
പാചക വാതകത്തിന്റെ ലഭ്യമില്ലായ്മയിൽ നട്ടം തിരിയുകയാണ് കേരളവും. ആഹാരം പാകം ചെയ്യാൻ വേണ്ട ഗ്യാസില്ലാത്തതിനാൽ പല ഹോട്ടലുകളും അടഞ്ഞു കിടക്കുകയാണ്. വീടുകളിലെ അവസ്ഥയും ഏറെക്കുറേ ഇത് തന്നെയാണ്. തതവസരത്തിൽ ആശങ്കകൾ പ്രകടിപ്പിച്ച് നിരവധി പേർ രംഗത്ത് എത്തുന്നുണ്ട്. ഇക്കൂട്ടത്തില്‍ നടനും സംവിധായകനുമായ എംബി പത്മകുമാർ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. എവിടെയോ കിടക്കുന്ന ഇറാനും ഇസ്രായേലും തമ്മിൽ മിസൈലുകൾ പായിക്കുമ്പോൾ, അതിന്റെ പ്രകമ്പനം വന്ന് കൊള്ളുന്നത് നമ്മുടെ അടുക്കളയിലെ ഗ്യാസ് കുറ്റിയിലാണെന്ന് പത്മകുമാർ പറയുന്നു.
“ഗ്യാസ് കിട്ടാനില്ല..അതുകൊണ്ട് പുകമണം സഹിക്കണമെന്ന് വീട്ടമ്മയായ ഞാൻ അപേക്ഷിക്കുന്നു..” ഞാനും ചിത്രയും, മക്കളായ അഭിരാമിയും സത്യയും, പിന്നെ വാട്സാപ്പ് അക്കൗണ്ട് ഇല്ലെങ്കിലും ഞങ്ങളുടെ ഉള്ളിൽ എപ്പോഴുമുള്ള ഡ്യൂക്കും അടങ്ങുന്ന ആ കൊച്ചു ഫാമിലി ഗ്രൂപ്പിലേക്ക് ഇന്നലെ രാവിലെ വീണത് ഒരു 'വാണിംഗ് സൈറൺ' ആയിരുന്നു. അഭിരാമിയുടെ ചിരി ഇമോജിയിലും, സത്യയുടെ നിർവികാരമായ ഒരു 'Okay'-യിലും ആ മറുപടി ഒതുങ്ങി. പക്ഷേ, അതൊരു വലിയ താക്കീതാണെന്ന് എനിക്കറിയാമായിരുന്നു. കാരണം, വീടുപണിയുമ്പോൾ തന്നെ 'ഒരിക്കലും വിറകടുപ്പ് കത്തിക്കാൻ എന്നെ നിർബന്ധിക്കരുത്, പുക എനിക്ക് വെറുപ്പാണ്' എന്ന് വ്യവസ്ഥ വെച്ച ചിത്രയാണ് ആ നിൽക്കുന്നത്. വീടുപണി കഴിഞ്ഞു ബാക്കിവന്ന ഒരു തടിക്കഷ്ണം, അന്നത്തെ അന്നത്തിനായി അടുപ്പിലേക്ക് ആത്മത്യാഗം ചെയ്യുന്ന കാഴ്ച.
എവിടെയോ കിടക്കുന്ന ഇറാനും ഇസ്രായേലും തമ്മിൽ മിസൈലുകൾ പായിക്കുമ്പോൾ, അതിന്റെ പ്രകമ്പനം വന്ന് കൊള്ളുന്നത് നമ്മുടെ അടുക്കളയിലെ ഗ്യാസ് കുറ്റിയിലാണ്. ഇന്റർനെറ്റും സ്വിഗ്ഗിയും ഇല്ലെങ്കിൽ പട്ടിണിയാകുന്ന മനുഷ്യന്റെ ആഡംബര അലസതകൾക്ക് പ്രകൃതി നൽകുന്ന ചെറിയൊരു കൊട്ടാണിത്. ഞാൻ ചിത്ര കേൾക്കാതെ മക്കളോട് പറഞ്ഞു: "ഇത് ദൈവം നമുക്ക് തരുന്ന ചില അവസരങ്ങളാണ്."
സയൻസ് പുസ്തകത്തിൽ ഓക്സിജനും ഹൈഡ്രജനും ചേർന്നാൽ വെള്ളമുണ്ടാകുമെന്ന് കാണാതെ പഠിച്ചതുകൊണ്ട് മാത്രം നമ്മുടെ ദാഹം മാറില്ല. അക്ഷരങ്ങളിൽ നിന്ന് തീപ്പൊരി പെറുക്കിയെടുക്കാനും കഴിയില്ല. പ്രതിസന്ധി ഘട്ടത്തിൽ, പറമ്പിൽ കിടക്കുന്ന വിറക് പെറുക്കി അടുപ്പിലിട്ട് കത്തിക്കാനും, ആ തീയുടെ മുകളിൽ വെച്ച പാത്രത്തിൽ അന്നം വേവിക്കാനും ഒരു മനുഷ്യന് കഴിയുന്നിടത്താണ് യഥാർത്ഥ വിദ്യാഭ്യാസം തുടങ്ങുന്നത്. ഇതാണ് 'സ്വയംപര്യാപ്തത'.
സാങ്കേതികതയും ആധുനികതയും വേണ്ടെന്നല്ല. പക്ഷേ, അതൊക്കെ ഒരു സുപ്രഭാതത്തിൽ ഇല്ലാതായാൽ, അടിയന്തര ഘട്ടത്തിൽ ജീവൻ നിലനിർത്താനുള്ള ഒരു കച്ചിത്തുരുമ്പെങ്കിലും നമ്മുടെ കൈയ്യിൽ വേണം. ഇന്നത്തെ തലമുറയ്ക്ക് ബർഗറും പിസ്തയും കഴിക്കാം, പക്ഷേ അത് പാചകം ചെയ്യുന്ന ഇന്ധനം എവിടെനിന്ന് വരുന്നു എന്ന് അവർ അറിഞ്ഞിരിക്കണം. ഗ്രാമങ്ങളെ നഗരങ്ങളാക്കി കോൺക്രീറ്റ് കാടുകൾ പണിയുകയല്ല; ഗ്രാമങ്ങളുടെ ആ ജീവൽസ്പർശം നിലനിർത്തി, ഏതു പ്രതിസന്ധിയിലും പൊരുതാൻ പുതിയ തലമുറയ്ക്ക് അതിജീവനത്തിന്റെ പാഠങ്ങൾ പകർന്നു നൽകുകയാണ് വേണ്ടത്.
എന്തായാലും, ഒരു കോവിഡോ സാമ്പത്തിക മാന്ദ്യമോ യുദ്ധമോ ഞങ്ങളുടെ കുടുംബത്തെ അത്രമേൽ ബാധിക്കില്ല. ഏതു സാഹചര്യത്തോടും പൊരുത്തപ്പെടാനുള്ള പാഠങ്ങൾ പുസ്തകങ്ങൾക്കപ്പുറം ഞങ്ങൾ സ്വായത്തമാക്കിയിട്ടുണ്ട്. ഇനി എന്റെ ജോലികൾക്കിടയിൽ കുറച്ചു സമയം പറമ്പിലേക്ക് ഇറങ്ങണം. ഒരാഴ്ചത്തേക്കുള്ള വിറക് ഒടിച്ചുകൊണ്ടുവന്ന് വെക്കണം. ഗ്യാസ് ഇല്ലെങ്കിൽ വിറക്. പുക വെറുപ്പാണെന്ന് പറഞ്ഞവൾ അതേ പുകയൂതി അന്നം വേവിക്കുമ്പോൾ, അവിടെ എരിയുന്നത് കേവലം വിറകല്ല; തോറ്റുകൊടുക്കാൻ തയ്യാറല്ലാത്ത മനുഷ്യന്റെ അതിജീവനമാണ്. നല്ലതു വരട്ടെ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ