
അടുത്തകാലത്ത് തുടർച്ചയായി ഇന്റസ്ട്രി ഹിറ്റ് സമ്മാനിച്ച് മുന്നോട്ട് പോകുകയാണ് നടൻ മോഹൻലാൽ. ഈ വിജയത്തുടർച്ചയ്ക്കായി മോഹൻലാൽ വീണ്ടും എത്തുകയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവം ആണ് ആ ചിത്രം. ഒരിടവേളയ്ക്ക് ശേഷം ഹിറ്റ് നടനും സംവിധായകനും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ഏവരും. ഈ അവസരത്തിൽ റിലീസിന് മുൻപെ പുതിയ റെക്കോർഡ് ഇട്ടിരിക്കുകയാണ് ഹൃദയപൂർവ്വം.
ഐഎംഡിബി പട്ടികയിലാണ് ഹൃദയപൂർവം ഇടംപിടിച്ചിരിക്കുന്നത്. ജൂലൈ മുതൽ ഡിസംബർ വരെയുള്ള റിലീസുകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയാണിത്. പത്ത് സിനിമകളാണ് ലിസ്റ്റിലുള്ളത്. ഇതിലെ ഒരേയൊരു മലയാള പടമാണ് ഹൃദയപൂർവം എന്നത് ഏറെ ശ്രദ്ധേയമാണ്. ലിസ്റ്റിൽ എട്ടാം സ്ഥാനത്താണ് മോഹൻലാൽ ചിത്രം. ഹോംബാലേ ഫിലിംസിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മഹാവതാർ നരസിംഹയെ പിന്തള്ളിയാണ് ഹൃദയപൂർവ്വം ഈ നേട്ടം കൊയ്തിരിക്കുന്നത്.
പട്ടികയിൽ ഒന്നാമതുള്ളത് രജനികാന്ത് ചിത്രം കൂലി ആണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 14ന് തിയറ്ററുകളിൽ എത്തും. രണ്ടാം ചിത്രം വാർ 2 ആണ്. ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും ഒന്നിക്കുന്ന ചിത്രവും ഓഗസ്റ്റ് 14ന് തിയറ്ററുകളിൽ എത്തും. പ്രഭാസ് നായകനായി എത്തുന്ന ഹൊറർ ത്രില്ലർ രാജാ സാബ് ആണ് പട്ടികയിൽ മൂന്നാമതുള്ളത്. ഡിസംബറിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം.
ആൻഖോൺ കി ഗുസ്താഖിയാൻ ആണ് നാലാം സ്ഥാനത്തുള്ളത്. ഹിന്ദി റൊമാന്റിക് ചിത്രമാണിത്. സന്തോഷ് സിംഗ് സംവിധാനം ചെയ്‌ത ചിത്രത്തിൽ വിക്രാന്ത് മാസി, ഷനായ കപൂർ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ജൂലൈ 11ന് ചിത്രം റിലീസ് ചെയ്യും. ജൂലൈ 18ന് റിലീസ് ചെയ്യുന്ന സായാര എന്ന ഹിന്ദി പടമാണ് അഞ്ചാം സ്ഥാനത്ത്. ടൈഗർ ഫ്റോഫിന്റെ ബാഗി 4 ആറാം സ്ഥാനത്തും സൺ ഓഫ് സർദാർ 2 ഏഴാം സ്ഥാനത്തുമാണ്. എട്ടാം സ്ഥാനം മോഹൻലാലിന്റെ ഹൃദയപൂർവം കയ്യടക്കിയപ്പോൾ മഹാവതാർ നരസിംഹ ഒൻപതാം സ്ഥാനത്തും ആലിയ ഭട്ട് ചിത്രം അൽഫ പത്താം സ്ഥാനവും നേടി.