മാസ്റ്റര്‍, ദൃശ്യം 2, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍; ഐഎംഡിബി ഇന്ത്യന്‍ പോപ്പുലര്‍ ലിസ്റ്റില്‍

By Web TeamFirst Published Jun 12, 2021, 3:23 PM IST
Highlights

2021 അതിന്‍റെ ആദ്യ പകുതി പിന്നിടാന്‍ രണ്ടാഴ്ചകള്‍ മാത്രം അവശേഷിക്കെയാണ് ലിസ്റ്റ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. വിവിധ ഭാഷകളില്‍ നിന്നായി ഏഴ് സിനിമകളും മൂന്ന് വെബ് സിരീസുകളുമാണ് ലിസ്റ്റില്‍

സിനിമാമേഖല ഏറെക്കുറെ നിശ്ചലമാണ് കഴിഞ്ഞ വര്‍ഷത്തേതുപോലെ ഈ വര്‍ഷവും. അതേസമയം ലോകമാകെ വിനോദവ്യവസായത്തെ അല്‍പ്പമെങ്കിലും ചലിപ്പിക്കുന്നത് ഓവര്‍ ദി ടോപ്പ് (ഒടിടി) പ്ലാറ്റ്ഫോമുകളാണ്. തിയറ്റര്‍ റിലീസ് നഷ്ടപ്പെട്ട പല ചിത്രങ്ങളും ഒടിടിയിലൂടെയാണ് പ്രേക്ഷകര്‍ കണ്ടത്. ഇപ്പോഴിതാ ലോകസിനിമകളുടെയും പരമ്പരകളുടെയും പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബിയുടെ ഈ വര്‍ഷത്തെ 'മോസ്റ്റ് പോപ്പുലര്‍ ഇന്ത്യന്‍' ചിത്രങ്ങളുടെയും പരമ്പരകളുടെയും ലിസ്റ്റ് സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.

2021 അതിന്‍റെ ആദ്യ പകുതി പിന്നിടാന്‍ രണ്ടാഴ്ചകള്‍ മാത്രം അവശേഷിക്കെയാണ് ലിസ്റ്റ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. വിവിധ ഭാഷകളില്‍ നിന്നായി ഏഴ് സിനിമകളും മൂന്ന് വെബ് സിരീസുകളുമാണ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്നത്. മലയാളത്തില്‍ നിന്ന് രണ്ട് സിനിമകളും ലിസ്റ്റില്‍ ഉണ്ട്. ജീത്തു ജോസഫ്-മോഹന്‍ലാല്‍ ടീമിന്‍റെ 'ദൃശ്യം 2', നിമിഷ സജയനും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന വേഷങ്ങളിലെത്തിയ ജിയോ ബേബിയുടെ ഒടിടി ഹിറ്റ് 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണു'മാണ് അവ. 

തമിഴില്‍ നിന്ന് വിജയ് ചിത്രം മാസ്റ്റര്‍, ധനുഷിന്‍റെ കര്‍ണ്ണന്‍, ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ തമിഴ് ക്രൈം ത്രില്ലര്‍ സിരീസ് ആയ നവംബര്‍ സ്റ്റോറി എന്നിവയും ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. തെലുങ്കില്‍ നിന്ന് പവന്‍ കല്യാണിന്‍റെ വക്കീല്‍ സാബും രവി തേജയുടെ ക്രാക്കും. രണ്ട് സിരീസുകളും ഒരു സിിനമയുമാണ് ഹിന്ദിയില്‍ നിന്ന് ലിസ്റ്റില്‍ ഇടംനേടിയത്. ദി വൈറല്‍ ഫീവര്‍ യുട്യൂബ് ചാനലിലൂടെ തരംഗം തീര്‍ത്ത ആസ്‍പിരന്‍റ്സ്, സോണി ലൈവിന്‍റെ ഡ്രാമ സിരീസ് ആയ മഹാറാണി എന്നിവയാണ് വെബ് സിരീസുകള്‍. ഒപ്പം നെറ്റ്ഫ്ളിക്സിലൂടെ എത്തിയ പ്രിയങ്ക ചോപ്ര ചിത്രം ദി വൈറ്റ് ടെഗറും. ജനപ്രീതിയില്‍ ഒന്നാം സ്ഥാനത്ത് തമിഴ് ചിത്രം മാസ്റ്റര്‍ ആണ്. നാലാമത് ദൃശ്യം 2ഉും. 

ഐഎംഡിബി 2021ലെ ജനപ്രിയ ഇന്ത്യന്‍ ലിസ്റ്റ്

1. മാസ്റ്റര്‍

2. ആസ്‍പിരന്‍റ്സ്

3. ദി വൈറ്റ് ടൈഗര്‍

4. ദൃശ്യം 2

5. നവംബര്‍ സ്റ്റോറി

6. കര്‍ണ്ണന്‍

7. വക്കീല്‍ സാബ്

8. മഹാറാണി

9. ക്രാക്ക്

10. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!