'മാസ്റ്റര്‍' നേടിയ വിജയം; ഒടിടി റിലീസ് ഒഴിവാക്കി കൂടുതല്‍ തമിഴ് ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക്

By Web TeamFirst Published Jan 24, 2021, 5:08 PM IST
Highlights

മാസങ്ങളോളം തിയറ്ററില്‍ പോയുള്ള സിനിമകാണല്‍ ഒഴിവാക്കിയിട്ടുള്ള പ്രേക്ഷകര്‍ വീണ്ടും അവിടേയ്ക്ക് എത്തുമോ എന്ന സംശയം സിനിമാവ്യവസായത്തിന് ഉണ്ടായിരുന്നു. എന്നാല്‍ ആ സംശയങ്ങളെല്ലാം അകറ്റുന്നതായി തമിഴ് ചിത്രം 'മാസ്റ്റര്‍' നേടിയ തിയറ്റര്‍ പ്രതികരണം. 

തിയറ്റര്‍ അടഞ്ഞുകിടന്ന പത്ത് മാസത്തോളം കാലം ചില നിര്‍മ്മാതാക്കള്‍ക്ക് തുണയായത് ഒടിടി പ്ലാറ്റ്ഫോമുകള്‍ ആയിരുന്നു. തിയറ്റര്‍ ഉടമകള്‍ തുടക്കത്തില്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നെങ്കിലും തമിഴിലും ഹിന്ദിയിലും മലയാളത്തിലുമടക്കം ചില ചിത്രങ്ങള്‍ നേരിട്ട് ഒടിടി പ്ലാറ്റ്ഫോമുകള്‍ വഴി റിലീസ് ചെയ്തു. അവയില്‍ പലതും വലിയ പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തു. അതേസമയം എല്ലാ ചിത്രങ്ങളെ സംബന്ധിച്ചും ഒടിടി ബിസിനസ് ലാഭകരമാവില്ലെന്നും ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് തിയറ്റര്‍ റിലീസിനെ അവഗണിക്കാനാവില്ലെന്നും സിനിമാവ്യവസായത്തിന് അറിയാമായിരുന്നു. പക്ഷേ മാസങ്ങളോളം തിയറ്ററില്‍ പോയുള്ള സിനിമകാണല്‍ ഒഴിവാക്കിയിട്ടുള്ള പ്രേക്ഷകര്‍ വീണ്ടും അവിടേയ്ക്ക് എത്തുമോ എന്ന സംശയം സിനിമാവ്യവസായത്തിന് ഉണ്ടായിരുന്നു. എന്നാല്‍ ആ സംശയങ്ങളെല്ലാം അകറ്റുന്നതായി തമിഴ് ചിത്രം 'മാസ്റ്റര്‍' നേടിയ തിയറ്റര്‍ പ്രതികരണം. 

9 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ 200 കോടി നേടിയെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചിത്രം തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് നേടിയത്. 50 ശതമാനം പ്രവേശനം എന്ന കൊവിഡ് മാനദണ്ഡത്തിനിടയിലും കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ചിത്രം വിതരണക്കാര്‍ക്ക് ലാഭമുണ്ടാക്കിക്കൊടുത്തെന്നാണ് കരുതപ്പെടുന്നത്. 'മാസ്റ്റര്‍' നേടിയ വിജയം തമിഴിലും ഹിന്ദിയിലുമൊക്കെ പുതിയ റിലീസുകള്‍ക്ക് കളമൊരുക്കിയിരിക്കുകയാണ്. ഡയറക്ട് ഒടിടി റിലീസിനെക്കുറിച്ച് ആലോചിച്ചിരുന്ന പല ചിത്രങ്ങളുടെ നിര്‍മ്മാതാക്കളും ഇപ്പോള്‍ തിയറ്റര്‍ റിലീസിലേക്ക് തിരിയുകയാണെന്നാണ് കോളിവുഡില്‍ നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ട്. വിശാലിന്‍റെയും കാര്‍ത്തിയുടെയും രണ്ട് പ്രധാന ചിത്രങ്ങള്‍ തിയറ്റര്‍ റിലീസ് ആയിരിക്കുമെന്നതാണ് അവിടെനിന്നുള്ള ഏറ്റവും പുതിയ വിവരം.

confirm as Feb-12 theatrical release.. pic.twitter.com/M2uqsmIF57

— Naganathan (@Nn84Naganatha)

ഒടിടി റിലീസിനെക്കുറിച്ച് ആലോചിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിശാലിന്‍റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'ചക്ര' തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഫെബ്രുവരി 12ന് ചിത്രം തിയറ്ററുകളിലെത്തും. ബാക്യരാജ് കണ്ണന്‍റെ സംവിധാനത്തില്‍ കാര്‍ത്തി നായകനാവുന്ന 'സുല്‍ത്താനും' തിയറ്ററുകളില്‍ത്തന്നെ റിലീസ് ചെയ്യുമെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. ഏപ്രില്‍ 12 ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിലീസ് തീയതി. അതേസമയം ബോളിവുഡിലും കൊവിഡ് അനന്തരമുള്ള ആദ്യ ബിഗ് റിലീസ് തിയറ്ററുകളിലേക്ക് എത്തുകയാണ്. അക്ഷയ് കുമാര്‍ നായകനാവുന്ന ഫര്‍ഹാദ് സാംജി ചിത്രം 'ബച്ചന്‍ പാണ്ഡേ' ആണ് കൊവിഡിന് ശേഷമുള്ള ബോളിവുഡിന്‍റെ ആദ്യ ബിഗ് തിയറ്റര്‍ റിലീസ്. റിപബ്ലിക് ദിനത്തില്‍ ചിത്രം തിയറ്ററുകളിലെത്തും. 

click me!