജു അവതരിപ്പിച്ചത്. ഇത് പ്രേക്ഷക- നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. നൂറ് കോടി ക്ലബ്ബിൽ ചിത്രം ഇടംപിടിച്ചുവെന്നാണ് റിപ്പോർട്ട്. ബിസിനസ് ഉൾപ്പടെയാണിത്. രണ്ടാം വരവ് അജിത്ത് ചിത്രം തുനിവിലൂടെ ആയിരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്ത ഈ ചിത്രം 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു.
വേട്ടയ്യന് പുറമെ മഞ്ജു വാര്യരുടേതായി വരാനിക്കുന്ന തമിഴ് സിനിമ വിടുതലൈ 2 ആണ്. വിജയ് സേതുപതിയുടെ നായികയായിട്ടാണ് നടി വേഷമിടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു. വെട്രിമാരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
'ലാലേട്ടന്റെ പിള്ളേർ' കാണാൻ കാത്തിരുന്നത്; പുതിയ പടത്തിൽ ആ ലുക്കിൽ മോഹൻലാൽ ! ചർച്ചകൾ ഇങ്ങനെ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ