പുതിയ പ്രോജക്ടുകളിലേക്ക് ഉടനില്ല; മോഹന്‍ലാലിന് മുന്നില്‍ 'ബറോസും' 'ബിഗ് ബോസും'

By Web TeamFirst Published Feb 13, 2021, 4:10 PM IST
Highlights

2019 ഏപ്രിലില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച 'ബറോസ്' മോഹന്‍ലാലിന്‍റെ സ്വപ്ന പ്രോജക്ട് ആണ്. പോയവര്‍ഷം ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന ചിത്രം കൊവിഡ് കാരണം നീട്ടിവെക്കുകയായിരുന്നു

ബി ഉണ്ണികൃഷ്ണന്‍ ചിത്രം 'ആറാട്ടി'ലെ തന്‍റെ ഭാഗം കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ പൂര്‍ത്തിയാക്കിയത്. കരിയറിലെ ഏറ്റവും മുടക്കുമുതലുള്ള ചിത്രവും (മരക്കാര്‍) ഏറ്റവും കൗതുകമുണര്‍ത്തുന്ന രണ്ടാംഭാഗവും (ദൃശ്യം 2) റിലീസ് കാത്തിരിക്കുമ്പോള്‍ പുതിയ സിനിമകള്‍ കമ്മിറ്റ് ചെയ്യുന്നതില്‍ നിന്ന് മോഹന്‍ലാല്‍ ഒരു ബ്രേക്ക് എടുക്കുകയാണ്. ആ ഇടവേളയില്‍ പൂര്‍ത്തിയാക്കാനായി മുന്നിലുള്ളത് ആദ്യ സംവിധാന സംരംഭമായ 'ബറോസ്സും' അവതാരകന്‍ എന്ന നിലയില്‍ ജനപ്രിയ റിയാലിറ്റി ഷോ ആയ 'ബിഗ് ബോസു'മാണ്.

2019 ഏപ്രിലില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച 'ബറോസ്' മോഹന്‍ലാലിന്‍റെ സ്വപ്ന പ്രോജക്ട് ആണ്. പോയവര്‍ഷം ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന ചിത്രം കൊവിഡ് കാരണം നീട്ടിവെക്കുകയായിരുന്നു. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നേരത്തേ ആരംഭിച്ചിരുന്ന ബറോസിന്‍റെ ചിത്രീകരണത്തിനു മുന്‍പുള്ള അവസാനവട്ട ജോലികളിലേക്ക് കടന്നിരിക്കുകയാണ് മോഹന്‍ലാലും ടീമും. ചെന്നൈയിലാണ് ഇത്. ബറോസിന്‍റെ ഗോവയിലെ ആദ്യ ഷെഡ്യൂള്‍ മാര്‍ച്ച് അവസാനമോ ഏപ്രില്‍ തുടക്കത്തിലോ ആരംഭിക്കും. സംവിധാനത്തിനൊപ്പം ടൈറ്റില്‍ കഥാപാത്രമായ 'ഭൂത'ത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്.

 

എന്നാല്‍ ആദ്യ സംവിധാന സംരംഭത്തിന്‍റെ തിരക്കുപിടിച്ച ജോലികള്‍ക്കൊപ്പമാണ് മോഹന്‍ലാലിന് 'ബിഗ് ബോസി'ന്‍റെ അവതാരകനായും എത്തേണ്ടത്. മലയാളം സീസണ്‍ മൂന്നിന്‍റെ ഗ്രാന്‍ഡ് ഓപണിംഗ് എപ്പിസോഡ് ഞായറാഴ്ച വൈകിട്ട് ഏഴ് മണിക്ക് ഏഷ്യാനെറ്റിലാണ്. മുന്നോട്ട് 100 ദിവസം നീളുന്ന ഷോയില്‍ രണ്ട് വാരാന്ത്യ എപ്പിസോഡുകളിലാണ് അവതാരകനായ മോഹന്‍ലാലിന് എത്തേണ്ടത്. ബിഗ് ബോസ് ചിത്രീകരണവും ചെന്നൈയിലാണ് എന്നത് മോഹന്‍ലാലിന് നിലവില്‍ സൗകര്യപ്രദമാണ്.

മരക്കാരും ദൃശ്യം 2ഉും കൂടാതെ ജീത്തു ജോസഫിന്‍റെ തന്നെ 'റാ'മും മോഹന്‍ലാലിന് പൂര്‍ത്തിയാക്കാനുള്ള ചിത്രമാണ്. ചിത്രത്തിന്‍റെ ഇന്ത്യന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാനിരിക്കെയായിരുന്നു കൊവിഡ് വ്യാപനം. കുറച്ചു ദിവസങ്ങള്‍ ആവശ്യമുള്ള ഇന്ത്യന്‍ ഷെഡ്യൂളിനു ശേഷം ലണ്ടന്‍, ഉസ്ബെക്കിസ്ഥാന്‍ ഷെഡ്യൂളുകളും മുന്‍പ് പ്ലാന്‍ ചെയ്തിരുന്നതാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ചിത്രം എന്ന് പുനരാരംഭിക്കാനാവുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. 

 

അതേസമയം മോഹന്‍ലാലിന്‍റേതായി പ്രഖ്യാപിക്കപ്പെട്ട മറ്റൊരു ചിത്രം 'അമ്മ'യുടെ നിര്‍മ്മാണത്തിലെത്തുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ്. താരസംഘടനയുടെ കൊച്ചിയിലെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ട ദിവസം പ്രഖ്യാപിക്കപ്പെട്ട ഈ ചിത്രത്തിന്‍റെ രചന ടി കെ രാജീവ് കുമാറിന്‍റേതാണ്. സംവിധാനം പ്രിയദര്‍ശനും രാജീവ് കുമാറും ചേര്‍ന്ന്. എന്നാല്‍ ഇതിന്‍റെ ചിത്രീകരണം എപ്പോഴെന്നത് തീരുമാനിച്ചിട്ടില്ല. 

click me!