
കോഴിക്കോട്: നാദാപുരം വളയത്ത് മിമിക്രി കലാകാരനും ഓട്ടോഡ്രൈവറുമായ യുവാവ് ജീവിതം മടുത്തെന്ന് കത്ത് എഴുതിവച്ച ശേഷം ജീവനൊടുക്കി. വളയം വാര്യയംകണ്ടി സി പി ഷാജിയാണ് (41) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവിതം മടുത്തെന്ന് എഴുതിയ കത്ത് അയൽവാസിക്ക് ലഭിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചലിലാണ് വീട്ടുപറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പരേതനായ കേളപ്പന്റെയും ജാനുവിന്റെയും മകനാണ്. വളയം പൊലീസ് സ്ഥലത്തെത്തി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത സീരിയൽ - സിനിമ താരം അപർണ നായരുടെ ആത്മഹത്യയെ തുടര്‍ന്ന് ഉയർന്ന ആരോപണങ്ങൾ തള്ളി ഭർത്താവ് സഞ്ജിത് രംഗത്തെത്തി എന്നതാണ്. കുടുംബ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും വ്യാഴാഴ്ച രണ്ട് പേരും ഒരുമിച്ച് ക്ഷേത്ര ദർശനം കഴിഞ്ഞ് എത്തിയതാണെന്നുമാണ് അപർണ നായരുടെ ഭർത്താവ് പറഞ്ഞത്. ലൊക്കേഷനിൽ ഉൾപ്പെടെ ഒരുമിച്ചാണ് പോയിരുന്നത്. എന്തു കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നറിയില്ലെന്നും സഞ്ജിത് പറഞ്ഞു. സംഭവം നടക്കുമ്പോൾ പുറത്തായിരുന്നു. അപർണയുടെ അമ്മ വിളിച്ചു പറഞ്ഞ ഉടനെ വീട്ടിൽ മടങ്ങിയെത്തിയെന്നും സഞ്ജിത് വിവരിച്ചു. അതേസമയം അപർണ നായരുടെ ആത്മഹത്യ, ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയും മൂലമെന്നാണ് പൊലീസ് എഫ് ഐ ആറിൽ പറയുന്നത്. സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരമന പൊലീസ് എഫ് ഐ ആര്‍ രേഖപ്പെടുത്തിയത്. വ്യാഴാഴ്ചയാണ് തിരുവനന്തപുരം കരമനയിലെ വീട്ടിനുള്ളിൽ അപർണയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോള്‍ ചെയ്ത് ഭർത്താവുമായുള്ള തർക്കത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി.
സീരിയൽ നടി അപർണ നായരുടെ ആത്മഹത്യ; ആരോപണങ്ങൾ തള്ളി ഭർത്താവ്