ചികിത്സാ സഹായം കെപിഎസി ലളിതയുടെ അപേക്ഷ പ്രകാരം: മന്ത്രി അബ്‍ദുറഹ്മാന്‍

By Web TeamFirst Published Nov 18, 2021, 8:00 PM IST
Highlights

കലാകാരന്മാരെ കൈയൊഴിയാനാവില്ലെന്ന് മന്ത്രി

തിരുവനന്തപുരം: മുതിര്‍ന്ന നടി കെപിഎസി ലളിതയ്ക്ക് (KPAC Lalitha) സര്‍ക്കാര്‍ നല്‍കിയ ചികിത്സാ സഹായം വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി വി അബ്‍ദുറഹ്മാന്‍. ലളിതയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും അവരുടെ അപേക്ഷപ്രകാരമാണ് സഹായം നല്‍കിയതെന്നും മന്ത്രി പറഞ്ഞു. "കെപിഎസി ലളിത നടിയാണ്. കലാകാരന്മാരെ കൈയൊഴിയാനാവില്ല", അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണുമാണ് ലളിത.

കെപിഎസി ലളിതയുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച്  മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അവരെ ആദ്യം പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കെപിഎസി ലളിതയുടെ മകനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്‍ നേരത്തെ സമൂഹമാധ്യത്തിലൂടെ അറിയിച്ചിരുന്നു. പ്രചരിക്കുന്ന വാര്‍ത്തകള്‍ പോലെ അതിഭയാനകമായ സാഹചര്യമില്ലെന്നും നിലവില്‍ അമ്മ സുഖമായിരിക്കുന്നുവെന്നുമാണ് ദിവസങ്ങള്‍ക്കു മുന്‍പ് സിദ്ധാര്‍ഥ് അറിയിച്ചത്. കെപിഎസി ലളിതയെ ആശുപത്രിയിലേക്ക് മാറ്റിയതിന്‍റെ പിറ്റേദിവസമായിരുന്നു സിദ്ധാര്‍ഥിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

ആരോഗ്യപ്രശ്‍നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അഭിനയരംഗത്ത് സജീവമായി തുടരുകയായിരുന്നു കെപിഎസി ലളിത. ടെലിവിഷന്‍ സീരിയലുകളിലടക്കം അഭിനയിക്കുന്നുണ്ടായിരുന്നു. 

click me!